Kerala
ഇ ഡിയുടെ വാഹനം ആക്രമിച്ച സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു
തിരുവനന്തപുരം | തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ ഏഴ് പേരാണ് മണിക്കൂറുകള്‍ക്ക് ശേഷം അറസ്റ്റിലാകുന്നത്.
അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പൊലീസ് നേതാക്കള്‍ക്ക് കൈമാറി.
ഉദ്യോഗസ്ഥര്‍ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് ഇന്ന് നടന്നത്.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍നിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളഞ്ഞു. എന്നാല്‍ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാനാകില്ലെന്ന് സിപിഎം നേതാക്കള്‍ നിലപാടെടുത്തു
ഇതിനിടെ കണ്ണൂരിലെ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. ഇതോടെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായിട്ടുണ്ട്







