Connect with us

Siraj Article

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്; കെടുതികള്‍ക്കും

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ്്വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കാനും വ്യാജ കറന്‍സികള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ട നോട്ട് നിരോധനം സമ്പദ് ഘടനയുടെ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് വളരുന്ന ഒരു ബോട്ടം അപ് പ്രതിസന്ധിക്ക് തുടക്കമിട്ടു. ചെറുകിട കച്ചവടക്കാരും കര്‍ഷകരും ചെറുകിട ഉത്പാദകരും അടങ്ങുന്ന ഇന്ത്യയിലെ അസംഘടിത മേഖല ഇതിന്റെ പ്രതിസന്ധിയില്‍ തകര്‍ന്നു. വ്യാപകമായി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇത് വരുമാനം കുറയുന്നതിന് കാരണമായി

Published

|

Last Updated

2016 നവംബര്‍ എട്ടാം തീയതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ്്വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കാനും വ്യാജ കറന്‍സികള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ട നോട്ട് നിരോധനം സമ്പദ്്ഘടനയുടെ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് വളരുന്ന ഒരു ബോട്ടം അപ് പ്രതിസന്ധിക്ക് തുടക്കമിട്ടു. ചെറുകിട കച്ചവടക്കാരും കര്‍ഷകരും ചെറുകിട ഉത്പാദകരും അടങ്ങുന്ന ഇന്ത്യയിലെ അസംഘടിത മേഖല ഇതിന്റെ പ്രതിസന്ധിയില്‍ തകര്‍ന്നു. വ്യാപകമായി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇത് വരുമാനം കുറയുന്നതിന് കാരണമായി. വരുമാനം ഇല്ലാത്ത അവസ്ഥ രാജ്യത്തെ ജനങ്ങളുടെ ചോദനം കുറക്കുന്നതിന് കാരണമായി. 2019 മെയ് മാസത്തോടു കൂടി ഇന്ത്യയിലെ വാഹന വിപണിയില്‍ ഉത്പന്നങ്ങള്‍ വിറ്റുപോകാത്ത അവസ്ഥ ഉടലെടുത്തു. മറ്റു പല മേഖലകളിലും സമാന സ്ഥിതിവിശേഷം കാണാനായി. ഒരു സ്തൂല സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയില്‍ കൊവിഡ് മഹാമാരിക്കു മുമ്പ് തന്നെ ഉടലെടുത്തിരുന്നു എന്ന് കാണാനാകും.

സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കലും ഈ സാമ്പത്തിക പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണങ്ങള്‍ മാത്രമാണെന്ന് കാണാനാകും. 2014 വരെ യു പി എ സര്‍ക്കാര്‍ പിന്തുടര്‍ന്നതും 2014ന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ തീവ്രതയോടെ അടിച്ചേല്‍പ്പിച്ചതുമായ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയുടെ ഗതിവേഗം ഇന്ത്യയില്‍ വര്‍ധിപ്പിച്ചത്. നോട്ട് നിരോധനവും ജി എസ് ടിയും പെട്ടെന്നുണ്ടായ കാരണങ്ങള്‍ മാത്രമാണ്. നവലിബറല്‍ നയങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാറുകളുടെ ചെലവ് കുറച്ചുകൊണ്ട് ധനകമ്മി നിയന്ത്രിക്കണം എന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വന്നത്. ആഗോള മൂലധനത്തിന് ധനകമ്മി പഥ്യമല്ല. സര്‍ക്കാറിന്റെ കമ്പോള ഇടപെടല്‍ ഇല്ലാതാക്കി, സ്വകാര്യ മൂലധനത്തിന് സമ്പദ്്വ്യവസ്ഥയില്‍ മേല്‍ക്കൈ നല്‍കുന്ന സാമ്പത്തിക നടപടികളാണ് യു പി എയെ നയിച്ച കോണ്‍ഗ്രസ്സ് സ്വീകരിച്ചത്.

