National
ഡല്‍ഹിയില്‍ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെത്തിയ വിദേശ പരിശീലകര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു
കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാന്‍സോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ വേള്‍ഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാന്‍സോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇരുവരെയും സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികത്സ നല്‍കി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ സ്റ്റേഡിയത്തിലും തെരുവ് നായകളെ പിടികൂടാന്‍ സംഘങ്ങളെ വിന്യസിച്ചു.
ആദ്യമായാണ് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കുന്ന ആഗോള മത്സരത്തില്‍ 104 രാജ്യങ്ങളില്‍ നിന്നുള്ള 1,200 ല്‍ അധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വരുന്നത്. ഇക്കാരണത്താലാണ് രണ്ടു പരിശീലകര്‍ക്ക് കടിയേറ്റതെന്നാണ് പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി കുറ്റപ്പെടുത്തുന്നത്.