Connect with us

Editorial

പെരുന്നാളും ഉത്തരേന്ത്യയിലെ അസഹിഷ്ണുതയും

"പൊതുസ്ഥലം മലിനപ്പെടുന്നു', "വഴിതടസ്സപ്പെടുന്നു' തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടങ്ങള്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് നിയമങ്ങള്‍ കടുപ്പിക്കുന്നത് അപകടകരമാണ്. ഏത് വിഭാഗത്തിന്റെയും മതസ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും സംരക്ഷിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടത്.

Published

|

Last Updated

വലിയ പെരുന്നാൾ ആഘോഷവും അതിനോടനുബന്ധിച്ച ബലികര്‍മവും തടസ്സപ്പെടുത്തുന്ന ഉത്തരവുകളും വിജ്ഞാപനങ്ങളുമാണ് ബി ജെ പി ഭരണത്തിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നിലവിലുള്ള ഗോവധ നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശില്‍ പെരുന്നാള്‍ നിസ്‌കാരത്തിനും നിയന്ത്രണമുണ്ട്. പള്ളികളില്‍ മാത്രമേ നിര്‍വഹിക്കാവൂ. പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയില്‍ പൊതുസ്ഥലങ്ങളില്‍ ബലിമൃഗങ്ങളുടെ വില്‍പ്പനയും അറവും നിരോധിച്ചു. അറവ് നടത്തിയാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. പശ്ചിമ ബംഗാളില്‍ 14ന് താഴെ പ്രായമുള്ള മൃഗങ്ങളെ ബലിയറുക്കാന്‍ പാടില്ല. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഡി ജി പിക്കും മുംബൈ പോലീസ് കമ്മീഷണര്‍ക്കും കത്തയച്ചിരിക്കുന്നു നിയമസഭാ സപീക്കര്‍ രാഹുല്‍ നര്‍വേക്കര്‍.

കേവലം ഒരാഘോഷമല്ല ബലിപെരുന്നാള്‍ മുസ്‌ലിം സമൂഹത്തിന്. ആത്മീയവും ചരിത്രപരവുമായ കര്‍മമെന്നതിനപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം കൂടി അത് നല്‍കുന്നു. ബലിയറുക്കുന്ന മൃഗത്തിന്റെ മാംസം കുടുംബത്തിനും ബന്ധുക്കള്‍ക്കും ദരിദ്രര്‍ക്കും നല്‍കുന്നതിലൂടെ സാമൂഹിക ഐക്യവും കാരുണ്യബോധവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി രാജ്യത്ത് നിരാക്ഷേപം സമാധാനപരമായി നടന്നു വരുന്ന ഈ ആചാരത്തിന് കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും ക്രിമിനല്‍ കേസ് ഭീഷണി ഉയര്‍ത്തുന്നതും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നതും ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റവും മതേതരത്വത്തെ ചവിട്ടിമെതിക്കുന്ന നടപടിയും ഭരണകൂട ഭീകരതയുമാണ്.
പൊതുജനാരോഗ്യ സംരക്ഷണം, ശുചിത്വം, ക്രമസമാധാന പ്രശ്‌നം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ബലിപെരുന്നാളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകള്‍. ശുചിത്വം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം തന്നെ. ഇതുപക്ഷേ ഒരു സമുദായത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാത്രം മതിയോ? മഹാകുംഭമേള, പുരിജഗന്നാഥ രഥയാത്ര തുടങ്ങി ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന നിരവധി ഹൈന്ദവാചാരങ്ങളും ചടങ്ങുകളും രാജ്യത്ത് നടന്നു വരുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിന്റെയോ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയോ പേരില്‍ ഇത്തരം ചടങ്ങുകള്‍ക്കൊന്നും യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താറില്ല. മാത്രമല്ല, സ്‌പെഷ്യല്‍ ഗതാഗത സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയും കോടിക്കണക്കിനു രൂപ ചെലവിട്ട് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയും ഈ ചടങ്ങുകളെ പരമാവധി പൊലിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറുകള്‍ സ്വീകരിക്കാറുള്ളത്. മഹാമാരിയുടെ കാലത്ത് പോലും ഉത്തരാഖണ്ഡില്‍ മഹാകുംഭമേള നടത്താന്‍ അനുമതി നല്‍കിയിരുന്നു.

ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായി മസ്ജിദുകളും പ്രാര്‍ഥനാ കേന്ദ്രങ്ങളും കുറവാണ്. നിലവിലുള്ളവയില്‍ തന്നെ ബഹുഭൂരിഭാഗവും ചെറുതും കുറഞ്ഞ ആളുകളെ മാത്രം ഉള്‍ക്കൊള്ളുന്നതുമാണ്. കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന ബലിപെരുന്നാള്‍, ഈദുല്‍ഫിത്വര്‍ തുടങ്ങിയ ആഘോഷവേളകളില്‍ മസ്ജിദുകള്‍ക്ക് അവരെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യത്തിലാണ് സ്വാഭാവികമായും ആളുകള്‍ പുറത്തെ റോഡുകളിലോ പൊതുസ്ഥലങ്ങളിലോ അണിനിരക്കേണ്ടി വരുന്നത്. മറ്റാര്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത വിധം അരമണിക്കൂറോ ഒരു മണിക്കൂറോ നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങിന് നിരോധനം ഏര്‍പ്പെടുത്തുന്ന ഭരണകൂടങ്ങള്‍ തന്നെയാണ്, മറ്റു ചില സമുദായങ്ങളുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുവഴികളും റോഡുകളും അടച്ചിടാനും പൊതുസ്ഥലങ്ങള്‍ യഥേഷ്ടം ഉപയോഗപ്പെടുത്താനും അനുമതി നല്‍കുന്നത്.
പൊതുജനാരോഗ്യവും സുരക്ഷയും മതേതര രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. കുംഭമേള പോലുള്ള ചടങ്ങുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ കോടികള്‍ ചെലവിടുന്ന ഭരണകൂടത്തിന്, ബലിപെരുന്നാള്‍ നാളുകളില്‍ വിശ്വാസികള്‍ക്ക് ബലികര്‍മം നടത്താനുള്ള ആധുനിക കശാപ്പുശാലകളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനുള്ള ബാധ്യതയില്ലേ? കശാപ്പുശാലകളുടെ അഭാവം വലിയൊരു പ്രശ്‌നമായി നിലനില്‍ക്കവെ, താത്കാലിക ബദല്‍ സംവിധാനമെങ്കിലും ഒരുക്കാതെ പെരുന്നാള്‍ ആഘോഷത്തിനു തൊട്ടുമുമ്പായി ബലികര്‍മത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇസ്‌ലാമിനോടുള്ള അസഹിഷ്ണുതയല്ലെങ്കില്‍ മറ്റെന്താണ്? ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങളെ മാനിക്കുമ്പോള്‍ തന്നെ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനാധിപത്യ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആചാരങ്ങളില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരികയാണെങ്കില്‍ തന്നെ മതനേതൃത്വങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് അവരുടെ കൂടി സഹകരണത്തോടെയായിരിക്കണം നടപ്പില്‍ വരുത്തേണ്ടത്. പോലീസ് ശക്തി ഉപയോഗിച്ച് മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന രീതി ജനാധിപത്യ വ്യവസ്ഥയിലുള്ള ജനവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലാണ് ജനാധിപത്യത്തിന്റെ ശക്തി. മതാചാരങ്ങള്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കാത്ത കാലത്തോളം സംരക്ഷിക്കപ്പെടേണ്ടതാണ്. പരസ്പര സൗഹൃദവും സഹിഷ്ണുതയും ഉള്‍ക്കൊണ്ട് ജീവിച്ചവരാണ് ഇക്കാലമത്രയും രാജ്യത്തെ ബഹുസ്വര സമൂഹങ്ങള്‍. ഒരു വിഭാഗത്തിന്റെ ആഘോഷമോ ഉത്സവമോ വരുമ്പോള്‍ മറ്റുവിഭാഗങ്ങള്‍ അതിനോട് സഹകരിക്കുകയായിരുന്നു പതിവ്. ഇന്നിപ്പോള്‍ “പൊതുസ്ഥലം മലിനപ്പെടുന്നു’, “വഴിതടസ്സപ്പെടുന്നു’ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടങ്ങള്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് നിയമങ്ങള്‍ കടുപ്പിക്കുന്നത് അപകടകരമാണ്. ഏത് വിഭാഗത്തിന്റെയും മതസ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും സംരക്ഷിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടത്.

Latest