Kerala
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍
എറണാകുളം മരടില്‍വച്ച് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
ഓയൂര്‍| ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയകേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയില്‍ ബിജു ബാലന്‍ (52), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ്ചെയ്തത്. ഓയൂര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാള്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം നല്‍കി 10.5 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
എറണാകുളം മരടില്‍വച്ച് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ വിവാഹ വാഗ്ദാനം നല്‍കി 15 ലക്ഷം തട്ടിയതിനും കായംകുളം സ്റ്റേഷന്‍ പരിധിയില്‍ ബിസിനസ് വാഗ്ദാനംചെയ്ത് 20 ലക്ഷം തട്ടിയതിനും കണ്ണൂര്‍ പഴയങ്ങാടി സ്റ്റേഷനില്‍ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതിനും ചവറയില്‍ ഒരാളുടെ 13 ലക്ഷം രൂപ തട്ടിയെടുത്തതിനും എറണാകുളത്ത് വാഹനം തട്ടിയെടുത്ത് മറിച്ചുവിറ്റതിനും കോഴിക്കോട് വിസ വാഗ്ദാനംചെയ്ത് 85 ലക്ഷം തട്ടിയെടുത്തുമടക്കം നിരവധി കേസുകളുണ്ട്.