സമ്പദ്്വ്യവസ്ഥയിലെ ദ്രവരൂപത്തിലുള്ള (ലിക്വിഡിറ്റി) കറന്‍സിയുടെ ലഭ്യത കുറഞ്ഞത് രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളില്‍ ഉപഭോഗം കുറക്കാന്‍ കാരണമായി. മാത്രമല്ല ചെറുകിട ഇടത്തരം കച്ചവടക്കാരിലേക്കുള്ള സാധനങ്ങളുടെ വിതരണം മുടങ്ങുന്നതിനും നോട്ട് നിരോധനം കാരണമായി. കാര്‍ഷിക മേഖലയില്‍ ഇതേത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി കാരണം ആയിരക്കണക്കിന് ആളുകള്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് നിര്‍മാണ മേഖലയിലേക്ക് ചേക്കേറി. ആ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന വേതനം കുറയുന്നതിന് ഇത് കാരണമായി. ജനങ്ങളുടെ ഉപഭോഗം അങ്ങനെയും കുറഞ്ഞു. ഉപഭോഗം വര്‍ധിക്കാന്‍ കാര്യക്ഷമമായി ഇടപെടേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. എന്നാല്‍ ജി എസ് ടി നടപ്പാക്കല്‍ സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ ശേഷിയെ പ്രതികൂലമായി ബാധിച്ചു. അത് അവരുടെ പൊതു ചെലവുകള്‍ ശോഷിപ്പിച്ചു. ഇതോടുകൂടി മഹാമാരിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗം ഒരു ചോതന പ്രതിസന്ധിയിലേക്ക് വഴുതിവീണു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിച്ചു. പെട്ടെന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിച്ചു. തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിനും ദാരിദ്ര്യവും അസമത്വവും വര്‍ധിക്കുന്നതിനും കൊവിഡ് മഹാമാരിയെ തുടര്‍ന്നുവന്ന മാസങ്ങള്‍ സാക്ഷിയായി. കേന്ദ്ര സര്‍ക്കാറാകട്ടെ, കോര്‍പറേറ്റ് നികുതി കുറച്ചും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമപ്രകാരം നല്‍കാനുള്ള ജി എസ് ടി കൊമ്പെന്‍സേഷന്‍ നല്‍കാതെയും തികച്ചും ജനവിരുദ്ധ നിലപാടുകള്‍ എടുത്തു. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ വഴി ഇന്ത്യയുടെ കോര്‍പറേറ്റ് മേഖലക്ക് വീണ്ടും രാജ്യത്തിന്റെ വിഭവങ്ങള്‍ ഉദാരമായി സംഭാവന ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

നോട്ട് നിരോധനത്തിനു ശേഷമുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ ഒട്ടനവധി ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നോട്ട് നിരോധനം ഭീകരവാദത്തെ ഇല്ലായ്മ ചെയ്യും എന്ന വാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. നോട്ട് നിരോധനം നടന്ന അടുത്ത വര്‍ഷം തന്നെ കോടിക്കണക്കിന് രൂപയുടെ 2,000 രൂപ കള്ളനോട്ടുകള്‍ സര്‍ക്കാറിന്റെ ഏജന്‍സി തന്നെ പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായി. വ്യാജ നോട്ടുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് ഈ റിപ്പോര്‍ട്ടുകള്‍. ആര്‍ ബി ഐയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ പണരഹിത ക്രയവിക്രയങ്ങള്‍ സ്വാഭാവികമായ മാറ്റം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് കാണാനാകും. ആര്‍ ടി ജി എസും എന്‍ ഇ എഫ് ടിയും 2016 – 17 കാലയളവില്‍ വര്‍ധിച്ചിരുന്നു എങ്കിലും രണ്ടായിരത്തിപതിനെട്ടോടു കൂടി പഴയ സ്ഥിതിയിലായി. അതായത് നിരോധനം അവകാശപ്പെട്ട ഗുണഫലങ്ങള്‍ ഒന്നും തന്നെ നേടിയില്ല എന്ന് മാത്രമല്ല നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനുള്ള പെട്ടെന്നുണ്ടായ ഒരു കാരണമായി നോട്ട് നിരോധനം മാറുകയും ചെയ്തു എന്നാണ് കാണാന്‍ സാധിക്കുക. ഈ പ്രതിസന്ധി എങ്ങനെയാണ് തരണം ചെയ്യാന്‍ സാധിക്കുക? ആളുകളുടെ ചോദനം കുറഞ്ഞത് ആണല്ലോ പ്രതിസന്ധിക്ക് കാരണം? അപ്പോള്‍ ചോദനം വര്‍ധിപ്പിക്കുക എന്നതാണ് ഏക പോംവഴി. അതിനായി സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വഴിക്കല്ല ചിന്തിക്കുന്നത്. മറിച്ച്, നിക്ഷേപം വര്‍ധിപ്പിച്ച് ഉത്പാദനവും തൊഴിലും വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതിനായി കോര്‍പറേറ്റ് മേഖലക്ക് വാരിക്കോരി ധനസഹായം നല്‍കുന്ന പ്രൊഡക്റ്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം നടപ്പാക്കി. പലിശ നിരക്ക് കുറച്ച് നിക്ഷേപം കൂട്ടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. കോര്‍പറേറ്റ് നികുതി കുറച്ചു. എന്നിട്ടും പ്രതീക്ഷിച്ച രീതിയില്‍ നിക്ഷേപങ്ങള്‍ വന്നില്ല. ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ് എല്ലാ മേഖലകളിലും സ്വകാര്യവത്കരണം അടിച്ചേല്‍പ്പിക്കുന്നത്.

