Uae
അബൂദബിയിൽ ഫഹിദ് ഐലൻഡ് വരുന്നു; 40 ബില്യൺ ദിർഹത്തിന്റെ ആരോഗ്യതീരം
അബൂദബിയിലെ ആദ്യത്തെ തീരദേശ ആരോഗ്യ ദ്വീപായി ഇത് അറിയപ്പെടും.

അബൂദബി | അബൂദബിയിൽ ആരോഗ്യത്തിനും സുസ്ഥിരതക്കും പ്രാധാന്യം നൽകി അൽ ദാർ 40 ബില്യൺ ദിർഹത്തിന്റെ ഫഹിദ് ഐലൻഡ് പദ്ധതി പ്രഖ്യാപിച്ചു. 2.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ ദ്വീപിൽ 6,000-ൽ അധികം ആഢംബര വസതികൾ, 10 കിലോമീറ്റർ ദൈർഘ്യമുള്ള ഫിറ്റ്‌നസ് ഇടനാഴി, 4.6 കിലോമീറ്റർ ബീച്ചുകൾ, പ്രത്യേകമായി രൂപകൽപ്പന ചെയ്ത തീരദേശ നടപ്പാത എന്നിവ ഒരുക്കും.
അബൂദബിയിലെ ആദ്യത്തെ തീരദേശ ആരോഗ്യ ദ്വീപായി ഇത് അറിയപ്പെടും.ലോകത്തിലെ ആദ്യത്തെ ഫിറ്റ്‌വെൽ സർട്ടിഫൈഡ് ദ്വീപായി ഇത് മാറും.യാസ് ദ്വീപിനും സാദിയാത്ത് ദ്വീപിനും ഇടയിലാണ് ഫഹിദ് ഐലൻഡ് വരിക. സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന വിനോദ, സാംസ്‌കാരിക, വ്യോമയാന കേന്ദ്രങ്ങളിലേക്ക് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പ്രശസ്ത ആർക്കിടെക്റ്റുകളായ ജപ്പാനിലെ കെൻഗോ കുമ, കൊയിച്ചി ടകാഡ, ലണ്ടനിലെ എ സി എം ഇ, യു എ ഇയിലെ നാഗ ആർക്കിടെക്ട്‌സ് എന്നിവരുടെ റെസിഡൻഷ്യൽ ഡിസൈനുകളിലാണ് പദ്ധതിയിൽ രൂപപ്പെടുത്തുന്നത്.ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന ഫഹിദ് ബീച്ച് റെസിഡൻസിൽ ഏഴ് നിലകളുള്ള കെട്ടിടങ്ങളിൽ 65 അപ്പാർട്ടുമെന്റുകൾ ഉണ്ടാകും.
കൂടാതെ ടൗൺ ഹൗസുകളും ആഢംബര വില്ലകളും വരും. ദ്വീപിന്റെ 30 ശതമാനത്തിലധികം പ്രകൃതിദത്ത ഇടങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. കണ്ടൽക്കാടുകൾ, പൂന്തോട്ടങ്ങൾ, തണൽ നിറഞ്ഞ നടപ്പാതകൾ എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കും. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള ബെർം പാർക്ക് ലാൻഡ്‌സ്‌കേപ്പ് ചെയ്ത വെൽനസ് കോറിഡോറായും അബൂദബിയുടെ വലിയ സൈക്കിൾ ലൂപ്പുമായി ബന്ധിപ്പിക്കുന്ന മൂന്ന് സൈക്ലിംഗ് റൂട്ടുകളായും പ്രവർത്തിക്കും.
രണ്ട് കിലോമീറ്റർ നീളമുള്ള നടപ്പാതയാണ് ഈ പദ്ധതിയുടെ കേന്ദ്രബിന്ദു. ഇവിടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഭക്ഷണശാലകൾ, കലാസൃഷ്ടികൾ, പൊതു ഇടങ്ങൾ എന്നിവ ഉണ്ടാകും. കോറൽ ഡ്രൈവ് റീട്ടെയിൽ ബൊളിവാർഡിൽ ബോട്ടീക് സ്റ്റോറുകൾ, കഫേകൾ, ബാലെ സ്‌കൂൾ എന്നിവയും ഉൾപ്പെടും.