Connect with us

National

മമതക്ക് തിരിച്ചടി; പശ്ചിമബംഗാളിൽ വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് 80 ടി എം സി എം എൽ എമാരിൽ 59 പേരുടെ പിന്തുണയോടെയാണ് ഋതബ്രത ബാനർജി നിയമസഭയിലെത്തിയത്.

Published

|

Last Updated

കൊൽക്കത്ത | പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. തൃണമൂലിൽ നിന്ന് ഈ ആഴ്ച ആദ്യം പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയെ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. പ്രതിപക്ഷ നേതാവിനായി സഭയിൽ അനുവദിച്ച മുറിയുടെ താക്കോലും അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. പുതിയ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയായ ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. പാർട്ടിയിൽ ആത്മപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.

തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് 80 ടി എം സി എം എൽ എമാരിൽ 59 പേരുടെ പിന്തുണയോടെയാണ് ഋതബ്രത ബാനർജി നിയമസഭയിലെത്തിയത്. എന്നാൽ തങ്ങളുടെ പുതിയ പ്രതിപക്ഷ മുന്നണിയുടെ ചീഫ് അഡ്വൈസറായി മമത ബാനർജി തുടരണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നപ്പോൾ അജിത് പവാറും കൂട്ടരും ശരദ് പവാറിനോട് കാണിച്ച സമാനമായ രാഷ്ട്രീയ നിലപാടാണ് ബംഗാളിലും ദൃശ്യമാകുന്നത്.

പ്രതിപക്ഷ നേതാവായി മമത ബാനർജി ആദ്യം നിർദേശിച്ചിരുന്നത് മുതിർന്ന നേതാവ് ശോഭൻദേവ് ചട്ടോപാധ്യായയെ ആയിരുന്നു. എന്നാൽ അദ്ദേഹത്തെ പിന്തുണച്ച് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാണിച്ച് സി പി എം പശ്ചാത്തലമുള്ള ഋതബ്രത ബാനർജിയും സഹായി സന്ദീപൻ സാഹയും രംഗത്തെത്തുകയായിരുന്നു. ഈ ഒപ്പുവിവാദത്തിൽ നിലവിൽ സംസ്ഥാന സി ഐ ഡി അന്വേഷണം പുരോഗമിക്കുകയാണ്. ആർ ജി കർ മെഡിക്കൽ കോളേജ് വിഷയവും അഴിമതി ആരോപണങ്ങളും ഉയർത്തി പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ അസംതൃപ്തി പുകഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസിലെ നിലവിലെ പിളർപ്പ് പൂർണ്ണമായും ബി ജെ പി സ്പോൺസർ ചെയ്തതാണെന്ന് തൃണമൂൽ നേതാവ് മാനവ് ജയ്‌സ്വാൾ ആരോപിച്ചു.

Summary

The Trinamool Congress in West Bengal is facing a severe political crisis following its recent election defeat. Expelled rebel leader Ritabrata Banerjee has been recognized as the Leader of the Opposition in the state assembly after claiming the support of 59 out of 80 TMC MLAs. Concurrently, Mamata Banerjee’s close aide Firhad Hakim resigned as the Kolkata Mayor, signaling a deep implosion within the party. While the rebel faction wants Mamata Banerjee to act as their chief advisor, the official TMC leadership has alleged that the split was entirely engineered by the BJP.

Latest