Connect with us

Eduline

ഇന്ത്യയിൽ പഠിക്കാം വിദേശ ബിരുദം

വിദ്യാർഥികൾക്ക് ലണ്ടൻ, ചിക്കാഗോ, മെൽബൺ തുടങ്ങിയ വിദേശ നഗരങ്ങളിലേക്ക് പറക്കാതെ തന്നെ മികച്ച വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുന്നു.

Published

|

Last Updated

യർന്ന ചെലവില്ലാതെ വിദേശ ബിരുദം നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ വിദേശത്തേക്ക് പോകാതെ തന്നെ കുറഞ്ഞ ചെലവിൽ വിദേശ ബിരുദം നേടാൻ സുവർണാവസരം. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ അന്താരാഷ്ട്ര സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനൊരുങ്ങുന്നു. ഇത് വിദ്യാർഥികൾക്ക് ലണ്ടൻ, ചിക്കാഗോ, മെൽബൺ തുടങ്ങിയ വിദേശ നഗരങ്ങളിലേക്ക് പറക്കാതെ തന്നെ മികച്ച വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 15 വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാന്പസുകൾ തുറക്കാൻ ലെറ്റർ ഓഫ് ഇന്റന്റ് (LoIs) നൽകിയിട്ടുണ്ട്. ഈ ക്യാമ്പസുകളിൽ ഭൂരിഭാഗവും ഈ വർഷം ആഗസ്റ്റിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഓരോ ക്യാമ്പസിലും 200 മുതൽ 250 വരെ വിദ്യാർഥികൾക്കാകും ആദ്യഘട്ടത്തിൽ പ്രവേശനം നൽകുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓരോ ക്യാമ്പസിലും പ്രതിവർഷം 1,000-1,200 വിദ്യാർഥികൾക്ക് പ്രവേശനം നൽകുമെന്നാണ് അധികൃതർ പറയുന്നത്.
മിക്ക സർവകലാശാലകളും 12ാം ക്ലാസ്സിൽ കുറഞ്ഞത് 75 ശതമാനം മാർക്കും ബിരുദത്തിന് 55-70 ശതമാനം മാർക്കുമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. ബോർഡ് പരീക്ഷകളിൽ ഇംഗ്ലീഷിൽ 70 മുതൽ 85 ശതമാനം വരെ മാർക്ക് നേടുന്ന വിദ്യാർഥികൾ ഐ ഇ എൽ ടി എസ് സ്‌കോറുകൾ സമർപ്പിക്കേണ്ടതില്ല.

പാഠ്യപദ്ധതി, പരീക്ഷകൾ, ഗ്രേഡിംഗ് സംവിധാനങ്ങൾ എന്നിവ അതത് ഹോം ക്യാമ്പസുകളുടെ അക്കാദമിക് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പാക്കുക. പ്രധാനമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), കമ്പ്യൂട്ടർ സയൻസ്, സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളായിരിക്കും ആദ്യഘട്ടത്തിൽ പഠനവിഷയമാകുക. എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ വഴി വിദ്യാർഥികൾക്ക് ഒന്നോ രണ്ടോ സെമസ്റ്ററുകൾ വിദേശത്ത് ചെലവഴിക്കാനുള്ള അവസരങ്ങളും ലഭിക്കും. മുംബൈയിൽ രണ്ട് വർഷവും യു കെയിൽ ഒരു വർഷവും പഠിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്ന 2+1 പാഠ്യപദ്ധതി നടപ്പാക്കുമെന്ന് യോർക്ക് സർവകലാശാല അറിയിച്ചു. ബ്രിസ്റ്റോൾ സർവകലാശാലയുടെ ഇന്ത്യ ക്യാമ്പസിൽ ചേരുന്ന വിദ്യാർഥികൾക്ക് ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങൾ വഴി യു കെയിലുള്ള സർവകലാശാലയുടെ എ ഐ സൂപ്പർകമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ആക്സസ് ചെയ്യാൻ കഴിയും.

