Connect with us

Articles

പോയകാലം മറക്കാം; സ്‌കൂളുകള്‍ സജീവമാകട്ടെ

വന്നും പോയുമിരിക്കുന്ന കൊവിഡ് ആക്രമണം കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും സ്വപ്നങ്ങളില്‍ നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ, അതെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കുട്ടികള്‍ പുതിയൊരു അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഈയവസരത്തില്‍ സജീവമായ ഒരു സ്‌കൂള്‍ കാലം ഉറപ്പാക്കാന്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചില കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

Published

|

Last Updated

കൊവിഡ് ഭീഷണി പൂര്‍ണമായും ഇല്ലാതായോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം പറയാനാകാത്ത അവസ്ഥയിലും കൊവിഡിനെ മനപ്പൂര്‍വം മറക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. പുതിയൊരു അധ്യയനവര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ കുട്ടികളുടെ മുഖത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വീട്ടിലിരുന്നു മടുത്തതിന്റെ ആലസ്യം നിറയെയുണ്ട്. വന്നും പോയുമിരിക്കുന്ന കൊവിഡ് ആക്രമണം കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും സ്വപ്നങ്ങളില്‍ നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ, അതെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കുട്ടികള്‍ പുതിയൊരു അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഈയവസരത്തില്‍ സജീവമായ ഒരു സ്‌കൂള്‍ കാലം ഉറപ്പാക്കാന്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചില കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ചില നിര്‍ണായകതീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.

സ്‌കൂള്‍ അധികൃതരും പി ടി എയും
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ സ്‌കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനുമായി മറ്റുള്ള സ്‌കൂളുകളുമായി ആരോഗ്യകരമായ മത്സരം തന്നെ പുറത്തെടുക്കുന്ന സ്‌കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളുമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. നല്ലതുതന്നെ; സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നത് തീര്‍ച്ചയായും കുട്ടികളുടെയും നിലവാരം ഉയര്‍ത്താന്‍ സഹായകമാകുക തന്നെ ചെയ്യും. എന്നാല്‍, അതിനുള്ള വഴികള്‍ എന്തായിരിക്കണമെന്ന് കൃത്യമായ ഒരു ദിശാബോധം ഉണ്ടായിരിക്കണം. നഷ്ടപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ കുട്ടികളുടെ നഷ്ടങ്ങള്‍ തന്നെയാണ്. എന്നുകരുതി ഈ വര്‍ഷം തുടക്കത്തില്‍ത്തന്നെ കുട്ടികളെ പഠനത്തിന്റെ സമ്മര്‍ദത്തിലേക്ക് തള്ളിയിടരുത്. ‘രണ്ട് വര്‍ഷത്തോളം വെറുതെ വീട്ടില്‍ ഇരുന്നില്ലേ, ഇനി പഠിച്ചുകൊള്ളൂ’ എന്നാവാം ചില അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ഉപദേശം. എന്നാല്‍ കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വന്നത് അവരുടെ പ്രശ്‌നമല്ലെന്നും അതിനാല്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍ക്കലിന്റെ അവസരത്തില്‍ അവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കണമെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാക്കിയേ മതിയാകൂ.

നഷ്ടപ്പെട്ടുപോയ കാലത്തിന്റെ നിരാശ കുട്ടികളില്‍ അമിതമായ പാഠഭാഗങ്ങള്‍ കുറഞ്ഞ സമയത്ത് കുത്തിനിറച്ചുനല്‍കി പരിഹരിക്കാമെന്ന് അധ്യാപകരും കരുതരുത്. അത് ഗുണത്തേക്കാളേറെ ദോഷകരമായേ ബാധിക്കുകയുള്ളൂ. അവര്‍ സ്‌കൂളുകളോട് ആദ്യം പൊരുത്തപ്പെടട്ടെ. മെല്ലെമെല്ലെ നമുക്കവരെ പഠനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാം.

