International
കുവൈത്തില്‍ വ്യാപക മിസൈല്‍, ഡ്രോണ്‍ ആക്രമണം; ശുവൈഖ് എണ്ണ മേഖല സമുച്ചയത്തില്‍ തീപിടിത്തം
ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഔദ്യോഗിക വിവരം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വ്യാപക മിസൈല്‍, ഡ്രോണ്‍ ആക്രമണം. ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് ആക്രമണം നടന്നത്. നിരവധി മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് സിറ്റിയിലെ മിര്‍ഗാബ് മന്ത്രാലയ സമുച്ചയം, ശുവൈഖിലെ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സമുച്ചയം, രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ജലശുദ്ധീകരണ ശാലകള്‍ എന്നിവക്കു നേരെയാണ് അതിശക്തമായ ആക്രമണമുണ്ടായത്. ശുവൈഖ് എണ്ണമേഖല സമുച്ചയത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് വന്‍ തീപിടിത്തമുണ്ടായി.
ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഔദ്യോഗിക വിവരം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് രണ്ട് വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും മന്ത്രാലയ സമുച്ചയത്തെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയതായും അധികൃതര്‍ അറിയിച്ചു.
രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുന്നത് തുടരുകയാണ്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൈറണ്‍ മുഴക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി, ജല സംവിധാനങ്ങളുടെ സ്ഥിരത ഉറപ്പാക്കാന്‍ അടിയന്തര പദ്ധതി പ്രകാരം സാങ്കേതിക സംഘങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും സേവനങ്ങള്‍ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് ഫാത്തിമ ജൗഹര്‍ ഹയാത്ത് അറിയിച്ചു.





