Connect with us

jnu

നിയമനങ്ങള്‍ക്ക് പിന്നിലെ ഒളിച്ചുകടത്തലുകള്‍

മോദി ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന് പുറമേ കരാര്‍വത്കരണത്തിനുള്ള ശ്രമങ്ങളും കേന്ദ്രം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യു ജി സി പുറത്തിറക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നത്.

Published

|

Last Updated

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) ചെയര്‍മാനായി ഡോ. ജഗദേശ്കുമാറിന്റെയും ജെ എന്‍ യുവിന്റെ വൈസ് ചാന്‍സലറായി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെയും നിയമനങ്ങള്‍ രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സര്‍വകലാശാലകളെയും പാഠ്യപദ്ധതികളെയും തങ്ങള്‍ക്ക് ഹിതകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഫാക്ടറികളാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം രാജ്യത്തിന് പുതുമയുള്ള കാര്യമല്ല. 1975 വരെ ചെറിയ രൂപത്തില്‍ ഇത്തരം ശ്രമം നടന്നിട്ടുണ്ടെങ്കിലും അതിന്റെ വേഗം വര്‍ധിക്കുന്നത് രണ്ടായിരത്തോടെയാണ്. 2014ല്‍ മോദി ഭരണകൂടത്തിന്റെ കടന്ന് വരവോടെ അത് ഉച്ചസ്ഥായിയിലെത്തി. അടുത്ത കാലത്തായി അക്കാദമിക് മേഖലകളില്‍ സമൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനായി ഭരണകൂടം കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തെ സര്‍വകലാശാലകളിലെയും പ്രമുഖ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും ഉന്നതസ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന അനുയായികളെ കുടിയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഡോ. ജഗദേശ് കുമാറിന്റെയും ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെയും നിയമനങ്ങള്‍.

ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനത്തിനായുള്ള പ്രത്യയശാസ്ത്രപരിസരം നിര്‍മിച്ചെടുക്കുകയെന്ന സംഘ്പരിവാര്‍ അജന്‍ഡ ഒന്നാം എന്‍ ഡി എ സര്‍ക്കാറിന്റെ അധികാരാരോഹണത്തോടെ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗവും ചരിത്രവും കാവിവത്കരിച്ചാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴിദൂരം കുറക്കാനാകുമെന്ന ബോധ്യം സംഘ്പരിവാറിനുണ്ട്. പ്രാഥമികമായി അക്കാദമിക് മേഖലകളില്‍ സമൂലമായ മാറ്റം കൊണ്ട് വരികയും വഴിയേ മറ്റു മേഖലകളിലും ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് കൃത്യമായ ആസൂത്രണങ്ങളോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും തളിരിടങ്ങളായ സര്‍വകലാശാലകളില്‍ വിഭജനത്തിന്റെ വിത്ത് പാകി രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സങ്കല്‍പ്പങ്ങൾ തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്.

രാജ്യത്തെ സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി സ്ഥാപിതമായ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായി കഴിഞ്ഞ ആഴ്ചയാണ് ഡോ. ജഗദേശ്കുമാര്‍ നിയമിതനാകുന്നത്. തികഞ്ഞ സംഘ്പരിവാര്‍ അനുകൂലിയായ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കാത്ത വ്യക്തിയാണ് യു ജി സി തലപ്പത്ത് അവരോധിതനായിരിക്കുന്നത്. ജെ എന്‍ യു വൈസ് ചാന്‍സലറായിരിക്കുമ്പോള്‍ അദ്ദേഹം സ്വീകരിച്ച വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ സംഘ്പരിവാര്‍ ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ക്യാമ്പസിന് പുറത്ത് പോലീസിനെ വിന്യസിച്ച് അക്രമകാരികള്‍ക്ക് രക്ഷയൊരുക്കാനുമാണ് അദ്ദേഹം മുതിര്‍ന്നത്. സര്‍വകലാശാലയുടെ മൗലിക സ്വഭാവങ്ങളാണ് സത്യാന്വേഷണവും ഏറ്റവും ഉദാത്തമായ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരവും. എന്നാല്‍ ഇത്തരം അടിസ്ഥാനപരമായ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന, ക്യാമ്പസിന്റെ ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ക്കും വിധം എ ബി വി പി അഴിഞ്ഞാട്ടങ്ങള്‍ക്ക് കളമൊരുക്കിക്കൊടുത്ത വ്യക്തിയെ യു ജി സി ചെയര്‍മാനായി നിയമിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം വ്യക്തമാണ്. സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം സ്റ്റേറ്റിന് അടിയറ വെക്കപ്പെട്ട, പാഠ്യപദ്ധതിയിലും ഫാക്കല്‍റ്റി നിയമനത്തിലും തങ്ങള്‍ക്ക് വിധേയപ്പെടുന്നവരെ മാത്രം കുടിയിരുത്തപ്പെടുന്ന രാജ്യമെന്ന സംഘ്പരിവാര്‍ സ്വപ്‌നമാണ് ഇവിടെ നടപ്പിലാക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