കുട്ടികള്‍ ആസ്വദിച്ചു പഠിക്കട്ടെ
മറ്റെല്ലാ തൊഴിലുകളില്‍ നിന്നും അധ്യാപകവൃത്തിയുടെ പ്രത്യേകത എന്താണ്? മറ്റേതൊരു തൊഴില്‍ പോലെ തന്നെ മറ്റൊരു തൊഴില്‍ എന്നാണ് ഉത്തരമെങ്കില്‍ അതില്‍ ചില തെറ്റുകളുണ്ട്. മറ്റേതൊരു ജോലിയും പോലെയല്ല അധ്യാപകവൃത്തി. ഒരുപക്ഷേ മറ്റേതൊരു തൊഴില്‍ രംഗത്തേക്കാളും ഉപരിയായി സാമൂഹിക ഉത്തരവാദിത്വം പേറേണ്ട ഒരു തൊഴില്‍ മേഖല. കുട്ടികളെ, അവര്‍ അവരുടെ അഭിരുചിക്കനുസരിച്ച് ഏത് തൊഴില്‍ ചെയ്യണമെന്ന് തീരുമാനിക്കാന്‍ സജ്ജരാക്കുന്ന വിശാലമായ അര്‍ഥതലങ്ങളാണ് ആ തൊഴിലിനുള്ളത്.
സ്‌കൂളിലേക്ക് ഒരിടവേളക്കു ശേഷം കടന്നുവരുമ്പോള്‍ അവര്‍ക്ക് വിദ്യയെ എങ്ങനെ നല്‍കണമെന്ന് അധ്യാപകര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതിനായി അധ്യാപകര്‍ ആഴത്തില്‍ പഠനം നടത്തുക തന്നെ വേണം. കുട്ടികള്‍ക്ക് കളിയും ചിരിയുമായി പാഠങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം അധ്യാപകര്‍ സൃഷ്ടിക്കണം. മറ്റ് സ്‌കൂള്‍ അധികൃതരുമായും പി ടി എ ഭാരവാഹികളുമായും ഇക്കാര്യം തുറന്ന് ചര്‍ച്ച ചെയ്യുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എങ്കില്‍മാത്രമേ സ്‌കൂളുകളെ കുട്ടികള്‍ ഇഷ്ടപ്പെടുകയുള്ളൂ. കുട്ടികള്‍ സ്‌കൂളുകളെ ഇഷ്ടപ്പെടാത്തപക്ഷം നമ്മുടെ വിദ്യാഭ്യാസത്തിന് പോലും അര്‍ഥമുണ്ടാകുകയില്ല. കുട്ടികള്‍ ആസ്വദിച്ചു പഠിക്കട്ടെ. നമുക്കതിന് അവസരമൊരുക്കാം.

കൊവിഡ് സൃഷ്ടിച്ച അധ്യയന വിടവ്
കൊവിഡ് ഉണ്ടാക്കിവെച്ച അധ്യയനവിടവ് ഒരു യാഥാര്‍ഥ്യമാണ്. ആ വിടവ് നികത്തുക എന്നത് ശ്രമകരമായ കാര്യവും. പാഠങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്നതാകാം ഇക്കാര്യത്തില്‍ ഒട്ടുമിക്ക സ്‌കൂളുകളും സ്വീകരിക്കാന്‍ പോകുന്ന രീതി. എന്നാല്‍ പാഠങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് കുട്ടികളെ അതിനായി ഒരുക്കേണ്ടതുണ്ട്. മുമ്പ് കൃത്യമായി അധ്യയന വര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ ഉള്ള അവസ്ഥയല്ല നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളില്‍ പഠനത്തിന്റെ രീതികള്‍ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഈയവസരത്തില്‍ അവരെ പഠനത്തിന്റെ ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള മനഃശാസ്ത്രപരമായ നീക്കങ്ങള്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അവര്‍ ബി എഡ് പഠനകാലത്തു പഠിച്ച പെഡഗോഗിയും ചൈല്‍ഡ് സൈക്കോളജിയും പുറത്തെടുക്കേണ്ട സമയമാണിതെന്നര്‍ഥം. നമ്മുടെ അധ്യാപകര്‍ ഒട്ടും മോശക്കാരല്ല. അവര്‍ക്ക് വേണ്ടസമയത്ത് കുട്ടികള്‍ക്കായി ആവശ്യമായ ആയുധം പുറത്തെടുക്കാനുള്ള കഴിവുകള്‍ ആവശ്യത്തിലേറെയുണ്ട്. അത് പ്രയോഗിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അവരെ സഹായിക്കണമെന്നുമാത്രം.

