Connect with us

ആത്മായനം

ഒരു ചീന്ത് കാരക്ക കൊണ്ടെങ്കിലും...

പണത്തിന്റെ പെരുമ കാണിക്കാനും മറ്റുള്ളവരോട് മത്സരിക്കാനും പ്രദർശനപരതക്കും വേണ്ടി ചെയ്യുന്ന നോമ്പുതുറകൾ വെറുമൊരു കാട്ടിക്കൂട്ടൽ മാത്രമായി അവസാനിക്കും. പ്രതിഫലങ്ങളൊട്ടും ലഭിച്ചേക്കില്ല. ചെയ്യുന്നത് എത്ര ചെറുതാണെങ്കിലും ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും വളരെ പ്രധാനമാണ്. അതുകൊണ്ടേ ഓരോന്നിന്റെയും ആത്യന്തിക ലക്ഷ്യം നേടാനാകൂ.

Published

|

Last Updated

മസാനിലെ സുവർണാവസരങ്ങളിൽ നമുക്ക് ലഭിച്ച അനുഗ്രഹമാണ് നോമ്പ് തുറപ്പിക്കാനുള്ള അവസരം.പൊതുവെ, മറ്റുള്ളവർക്ക് വിരുന്നൊരുക്കൽ ഇസ്്ലാം മഹത്തരമായി കാണുന്ന കർമമാണെങ്കിലും നോന്പുകാരന് വിരുന്നൊരുക്കുന്നതിൽ പ്രത്യേകം പ്രതിഫലങ്ങളുണ്ട്.
നോമ്പിനോടും അതനുഷ്ഠിച്ചവനോടുമുള്ള ആദരവിനോടൊപ്പം പാരസ്പര്യത്തെ ചേർത്തിണക്കുന്ന കർമമാണത്. സ്നേഹ സൗഹാർദങ്ങളുടെ കാലം കൂടിയാണല്ലോ റമസാൻ. നോമ്പ് നോറ്റവന് ലഭിക്കുന്ന പ്രതിഫലം തന്നെ അപരിമേയമായിരിക്കെ നോമ്പ് തുറപ്പിക്കുമ്പോൾ അതിന്റെ മടങ്ങ് നന്മകളാണ് വിശ്വാസിക്ക് ലഭിക്കുന്നത്. തിരുദൂതർ (സ) പഠിപ്പിക്കുന്നു: ഒരാളെ നോമ്പുതുറപ്പിക്കുന്ന പക്ഷം അവന്റെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ സമാന പ്രതിഫലം തുറപ്പിച്ചവനും ലഭിക്കുന്നതാണ് (തിർമുദി, ഇബ്നുമാജ, നസാഈ)

കൂടാതെ ഒരിക്കലും തള്ളപ്പെടാത്ത മാലാഖമാരുടെ പാപമോചന പ്രാർഥനയിൽ ഇടം ലഭിക്കാനും ഈ പ്രവർത്തനം കാരണമാകും. അക്കാര്യം തിരുനബി(സ) ഓർമപ്പെടുത്തി. സൽമാൻ (റ) രേഖപ്പെടുത്തുന്നു: അനുവദനീയമായ അന്നപാനീയങ്ങൾ കൊണ്ട് നോമ്പ് തുറപ്പിക്കുന്നവർക്ക് റമസാനിലെ ധന്യ മുഹൂർത്തങ്ങളിലെല്ലാം മലക്കുകൾ പാപമോചനം തേടും. ലൈലത്തുൽ ഖദ്റിൽ (ആയിരം മാസങ്ങളെക്കാൾ പവിത്രതയുള്ള രാവ് ) ജിബ്്രീൽ (അ) അവർക്കു വേണ്ടി പ്രത്യേകം പ്രാർഥന നടത്തും ( ത്വബ്റാനി, ഇബ്നു ഹിബ്ബാൻ) മറ്റൊരു ഹദീസിൽ പാപമുക്തിയോടൊപ്പം നരക മോചനത്തെയും വാഗ്ദാനം ചെയ്യുന്നത് കാണാം. അതിഥിയുടെ പ്രതിഫലങ്ങൾ നേടുന്നതിനു പുറമെ താൻ നൽകിയ ഭക്ഷണത്തിന്റെ ശക്തി അയാളിൽ ശേഷിക്കുന്ന കാലമത്രയും അയാൾ ചെയ്യുന്ന സുകൃതങ്ങളുടെ പ്രതിഫലങ്ങളിലും ആതിഥേയൻ പങ്കാളിയാകുമെന്ന് ഇബ്നു ഹജരിനിൽ ഹൈതമി അവിടുത്തെ ഇത്ഹാഫിൽ (പേ. 34) രേഖപ്പെടുത്തുന്നുണ്ട്.