ഫാക്കൽറ്റി, സ്‌കോളർഷിപ്പുകൾ, ഫീസ്

സ്ഥിരമായ ഇന്ത്യൻ ഫാക്കൽറ്റികളും വിദേശ പ്രൊഫസർമാരും ക്ലാസ്സുകൾ നയിക്കും. മെറിറ്റിന്റെയും സാമ്പത്തികനിലയുടെയും അടിസ്ഥാനത്തിൽ സർവകലാശാലകൾ സ്‌കോളർഷിപ്പുകൾ നൽകും. അടുത്ത അഞ്ച് വർഷത്തേക്ക് ഏകദേശം 1,000 കോടി രൂപയുടെ സ്‌കോളർഷിപ്പ് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. മെറിറ്റും സാമ്പത്തികതയും അനുസരിച്ച് വിദ്യാർഥികൾക്ക് പത്ത് മുതൽ 100 ശതമാനം വരെ ഫീസ് ഇളവുകൾക്ക് അർഹതയുണ്ട്. അബർഡീൻ സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത സ്ഥാപനങ്ങൾ യോഗ്യരായ വിദ്യാർഥികൾക്ക് വാർഷിക സ്‌കോളർഷിപ്പ് നൽകും.

ഐ ഐ ടികൾ, ഐ ഐ എമ്മുകൾ തുടങ്ങിയ പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം മത്സരാധിഷ്ഠിതമായി തുടരുമ്പോൾ, ഇന്ത്യയിലെ വിദേശ സർവകലാശാലാ ക്യാന്പസുകൾ വിദ്യാർഥികൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദങ്ങൾ, ആഗോള ഫാക്കൽറ്റി, ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുന്നു. ഇത് വിദേശത്ത് പോയി അതേ ബിരുദം നേടുന്നതിനേക്കാൾ 30-40 ശതമാനം കുറഞ്ഞ ചെലവിൽ ആയിരിക്കും.

അന്താരാഷ്ട്ര വിദ്യാഭ്യാസം

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുത്തനെ വർധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നു. 2020 ൽ 6.8 ലക്ഷത്തിൽ നിന്ന് 2025ൽ 18 ലക്ഷമായി വർധിച്ചു. ഡെലോയിറ്റ് ആൻഡ് നൈറ്റ് ഫ്രാങ്ക് റിപോർട്ട് അനുസരിച്ച്, 2040 ആകുമ്പോഴേക്കും ഇന്ത്യയിലെ വിദേശ സർവകലാശാലാ ക്യാമ്പസുകളിൽ 5.6 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ചേരാൻ കഴിയും. അത്തരം വിപുലീകരണം ഏകദേശം 113 ബില്യൺ ഡോളർ (ഏകദേശം 10.67 ലക്ഷം കോടി രൂപ) വിലമതിക്കുന്ന വിദേശനാണ്യം നിലനിർത്താൻ സഹായിക്കുമെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ക്യാന്പസുകൾ തുറക്കുന്ന വിദേശ സർവകലാശാലകൾ

  • സതാംപ്ടൺ സർവകലാശാല (യു കെ)
  • ഡീക്കിൻ സർവകലാശാല (ആസ്ത്രേലിയ)
  • വോളോങ്കോംഗ് സർവകലാശാല (ആസ്ത്രേലിയ)
  • ക്വീൻസ് സർവകലാശാല ബെൽഫാസ്റ്റ് (യു കെ)
  • ലിവർപൂൾ സർവകലാശാല (യു കെ)
  • യോർക്ക് സർവകലാശാല (യു കെ)
  • ബ്രിസ്റ്റൽ സർവകലാശാല (യു കെ)
  • അബർഡീൻ സർവകലാശാല (യു കെ)
  • ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി/ഇല്ലിനോയിസ് ടെക് (യു എസ് എ)
  • വെസ്റ്റേൺ സിഡ്നി സർവകലാശാല (ആസ്ത്രേലിയ)
  • വിക്ടോറിയ സർവകലാശാല (ആസ്ത്രേലിയ)
  • കോവൻട്രി സർവകലാശാല (യു കെ)
  • സർറെ സർവകലാശാല (യു കെ)
  • ലാ ട്രോബ് സർവകലാശാല (ആസ്ത്രേലിയ)
  • ലങ്കാസ്റ്റർ സർവകലാശാല (യു കെ)

Content Highlights:
Top international universities from the UK, US, and Australia are set to open campuses in major Indian cities starting this August. Students can now earn globally recognized degrees in technology and management at a 30-40% lower cost without relocating abroad. Eligible candidates can also access substantial scholarship funds and exchange programs.