ജെ എന്‍ യു മുന്‍ വിസി ജഗദേഷ്‌കുമാറിനെ യു ജി സി ചെയര്‍മാനായി നിയമിച്ചതിന് പിന്നാലെയാണ് ജെ എന്‍ യു വൈസ് ചാന്‍സലറായി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ നിയമിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ പ്രഥമ വനിതാ വൈസ് ചാന്‍സലറാണെന്ന വിശേഷണം ഉയര്‍ത്തിയാണ് സംഘ്പരിവാര്‍ ഈ നിയമനത്തെ ആഘോഷിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ കടുത്ത ഗോഡ്‌സെ ആരാധികയായ, മുസ്‌ലിം വിദ്വേഷത്തിന്റെ അപ്പോസ്തലയായ ശാന്തിശ്രീയുടെ നിയമനത്തിന് പിന്നിലുള്ള ഒളിച്ചുകടത്തലുകള്‍ നാം കാണാതെ പോകരുത്. രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ ആരാധനാപൂര്‍വം നോക്കിക്കാണുന്ന, രാഷ്ട്രപിതാവിന്റെ കൊലപാതകത്തെ വളരെ ലാഘവത്തോടെ ന്യായീകരിക്കുന്ന ഒരു വ്യക്തിയെ രാജ്യത്തെ വിശ്വോത്തര സര്‍വകലാശാലയായ ജെ എന്‍ യുവിന്റെ വൈസ് ചാന്‍സലറായി നിയമിക്കുന്നതിനേക്കാള്‍ അശ്ലീലതയെന്താണുള്ളത്? ‘ഞാന്‍ ഗാന്ധിയെയും ഗോഡ്‌സയെയും അംഗീകരിക്കുന്നു. രണ്ട് പേരും ഭഗവദ്ഗീത വായിക്കുകയും വിശ്വസിക്കുകയും പരസ്പരവിരുദ്ധമായ പാഠങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. ഗോഡ്‌സെ പ്രവര്‍ത്തിയാണ് പ്രധാനമെന്ന് ചിന്തിച്ചു. ഇന്ത്യന്‍ അഖണ്ഡതക്ക് വേണ്ട ഉത്തരം മഹാത്മാഗാന്ധിയുടെ വധമാണ് എന്ന് തിരിച്ചറിഞ്ഞു. സാഡ്….’ 2019 മെയ് 16ന് ശാന്തിശ്രീ പണ്ഡിറ്റ് ട്വിറ്ററില്‍ പങ്ക് വെച്ച കുറിപ്പാണിത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടും തന്റെ വാദത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല. മെയ് 28 ന് ട്വിറ്ററില്‍ പങ്ക് വെച്ച കുറിപ്പിങ്ങനെയായിരുന്നു: ‘നിങ്ങള്‍ മുസ്‌ലിംകള്‍ക്ക് ചോരക്കൊതിയരായ മുസ്‌ലിം ഭരണാധികാരികളെ ആഘോഷിക്കാം. ഞങ്ങള്‍ക്ക് നാഥുറാം ഗോഡ്‌സയെക്കുറിച്ച് മിണ്ടാന്‍ പോലും പറ്റില്ലേ? ഗോഡ്‌സെ വംശഹത്യ ഒന്നും നടത്തിയിട്ടില്ലല്ലോ? ആകെ ഒറ്റ ഒരാളെയല്ലേ കൊന്നുള്ളൂ! ഗാന്ധിയുമായി ഗോഡ്‌സെക്ക് ആശയപരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു’. ജെ എന്‍ യു വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട ശേഷം ട്വീറ്റുകള്‍ വൈറലാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നായിരുന്നു ശാന്തിശ്രീ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളുന്നയിച്ച് ശാന്തിശ്രീ പണ്ഡിറ്റിനെ ഞങ്ങള്‍ കാണാന്‍ ശ്രമിച്ചുവെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി നേതാവ് ഐഷെ ഘോഷ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. രാഷ്ട്രപിതാവിനെ വീണ്ടും വീണ്ടും കൊന്ന് കൊണ്ടിരിക്കുന്ന, തീവ്രമായ അപരമത വിദ്വേഷം തങ്ങളുടെ ഐഡിയോളജിയായി കൊണ്ട് നടക്കുന്ന ഇത്തരം വ്യക്തികളെ രാജ്യത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് ഉണ്ടാക്കിത്തീര്‍ക്കുന്ന അപകടങ്ങള്‍ പ്രവചനാതീതവും അതിഭീകരവുമായിരിക്കും.