പൂർവസൂരികൾ റമസാൻ കാലങ്ങളെ സജീവമാക്കിയത് ഖുർആൻ ഓതിയും ഇഫ്താർ ഒരുക്കിയുമായിരുന്നു. റമസാനെന്നാൽ അവ രണ്ടും തന്നെയാണെന്നായിരുന്നു ഇമാം ഇബ്നു റജബിന്റെ (റ) അഭിപ്രായം (ലത്വാഇഫുൽ മആരിഫ്). പത്ത് അടിമകളെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം റമസാനിൽ പത്ത് സ്നേഹിതരെ വിരുന്നൂട്ടലാണെന്നായിരുന്നു മഹത്തുക്കളുടെ നിലപാട്. നന്മകളിലും ഭയഭക്തിയിലും നിങ്ങൾ പരസ്പരം സഹകരിക്കണമെന്ന സൂറ: മാഇദയുടെ പാഠത്തെ ശിരസ്സാവഹിക്കലാണ് നോമ്പ് തുറപ്പിക്കുന്നതിലൂടെ വിശ്വാസി ചെയ്യുന്നത്. വിശ്വാസികൾക്കിടയിലുള്ള ബന്ധത്തെ സുദൃഢമാക്കാനും ധാർമികമായ സുരക്ഷിതത്വത്തിനും അത് കാരണമാകുന്നു. വിശക്കുന്നവന് അന്നം കൊടുക്കുന്നതിനെ സ്വർഗ പ്രവേശനവുമായാണ് തിരുദൂതർ (സ) ബന്ധിച്ചത്. വ്യക്തിപരമായും സാമൂഹികമായും നിർവഹിക്കാവുന്ന കർമമാണത്.

ഒരു കാരക്ക ചീന്തുകൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാക്കൂ എന്ന റസൂലിന്റെ നിർദേശം സാമ്പത്തിക ശേഷിയില്ലെങ്കിൽ പോലും കുഞ്ഞുകുഞ്ഞു സഹായങ്ങൾ കൊണ്ടും വലിയ നേട്ടങ്ങൾ നമുക്ക് നേടാനാകുമെന്നതിലേക്കുള്ള ചൂണ്ടുവിരലാണ്. പള്ളികളിലും പൊതുവിടങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന നോമ്പുതുറകളിൽ ഭക്ഷണം വിളംബിയാലും ഇരിപ്പിടങ്ങളൊരുക്കിയാലും അത്തരം പ്രവർത്തനങ്ങളെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രചോദിപ്പിച്ചാലും നമ്മുടെ ഹൃദയത്തിലെ കരുത്തിനനുസരിച്ച് വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാൻ കഴിഞ്ഞേക്കും. തന്റെ പണത്തിന്റെ പെരുമ കാണിക്കാനും മറ്റുള്ളവരോട് മത്സരിക്കാനും പ്രദർശനപരതക്കും വേണ്ടി ചെയ്യുന്ന നോമ്പുതുറകൾ വെറുമൊരു കാട്ടിക്കൂട്ടൽ മാത്രമായി അവസാനിക്കും.

പ്രതിഫലങ്ങളൊട്ടും ലഭിച്ചേക്കില്ല. ചെയ്യുന്നത് എത്ര ചെറുതാണെങ്കിലും ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും വളരെ പ്രധാനമാണ്. അതുകൊണ്ടേ ഓരോന്നിന്റെയും ആത്യന്തിക ലക്ഷ്യം നേടാനാകൂ. ഭക്ഷണം നശിപ്പിക്കും വിധമുള്ള ആർഭാട നോമ്പുതുറകളെയും ശരീരത്തിന് ദോഷം ചെയ്യുന്ന വിഭവങ്ങളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അത് നോമ്പിനോടും നോമ്പുകാരനോടുമുള്ള അനാദരവാണ്. പാവങ്ങളെ അവഗണിക്കുന്ന വിരുന്ന്, നോമ്പ് തുറയാണെങ്കിലും അല്ലാഹു വെറുത്ത വിരുന്നാണ്. നിർമല മനസ്സോടെ എല്ലാവരെയും ചേർത്ത് നിർത്തി സ്നേഹത്തോടെ നമുക്കുമൊരു നോമ്പുതുറപ്പിച്ചാലോ?. ഒരു ചീന്ത് കാരക്കകൊണ്ടെങ്കിലും.