Connect with us

Articles

അറുതിയാകാതെ ആകാശക്കൊള്ള

സീസണുകളിലെ ടിക്കറ്റ് നിരക്ക് സ്വാഭാവികമാണെന്നും യാത്രക്കാർ വിപണി മനസ്സിലാക്കി കളിക്കണമെന്നും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ഉദ്ദേശ്യമില്ലെന്നുമുള്ള കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന അടുത്ത കാലത്ത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ജനങ്ങളുടെ ക്ഷേമം ആത്യന്തിക ലക്ഷ്യമാകേണ്ട ഭരണകൂടങ്ങൾ ചൂഷകർക്ക് അരുനിൽക്കുന്നത് നീതീകരിക്കാവുന്നതല്ല.

Published

|

Last Updated

പതിവ് പോലെ ഫെസ്റ്റിവൽ, അവധിക്കാല സീസണുകളിലെ വിമാന യാത്രാ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ് വിമാനക്കമ്പനികൾ. വേനലവധിയും റമസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ നാലിരട്ടിയോളം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഗൾഫ് സെക്ടറിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിലെ ടിക്കറ്റ് നിരക്കിലാണ് ഭീമമായ വർധനവ് ഉണ്ടായിട്ടുള്ളത്. നാമമാത്രമായ ശമ്പളത്തിന് ജോലി ചെയ്ത് അവധി ദിനങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ യാത്ര തിരിക്കുന്നവരെ കൊള്ളയടിക്കുന്ന പ്രവണത നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. സീസണുകളിലെ ടിക്കറ്റ് നിരക്ക് സ്വാഭാവികമാണെന്നും യാത്രക്കാർ വിപണി മനസ്സിലാക്കി കളിക്കണമെന്നും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ഉദ്ദേശ്യമില്ലെന്നുമുള്ള കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന അടുത്ത കാലത്ത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ജനങ്ങളുടെ ക്ഷേമം ആത്യന്തിക ലക്ഷ്യമാകേണ്ട ഭരണകൂടങ്ങൾ ചൂഷകർക്ക് അരുനിൽക്കുന്നത് നീതീകരിക്കാവുന്നതല്ല.
ഉയർന്ന ചെലവും വർധിച്ച ഡിമാന്റുമാണ് നിരക്ക് വർധനക്ക് കാരണമെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. എന്നാൽ രാജ്യാന്തര വിപണിയിൽ ജെറ്റ് ഇന്ധനത്തിന്റെയടക്കം നിരക്ക് താരതമ്യേന കുറഞ്ഞിട്ട് പോലും അമിത ചാർജ് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നതാണ് വസ്തുത. കഴിഞ്ഞ വർഷം വിമാന ഇന്ധന വില കുറഞ്ഞ അവസരങ്ങളിലൊന്നും അതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നൽകാൻ വിമാനക്കമ്പനികൾ തയ്യാറായിരുന്നില്ല എന്നത് ഇതിനോട് ചേർത്തി വായിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്ന് ഖത്വറിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഇരുപതിനായിരത്തിലധികം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് ഗൾഫ് സെക്ടറുകളിലേക്കുള്ള നിരക്കിന്റെ തോതും സമാനമാണ്.