ക്ലിയര്‍ കട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകയെ തന്നെ ജെ എന്‍ യു വൈസ് ചാന്‍സലറായി നിയമിക്കുന്നത് കൃത്യമായ അജന്‍ഡകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. കാരണം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയും നിരന്തരം ശബ്ദിച്ച് കൊണ്ടിരിക്കുന്ന ഇടമാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി. ഹിന്ദുത്വ ആശയങ്ങള്‍ക്ക് നേര്‍ വിപരീതമായി സഞ്ചരിക്കുന്ന, ഹിന്ദുത്വ ഭരണകൂടം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്ന വസ്തുതകളുടെ പ്രതിഫലന ഇടങ്ങള്‍ കൂടിയാണ് ജെ എന്‍ യു. ഭരണകൂടത്തിന്റെ അമിതമായ നിയന്ത്രണങ്ങള്‍ക്കെതിരെയും പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെയും നിരന്തരം കലഹിച്ച് കൊണ്ടിരിക്കുന്ന ജെ എന്‍ യു ഭരണകൂടത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ലാത്തതാണ്. അതുകൊണ്ട് തന്നെയാണ് മോദി ഭക്തിയും ആര്‍ എസ് എസ് വിധേയത്വവും സമ്മേളിച്ച വ്യക്തിയെ തന്നെ ജെ എന്‍ യു വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നതും. മൗലാന ആസാദ് ഉറുദു സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായി ശ്രീ എം എന്നറിയപ്പെടുന്ന ശ്രീ മുംതാസ് അലിയെ നിയമിക്കപ്പെട്ടതിലും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സര്‍വകലാശാലകള്‍ ധൈര്യത്തിന്റെയും നിര്‍ഭയമായ അഭിപ്രായ പ്രകാശനങ്ങളുടെയും ഇടങ്ങളായിരിക്കണമെന്ന 1966ലെ കോത്താരി കമ്മീഷന്റെ അഭിപ്രായങ്ങള്‍ സമകാലിക ഇന്ത്യയില്‍ പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്.

വരും തലമുറയുടെ ചിന്താരീതി തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന രൂപത്തില്‍ പരിവര്‍ത്തനപ്പെടുത്തിയെടുക്കാനുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന്ന് അവതരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. യാഥാസ്ഥിതിക മധ്യകാല ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ടെക്സ്റ്റുകള്‍ കരിക്കുലത്തില്‍ തിരുകിക്കയറ്റി ശാസ്ത്രീയ മനഃസ്ഥിതിയെ തീര്‍ത്തും മാറ്റിനിര്‍ത്തുന്ന രൂപത്തിലുള്ള മാറ്റങ്ങളും അക്കാദമിക് തലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പാഠഭാഗം ലഘൂകരിക്കുകയാണെന്ന മറവില്‍ സി ബി എസ് ഇയുടെ സിലബസില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം വെട്ടിമാറ്റിയ ഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇത്തരം നിഗൂഢ താത്പര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

മോദി ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന് പുറമേ കരാര്‍വത്കരണത്തിനുള്ള ശ്രമങ്ങളും കേന്ദ്രം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യു ജി സി പുറത്തിറക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പകുതി അധ്യാപകരെ കരാര്‍ വ്യവസ്ഥയിലോ നിശ്ചിത കാലയളവിലോ നിയമിക്കാമെന്ന മാര്‍ഗരേഖ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കരാര്‍ നിയമനങ്ങള്‍ അനുവദിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റേറ്റിനോടുള്ള വിധേയത്വം മാനദണ്ഡമാക്കി സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നതിനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. കൂടാതെ വലിയ തോതില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇത് വഴി വെക്കുകയും ചെയ്യും. ഈയിടെയായി നിരവധി ഫെല്ലോഷിപ്പുകളാണ് വിശദീകരണമില്ലാതെ കേന്ദ്രം അവസാനിപ്പിച്ചത്. അധസ്ഥിത വിഭാഗങ്ങളുടെ ഗവേഷണങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന പ്രവണതയും ഇന്ന് രാജ്യത്ത് സജീവമായിട്ടുണ്ട്.

ഫാസിസം ഒരു വ്യക്തിയെയോ സ്റ്റേറ്റിനെയോ മാത്രമല്ല, സമൂഹത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ മാനസികാവസ്ഥയെ ബാധിച്ച് കൊണ്ടിരിക്കുന്ന കാലമാണിത്. സമൂഹത്തില്‍ ഏറ്റവും എളുപ്പത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുക സമൂഹം നിരന്തരം ഇടപെടുന്ന മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ്. അതിനാല്‍ തന്നെയാണ് അക്കാദമിക് തലങ്ങളില്‍ സംഘ്പരിവാര്‍ നിരന്തരം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അക്കാദമിക് മേഖലയുടെ കാവിവത്കരണത്തിനായുള്ള സംഘ്പരിവാര്‍ അജന്‍ഡകളുടെ നിര്‍വഹണ കേന്ദ്രമായി രാജ്യത്തെ സര്‍വകലാശാലകളും അനുബന്ധ സ്ഥാപനങ്ങളും പരിണാമം പ്രാപിക്കുന്നതിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രത്താകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest