Malappuram
അണിനിരന്നത് അയ്യായിരം വിദ്യാര്‍ഥികള്‍; മഅ്ദിന്‍ അക്കാദമി 'ബിദായ' പഠനാരംഭം പ്രൗഢമായി
മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
മഅ്ദിന്‍ അക്കാദമി മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്നവരുടെ പഠനാരംഭമായ ബിദായ 2026 ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ‘ബിദായ 26’ പ്രൗഢമായി. തൂവെള്ള പ്രഭയില്‍ അയ്യായിരം വിദ്യാര്‍ഥികളുടെ പുതിയ അധ്യയന വര്‍ഷത്തെ പഠനാരംഭത്തിനാണ് തുടക്കം കുറിച്ചത്. മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പ്രശസ്ത കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്റെ ആദ്യ വാചകങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു. മഅ്ദിന്‍ അക്കാദമിയിലെ ആറാം ക്ലാസ് മുതല്‍ പി ജി തലം വരെ സൗജന്യ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് പരിപാടിയില്‍ സംബന്ധിച്ചത്.
ജെ ആര്‍ എഫും നെറ്റും വ്യത്യസ്ത ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനങ്ങളും കേരളത്തിനകത്തും പുറത്തുമായുള്ള വ്യത്യസ്ത മേഖലകളിലെ മികവാര്‍ന്ന നേട്ടങ്ങളും ടെക്നിക്കല്‍ രംഗത്തെ ക്രിയാത്മക സംഭാവനകളും സര്‍ഗാത്മക ഇടപെടലുകളുമായി കഴിഞ്ഞ അധ്യായന വര്‍ഷം അഭിമാനകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിദ്യാര്‍ഥികള്‍ പുതിയ പഠനാരംഭത്തിന് തുടക്കം കുറിച്ചത്.
ചൈനീസ് ഭാഷയില്‍ ജെ ആര്‍ എഫ് ലഭിച്ച ആശിഖ് അദനി ഈ വര്‍ഷത്തെ മഅ്ദിന്‍ ഗോള്‍ഡന്‍ അവാര്‍ഡിന് അര്‍ഹനായി. മര്‍കസ് തഖസ്സുസില്‍ ഒന്നാം റാങ്ക് നേടിയ ജദീര്‍ അദനി കൂട്ടിലങ്ങാടി, സഅദിയ്യ തഖസ്സുസില്‍ ഫിഖ്ഹ് ശാഫിഈ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശാഹിദ് അദനി പാലക്കാട്, അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ അജ്മല്‍ അദനി വെളിയംകോട് എന്നിവരെ ആദരിച്ചു.
പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദ് കബീര്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ബുഖാരി, പി ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, ശഫീഖ് മിസ്ബാഹി പാതിരിക്കോട്, ബഷീര്‍ സഅദി വയനാട്, കെ ടി അബ്ദുസ്സമദ് സഖാഫി അല്‍ അഫ്ളലി സംബന്ധിച്ചു.



