Connect with us

Kerala

141 ഗ്രാം സ്വര്‍ണവുമായി മുങ്ങി; ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികൾ പിടിയിൽ

76 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

Published

|

Last Updated

കാക്കനാട്| 141 ഗ്രാം സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസികമായി പിടികൂടി. തൃക്കാക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കാക്കനാട് സെസ്സിലെ ആമി എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 141 ഗ്രാം സ്വര്‍ണവുമായി പ്രതികള്‍ മുങ്ങിയത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രശാന്ത് സര്‍ക്കാര്‍ (47), റഫീക്കുള്‍ മുന്‍സി (40), രാഹുല്‍ പണ്ഡിറ്റ് (31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 76 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ വനമേഖലയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത് കേസില്‍ നിര്‍ണായകമാകുകയായിരുന്നു. ഡിഗിലിപൂരിലെ മധുപൂര്‍ മാര്‍ക്കറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പ്രശാന്തിനെ മിന്നല്‍ നീക്കത്തിലൂടെ പോലീസ് കീഴടക്കി. സൂറത്തിലെ ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച രണ്ടാം പ്രതിയായ റഫീക്കുള്‍ മുന്‍സി നഗോരിവാദിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ പിന്തുടര്‍ന്ന പോലീസ് സംഘം ഇയാളെയും പിടികൂടിയത്.

ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന റഫീക്കുളിന്റെ ഫോണ്‍ കോളുകളും ബാങ്ക് അക്കൗണ്ട് രേഖകളും ശാസ്ത്രീയമായി പരിശോധിച്ചാണ് സ്വര്‍ണം വിറ്റ കട കണ്ടെത്തിയത്. റഫീഖിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഒളിപ്പിച്ചുവെച്ച 25 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കൊല്‍ക്കത്തയിലെ കുപ്രസിദ്ധ ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന മൂന്നാം പ്രതി രാഹുലിനെ രാത്രിയുടെ മറവില്‍ കൂട്ടാളികള്‍ക്കിടയില്‍ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.

മുംബൈ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി 25 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. തൃക്കാക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി ബി അനസ്, എസ് സി പി ഒ ജോണ്‍ എബ്രഹാം, സി പി ഒ വിജു എന്നിവരടങ്ങുന്ന സംഘം നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

 

---- facebook comment plugin here -----

Latest