യൂറോപ്പ്, കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള നിരക്കിലും ഭീമമായ വർധനവാണുണ്ടായിട്ടുള്ളത്. നാട്ടിലേക്കുള്ള നിരക്കിനേക്കാൾ അഞ്ചിരട്ടി പണം നൽകിയാണ് കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രവാസികൾ യാത്ര ചെയ്യേണ്ടി വരുന്നത്. വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികളെയും ഇത് വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല. കൂടാതെ എയർ ഇന്ത്യ യു എ ഇ മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള പതിനാലോളം സർവീസുകൾ നിർത്തലാക്കിയതും എയർ ഇന്ത്യ എക്സപ്രസ്സ് രണ്ടിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് നൽകിയിരുന്ന കിഴിവ് നിർത്തലാക്കിയതും പ്രവാസി കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ പുരോഗതിയിൽ അതിനിർണായക പങ്ക് വഹിച്ചവരാണ് പ്രവാസികളെന്നതിൽ സന്ദേഹമേതുമില്ല. രാജ്യം, പ്രത്യേകിച്ച് കേരളം കൈവരിച്ചിട്ടുള്ള നാനോന്മുഖ മുന്നേറ്റത്തിൽ പ്രവാസികൾ കൃത്യമായ ഭാഗധേയത്വം വഹിച്ചിട്ടുണ്ട്. ഗൾഫ് കുടിയേറ്റങ്ങൾ രാജ്യത്തിന്റെ, പ്രധാനമായും കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളിൽ ഉണ്ടാക്കിയെടുത്ത പുരോഗതി അനിർവചനീയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 ലധികം രാജ്യങ്ങളിൽ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഗൾഫ് സെക്ടറിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ കൂടുതലും. ഗൾഫിൽ മാത്രം മുപ്പത് ലക്ഷത്തോളം മലയാളികൾ മാത്രം താമസിക്കുന്നു. ഇതിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗവും പ്രവാസികളായി കഴിയുന്നുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്നവരിൽ നിന്നായി വർഷം തോറും രാജ്യത്തേക്ക് ബേങ്കുകൾ മുഖേന ഭീമമായ തുക എത്തുന്നുണ്ട്. ഐക്യ രാഷ്ട്രസഭയുടെയും ലോകബേങ്കിന്റെയും കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രമായി പ്രവാസികളിൽ നിന്ന് 25,000 കോടി യു എസ് ഡോളർ രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് റിപോർട്ട്. 2022 ൽ പ്രവാസികൾ ഇന്ത്യയിലേക്കയച്ചത് 100 ബില്യൺ ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് പ്രവാസി പണവരവിൽ 12 ശതമാനം മാറ്റമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. നൂറ് ബില്യണിൽ മുപ്പത് ശതമാനം ഗൾഫ് സെക്ടറിൽ നിന്നും 23 ശതമാനം അമേരിക്കയിൽ നിന്നുമാണ് രാജ്യത്ത് എത്തിയത്. രാജ്യത്തിന്റെ വളർച്ചയിലും മുന്നേറ്റത്തിലും പ്രവാസികൾ അഭിവാജ്യഘടകമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ട് പോലും വർഷങ്ങളായി പ്രവാസികളോട് ഭരണകൂടങ്ങൾ വെച്ച് പുലർത്തുന്ന നിഷേധാത്മക സമീപനം തിരുത്താൻ ഇപ്പോഴും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. എല്ലാ അവധിക്കാലങ്ങളിലും വിമാനക്കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പരിഭവപ്പെടാനും ഭരണകൂടങ്ങളുടെ താത്കാലിക പ്രഖ്യാപനങ്ങളിൽ സംതൃപ്തിയടയാനുമാണ് പ്രവാസികളുടെ വിധി.
പ്രവാസികൾ രാജ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാണെന്നും രാഷ്ട്ര നിർമാണത്തിൽ പ്രവാസികൾ നൽകിയത് അസാധാരണമായ സംഭാവനകളാണെന്നും പ്രവാസി ഭാരതീയ ദിവസിൽ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി വലിയ കൈയടി നേടുകയുണ്ടായി. എന്നാൽ ദിവസങ്ങൾക്ക് ശേഷം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരെ പരിഗണിച്ചതേയില്ല.

പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുതകുന്ന ഒന്നും തന്നെ ബജറ്റിൽ പരാമർശിച്ചിട്ടുമില്ല. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കാനോ അവധിക്കാലങ്ങളിൽ തുടർക്കഥയായ ഇത്തരം ചൂഷണങ്ങളിൽ നിന്ന് പ്രവാസികളെ സംരക്ഷിക്കാനാവശ്യമായ ഫണ്ടുകൾ മാറ്റി വെക്കാനോ കേന്ദ്രസർക്കാർ തയ്യാറായില്ല. വിദേശ നാണ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളായ കേന്ദ്രഗവൺമെന്റ് ഇത്തരം വിഷയങ്ങളിൽ കാണിക്കുന്ന നിസ്സംഗതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. വിദേശ പര്യടനവേളകളിൽ രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും ഒഴിച്ച് കൂടാനാകാത്തവരാണ് പ്രവാസികളെന്ന ഭരണകൂടത്തിന്റെ സ്ഥിരം പുകഴ്ത്തലുകൾ കേട്ട് കൈയടിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസികൾ. അതേസമയം രാജ്യത്ത് ഭരണകൂടങ്ങൾ തീർത്തും പ്രവാസിവിരുദ്ധമായ നടപടികൾക്ക് കൂട്ട്നിൽക്കുകയും സാധ്യമായ വിധത്തിലൊക്കെ പ്രവാസികളെ ചൂഷണങ്ങൾക്ക് ഇരയാക്കുകയുമാണ് ചെയ്യുന്നത്.
അമിത നിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ ആശാവഹമാണ്. ഫെസ്റ്റിവൽ സീസണുകളിലെ നിരക്ക് വർധനവിൽ കേന്ദ്രസർക്കാർ വിമാനക്കമ്പനികളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേവലം കത്തിടപാടിൽ ഒതുങ്ങാതെ സംസ്ഥാന സർക്കാർ വിഷയത്തെ ഗൗരവതരമായി സമീപിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പരിഹാരം കാണേണ്ടതുമുണ്ട്. പ്രവാസികളിൽ നിന്ന് പൂർണമായും മുഖം തിരിച്ച കേന്ദ്ര ബജറ്റിൽ നിന്ന് അൽപ്പമെങ്കിലും വിഭിന്നമായിരുന്നു കേരള ബജറ്റ്.

പ്രവാസികൾക്കായി ആനുകൂല്യങ്ങളും പുനരിധിവാസ പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായെങ്കിലും മുൻ വർഷങ്ങളിലേത് പോലെ കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങുമോ എന്ന ആശങ്കയും ബാക്കി നിൽക്കുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപവത്കരിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയിരുന്നു. വിമാന യാത്രാ നിരക്കിൽ ഇടപെടുന്നതിനായി സർക്കാർ നടത്തിയ ഈ പ്രഖ്യാപനം പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പക്ഷേ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയടക്കം അനുമതി ആവശ്യമുള്ള പദ്ധതി എത്രത്തോളം പ്രായോഗികമാണ് എന്നത് കണ്ടറിയേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിലും സാമൂഹിക മുന്നേറ്റത്തിലും നിർണായക പങ്ക് വഹിച്ചവരാണ് പ്രവാസി സമൂഹമെന്നത് അവിതർക്കിതമായ കാര്യമാണ്. എന്നിട്ട് പോലും പ്രവാസികൾ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്ന ചൂഷണങ്ങൾക്കെതിരെ നമ്മുടെ സമൂഹത്തിൽ നിന്ന് നാമമാത്രമായ പ്രതിഷേധം മാത്രമേ ഉയർന്ന് കേൾക്കുന്നുള്ളൂ. മുഖ്യധാരയുടെ അജൻഡ തീരുമാനിക്കാൻ കെൽപ്പുള്ള മാധ്യമങ്ങൾ പോലും വിഷയത്തിൽ മൗനം ദീക്ഷിക്കുന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു നിലക്കെങ്കിലും പ്രവാസി സമൂഹത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് ജീവിക്കുന്ന കേരളീയ സമൂഹം, പ്രവാസികളെ കേവലം കറവ പശുക്കളായി കാണാതെ വിഷയം അതീവഗൗരവത്തിൽ പരിഗണിക്കുകയും പരിഹാരത്തിനുള്ള മാർഗങ്ങൾ കാണേണ്ടതുമുണ്ട്.

Latest