ക്ലാസ്സ് മുറികള്‍ സജീവമാകണം
ക്ലാസ്സ് മുറികള്‍ പഠനവും കളികളും ചര്‍ച്ചകളുമൊക്കെക്കൊണ്ട് സജീവമാകേണ്ടതുണ്ട്. കൊച്ചു ക്ലാസ്സിലെ കുട്ടികളുമായി അവരുടെ വെക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍, ടൂര്‍ പോയ സ്ഥലങ്ങള്‍ എന്നിവയൊക്കെ ചര്‍ച്ച ചെയ്യണം. കുട്ടികളെ സംബന്ധിച്ച് അവരെ ആരെങ്കിലും കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. അതിലൂടെ വേണം അവരെ പാഠ്യവിഷയത്തിലേക്ക് എത്തിക്കാന്‍. മുതിര്‍ന്ന കുട്ടികളോടും ഇതേ രീതി അവലംബിക്കാം. അവരോട് അല്‍പ്പംകൂടി ഗൗരവകരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാം. ഇന്നത്തെ കുട്ടികള്‍ പഴയ കാലത്തെ കുട്ടികളെപ്പോലെയല്ല. അവര്‍ക്ക് ചുറ്റുമുള്ള എന്തിനെപ്പറ്റിയും കൃത്യമായ ധാരണകളുണ്ട്. അത് മനസ്സിലാക്കാനും അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാനും അധ്യാപകര്‍ക്ക് കഴിയണം. പഠനവഴികളിലേക്ക് അവരെ അത്തരത്തില്‍ മെല്ലെമെല്ലെ കൊണ്ടുവരാന്‍ കഴിയും. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട വണ്‍ സൈഡ് അധ്യാപനം മാറ്റിവെച്ച് ക്ലാസ്സുകള്‍ പൊതുവായ ചര്‍ച്ചകള്‍ക്കധിഷ്ഠിതമായി സജീവമാക്കാന്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും ശ്രദ്ധിക്കണം.

ഒരുക്കങ്ങള്‍ വീട്ടിലും വേണം
അധ്യയനം ആരംഭിച്ചത് സ്‌കൂളുകളില്‍ ആണെങ്കിലും വീടുകളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ബിംബങ്ങള്‍ തന്നെയാണ്. വീടുകളില്‍ നിന്നാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ തിരികെ എത്തുന്നതും വീടുകളില്‍ തന്നെ. അതുകൊണ്ട് വീടുകള്‍ കൂടി ഈ അധ്യയനാരംഭത്തില്‍ തയ്യാറാകേണ്ടതുണ്ട്. എല്ലാ അര്‍ഥത്തിലും വീടുകള്‍ കുട്ടികളുടെ ആലയമാണ്. അവരുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍, പരിഭവങ്ങള്‍ എന്നിങ്ങനെ അവരുടെ മനസ്സ് ഏറ്റവുമധികം തുറക്കപ്പെടുന്നത് വീടുകളില്‍ വെച്ചാണ്. സ്‌കൂളുകളില്‍ എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുന്നത് വീടുകളില്‍ നിന്ന് അവര്‍ പഠിക്കുന്ന സ്വഭാവ സവിശേഷതകള്‍ തന്നെയാണ്. പഠനം എങ്ങനെ ആയിരിക്കണം, തിരികെ എത്തിയാല്‍ ഏതുസമയം എങ്ങനെയൊക്കെ പഠിക്കണം എന്നിങ്ങനെ എല്ലാം വീടുകളുടെ അകത്തളങ്ങളില്‍ നിശ്ചയിക്കപ്പെടുന്നു.

വീടിന്റെ ഈ പ്രത്യേകതകള്‍ കൊണ്ടുതന്നെ കുട്ടികളെ പഠനത്തിനായും ഒരുക്കേണ്ട ഉത്തരവാദിത്വം വീടുകളിലുള്ള എല്ലാവര്‍ക്കുമുണ്ട്. രക്ഷാകര്‍ത്താക്കള്‍ തന്നെ മുഖ്യം. സ്‌കൂളില്‍ നിന്ന് വന്നതിനു ശേഷം അവരോടൊത്ത് അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ സമയം കണ്ടെത്തണം. രാവിലെ സ്‌കൂളുകളിലേക്ക് പുറപ്പെടുമ്പോഴും അവരോട് പഠന കാര്യങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെക്കണം. അന്നത്തെ ദിവസം സ്‌കൂളില്‍ എന്താണ് പരിപാടികള്‍ ഉള്ളതെന്നും കുട്ടിയുടെ പങ്കാളിത്തം എത്രയെന്നുമൊക്കെ അവരോട് ചോദിച്ചു മനസ്സിലാക്കണം. അതൊക്കെ അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളാണ്. അതിനുപോലും നമുക്ക് സമയമില്ലാതെ വരുമ്പോഴാണ് അത് പങ്കുവെക്കാന്‍ അവര്‍ മറ്റുള്ളവരെ തേടിപ്പോകുന്നതും പല പ്രശ്നങ്ങളിലേക്ക് എത്തിപ്പെടുന്നതും. അതുകൊണ്ട് നമുക്ക് വീടുകളുടെ അകത്തളങ്ങളും സ്‌കൂളുകളെപ്പോലെ സജീവമാക്കുക തന്നെ വേണം.