ഇന്ത്യയിലെ സ്വകാര്യവത്കരണം മാനുഫാക്ചറിംഗ് മേഖലയില്‍ ഗുരുതരമായ ഒരു പ്രതിഭാസത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഏതാനും ചില വിദേശ നിര്‍മാതാക്കള്‍ മാത്രമുള്ള ഒലിഗോപോളി വ്യവസായങ്ങള്‍ ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയില്‍ ഉടലെടുത്തിരുന്നു. ഉദാഹരണത്തിന് സിവില്‍ ഏവിയേഷന്‍ രംഗത്ത് എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തോടെ ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും അടങ്ങുന്ന വിരലിലെണ്ണാവുന്ന സിവില്‍ ഏവിയേഷന്‍ കമ്പനികള്‍ മാത്രമാകുന്നു. ജിയോ, എയര്‍ടെല്‍, ബി എസ് എന്‍ എല്‍ തുടങ്ങി ഏതാനും കമ്പനികള്‍ മാത്രം അടങ്ങുന്ന ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും ഈ ഒലിഗോപോളി ഉടലെടുത്തിരുന്നു. ഇലക്ട്രോണിക് സാധനങ്ങളുടെ നിര്‍മാണ രംഗത്ത് തൊണ്ണൂറുകളില്‍ ഉണ്ടായിരുന്ന ഒനിഡാ, കെല്‍ട്രോണ്‍, ബി പി എല്‍ എന്നീ കമ്പനികള്‍ക്ക് പകരം പാനസോണിക്, എല്‍ ജി തുടങ്ങിയ ഏതാനും വിദേശ കമ്പനികള്‍ മാത്രമാണ് ഇന്ന് ഉള്ളത്. വാഹന നിര്‍മാണ മേഖലകളിലും അനുബന്ധ മേഖലകളായ മറ്റു സ്‌പെയര്‍പാര്‍ട്ട് നിര്‍മാണ മേഖലയിലും ഇത് തന്നെയാണ് സ്ഥിതി. ഏതാനും ചില കോര്‍പറേറ്റ് കമ്പനികളുടെ ലാഭം കുമിഞ്ഞുകൂടുന്നതിനും, നവലിബറലിസം അനുശാസിക്കുന്ന മത്സരാധിഷ്ഠിതമായ ഒരു കമ്പോളത്തിന് പകരം നയങ്ങളില്‍ പരസ്പരാശ്രയത്വം വെച്ചുപുലര്‍ത്തുന്ന ഏതാനും വ്യാവസായിക സംരംഭങ്ങള്‍ മാത്രം ഓരോ നിര്‍മാണ മേഖലയിലും ഉള്ള ഒരു സമ്പദ്്വ്യവസ്ഥ ഉണ്ടാകുന്നതിനും ഈ മാറ്റം കാരണമായേക്കാം. വ്യവസായങ്ങള്‍ ആര്‍ജിക്കുന്ന ഈ കുത്തക ശക്തിയെ പരിപോഷിപ്പിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. 2020 -21 ബജറ്റില്‍ പ്രഖ്യാപിച്ച പ്രൊഡക്ട് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ലക്ഷ്യം തന്നെ ഇന്ത്യയെ ആഗോള പ്രദാന ശൃംഖലയുടെ (സപ്ലൈ ചെയിന്‍) ഭാഗമാക്കുക എന്നതാണ്. മറിച്ച്, ഇന്ത്യന്‍ വ്യവസായ മേഖലയിലെ തനതു കമ്പനികളെ പരിപോഷിപ്പിക്കുകയോ അവരുടെ ഉത്പാദനം വര്‍ധിപ്പിക്കുകയോ ചെയ്യുക എന്നതല്ല.

നോട്ട് നിരോധനം 2016ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും ബി ജെ പിയുടെ പ്രചാരണ വിഷയമായിരുന്നില്ല. പ്രധാനമന്ത്രി അതിനെ സംബന്ധിച്ച് പിന്നീട് സംസാരിച്ചിട്ടില്ല. ഏതൊരു സാമ്പത്തിക നയവും നേട്ട കോട്ട വിശകലനത്തിന് വിധേയമാകണം. ജനങ്ങളെ ഏറെ ബാധിച്ച നോട്ട് നിരോധനം തീര്‍ച്ചയായും നേട്ട കോട്ട വിശകലനത്തിന് വിധേയമാകണം. എന്നാല്‍ അതും ഉണ്ടായില്ല. അതിന്റെ ഗുണഫലങ്ങളെ പറ്റി നാല് വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വേയില്‍ യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ തന്നെ ഉപേക്ഷിച്ച ഒരു പദ്ധതിയാണ് നോട്ട് നിരോധനം. പക്ഷേ, അതിന് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നല്‍കേണ്ടിവന്ന വില വളരെ വലുതാണ് താനും.

Latest