Kerala
വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി
കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്.
കോട്ടയം|വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.
ഒന്നര വര്‍ഷമായി വെണ്ടറപ്പിളളി അപാര്‍ട്ട്‌മെന്റില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന്‍ നമ്പൂതിരിക്ക് പണം നഷ്ടമായത്. ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം.
ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്കുളളില്‍ മൂന്നുകോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി.തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)