അവര്‍ സ്വയം പര്യാപ്തമാകട്ടെ
മേല്‍ സൂചിപ്പിച്ച തരത്തില്‍ വീടുകള്‍ സജീവമാക്കുമ്പോഴും മറുവശത്ത് അവരെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തമാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. അത് അവരുടെ പഠന കാര്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. വീടിന്റെ സൗകര്യം പോലെ അവര്‍ക്കായി ഒരു പഠന മുറിയോ പഠന മൂലയോ നാം ഒരുക്കിക്കൊടുക്കണം. നിര്‍ബന്ധിക്കാതെ ഓരോ ദിവസവും കുറച്ചു സമയമെങ്കിലും അവര്‍ അന്നന്നത്തെ പാഠഭാഗം പഠിക്കാന്‍ ചെലവഴിക്കണം. കൊച്ചുകുട്ടികള്‍ക്ക് മിഠായി പോലെയുള്ള ചെറിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അവരെ അതിലേക്ക് ആകര്‍ഷിക്കാം. മുതിര്‍ന്ന കുട്ടികളോട് സ്നേഹബുദ്ധ്യാതന്നെ അത് പറഞ്ഞു മനസ്സിലാക്കുക തന്നെ വേണം.

പഠനലോകം അവരുടെ സ്വകാര്യലോകം ആണെങ്കിലും മേല്‍നോട്ടം രക്ഷാകര്‍ത്താക്കളുടേതു തന്നെ ആയിരിക്കണം. രക്ഷാകര്‍ത്താക്കളുടെ കണ്‍വെട്ടത്തു നിന്ന് അകലെ കുട്ടികള്‍ക്ക് സ്വകാര്യലോകം ഒരുക്കരുത്. അത് അവരിലേക്കു തന്നെ ചുരുങ്ങാനും ഇന്റര്‍നെറ്റ് സജീവമായ ഈ കാലത്ത് തെറ്റായ വഴികളിലൂടെ സഞ്ചരിക്കാനും ഇടയാക്കിയേക്കാം. നമ്മുടെ സാന്നിധ്യത്തില്‍ തന്നെ നമ്മുടെ എല്ലാ പിന്തുണയോടെയും അവര്‍ അവരുടെ പഠനമുറിയില്‍ സ്വയം പഠിക്കട്ടെ. അതിനിടയിലേക്ക് അനാവശ്യമായി നാം കടന്നുചെല്ലേണ്ടതില്ല. എന്തിനും ഏതിനും അവരെ സ്വന്തം കാലില്‍ നിര്‍ത്തണം എന്ന ചിന്ത രക്ഷാകര്‍ത്താക്കളുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കണം. അതിനായുള്ള ശ്രമങ്ങളാകണം ഉണ്ടാകേണ്ടത്. സ്വയം അവര്‍ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുകയും വേണം. അത്തരത്തില്‍ അവര്‍ സ്വയം പര്യാപ്തരാകുന്നത് അവരുടെ ആത്മവിശ്വാസം ഉയരാനും ജീവിതത്തെപ്പറ്റി ചെറുപ്രായത്തില്‍ തന്നെ നല്ല കാഴ്ചപ്പാട് ഉണ്ടാകാനും അവരെ സഹായിക്കും.

തുടങ്ങി, ഇനി തുടരാം
സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു. നാളെയുടെ വാഗ്ദാനങ്ങളാണ് സ്‌കൂളുകളില്‍ എത്തിയിരിക്കുന്നത്. അവരെ വെറുതെ പരിചരിച്ചാല്‍ പോരാ. കൃത്യമായ കാഴ്ചപ്പാടോടെ അവരെ കൈകാര്യം ചെയ്തേ മതിയാകൂ. അതിന് സ്‌കൂള്‍ അധികൃതരും അധ്യാപകരും പി ടി എയുമൊക്കെ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കൊവിഡ് കാലം താണ്ടി നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുമ്പോള്‍ അവര്‍ ഒരു കാര്യത്തിനും പിന്നാക്കം പോകാന്‍ നാം അനുവദിക്കരുത്. അവര്‍ക്ക് താങ്ങായി നിന്നുകൊണ്ട് നമുക്കീ കഴിഞ്ഞ രണ്ട് നഷ്ടവര്‍ഷങ്ങള്‍ ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിക്കാം. പോയകാലം നമുക്കിനി മറക്കാം, കുട്ടികളിലൂടെ നമുക്ക് നല്ലൊരു നാളെയെ സ്വപ്നം കാണാം.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്)

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest