Connect with us

National

സര്‍ക്കാറിനെ എതിര്‍ക്കുന്നത് നാടുകടത്താനുള്ള അടിസ്ഥാനമല്ല: ബോംബെ ഹൈക്കോടതി

കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുകയോ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയോ ചെയ്തതിന്റെ പേരില്‍ മാത്രം ഒരു പൗരനെ നാടുകടത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

Published

|

Last Updated

മുംബൈ |  കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുകയോ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയോ ചെയ്തതിന്റെ പേരില്‍ മാത്രം ഒരു പൗരനെ നാടുകടത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി . സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ജനറല്‍ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരിക്കെതിരായ നാടുകടത്തല്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് മാധവ് ജാംദാര്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

പ്രതിഷേധിക്കാനും വിയോജിപ്പുകള്‍ രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി പൗരന്‍മാരെ അടിമകളാക്കുകയാണോയെന്നും ചോദിച്ചു. ബിജെപി സര്‍ക്കാര്‍ മുര്‍ദാബാദ്, അമിത് ഷാ മുര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ പേരില്‍ എങ്ങനെയാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതി ആരാഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ നാടുകടത്താനുള്ള കാരണമല്ലെന്നും കോടതി പറഞ്ഞു.

 

പോലീസ് സംവിധാനം മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ലെന്നും മറിച്ച് അവര്‍ പൊതുസേവകരാണെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ജസ്റ്റിസ് ജാംദാര്‍ മുന്നറിയിപ്പ് നല്‍കി.

പൗരത്വ നിയമഭേദഗതിക്കെതിരെയും ഗ്യാന്‍വാപി തര്‍ക്കവിഷയത്തിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ അഞ്ച് എഫ്‌ഐആറുകള്‍ ചൂണ്ടിക്കാട്ടിയാണ് സയീദ് അഹമ്മദിനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താന്‍ മുംബൈ പോലീസ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നത് നാടുകടത്താനുള്ള അടിസ്ഥാനമല്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഈ ഉത്തരവ് റദ്ദാക്കി.

Content Highlights: The Bombay High Court quashed an externment order against an SDPI leader, stating that opposing the government cannot be a basis for externment. Justice Madhav Jamdar emphasized that the right to protest and express dissent is a fundamental constitutional right. The court also reminded that the police force consists of public servants, not personal staff of politicians.