Uae
റാക് ഫാക്ടറി തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കിയത് അഞ്ച് മണിക്കൂറെടുത്ത്
തീ നിയന്ത്രണവിധേയമാക്കിയ ശേഷം, ഫോറൻസിക്, ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ ടീമുകൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റാസ് അൽ ഖൈമ |അൽ ഹലീല വ്യാവസായിക മേഖലയിലെ ഒരു വലിയ ഫാക്ടറിയിൽ ഉണ്ടായ തീപ്പിടിത്തം അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണമായും നിയന്ത്രണവിധേയമാക്കി. പ്രാദേശികവും ഫെഡറൽ തലത്തിലുള്ളതുമായ നിരവധി ഏജൻസികൾ ഇതിൽ പങ്കാളികളായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ദുബൈ, ഷാർജ, റാസ് അൽ ഖൈമ, അജ്മാൻ, ഉം അൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീമുകൾ, പ്രതിരോധ മന്ത്രാലയം, നാഷണൽ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്അതോറിറ്റി, നാഷണൽ ഗാർഡ്, നാഷണൽ ആംബുലൻസ്, സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റ്, റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി തുടങ്ങിയ 16 ലധികം പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം, ഫോറൻസിക്, ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ ടീമുകൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നാശനഷ്ടങ്ങളുടെ വ്യാപ്തിയും വിലയിരുത്തുന്നുണ്ട്. പെട്ടെന്നുള്ളതും ഏകോപനത്തോടെയുള്ളതുമായ രക്ഷാപ്രവർത്തനം തീ നിയന്ത്രിക്കുന്നതിലും സമീപത്തെ മറ്റ് ഫാക്ടറികളിലേക്കും വെയർഹൗസുകളിലേക്കും പടരുന്നത് തടയുന്നതിലും നിർണായകമായിരുന്നുവെന്ന് റാസ് അൽ ഖൈമ പോലീസ് കമാൻഡർ ഇൻ ചീഫും പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ ടീം തലവനുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി വ്യക്തമാക്കി.