Connect with us

Articles

അവസാനമില്ലാത്ത ആകാശച്ചതി

ഇന്ത്യന്‍ സെക്ടറിലെ യാത്രാ അനിശ്ചിതത്വത്തിന്റെ നിരവധി റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കുന്നു, അനിശ്ചിതമായി വൈകുന്നു, ഉത്തരവാദപ്പെട്ടവരാരുമില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുന്നു. യാത്രാ പ്രതിസന്ധി എന്നത്തേക്കാളും രൂക്ഷമായി. വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ കാര്യം അതിദയനീയം. നാഥനില്ലാ കളരിയായി ഇന്ത്യന്‍ വ്യോമയാന മേഖല മാറിക്കൊണ്ടിരിക്കുന്നു.

Published

|

Last Updated

പൊതുവെ, പൗരന്മാര്‍ക്ക് ഓരോ രാജ്യത്തെയും ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും നിര്‍ണായകമായ അവകാശങ്ങളില്‍ ഒന്നാണ് സഞ്ചാര സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടനയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം വകവെച്ചു നല്‍കുന്നുണ്ട്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് സഞ്ചാരത്തില്‍ രൂപപരിണാമങ്ങള്‍ ഉണ്ടാകും. അങ്ങനെയാണ് വിമാന യാത്രകള്‍ സര്‍വത്രികമാകുന്നത്. മുമ്പ് വിദേശ യാത്രക്ക് മാത്രമായിരുന്നു വിമാനങ്ങളെ ഏറെ ആശ്രയിച്ചിരുന്നത്. ഇന്നാകട്ടെ, സംസ്ഥാനത്തെ ഒരു ദിക്കില്‍ നിന്ന് മറ്റേ ദിക്കിലേക്ക് പോകാന്‍ പോലും വിമാനങ്ങള്‍ വേണമെന്ന സാഹചര്യം വന്നിരിക്കുന്നു. നിരവധി ഘടകങ്ങള്‍ അതിന് കാരണമായിട്ടുണ്ട്. ആളുകളുടെ തിരക്ക് പിടിച്ച ജീവിതം തന്നെ പ്രധാനം. ലോകം ഒരു ആഗോള ഗ്രാമമായി മാറിയതിനാല്‍, വിവിധ കോണുകളില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ എളുപ്പമായി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആളുകള്‍ക്ക് ലോകത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. അതനുസരിച്ച് ഏവിയേഷന്‍ വ്യവസായം വികസിച്ചു വന്നതിനാല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുമുണ്ടായി.

2014 മുതല്‍ ഇന്ത്യന്‍ വ്യോമയാന രംഗം അപ്രതീക്ഷിതമായ വളര്‍ച്ചയുടെ ഭാഗമായിരുന്നു. പല ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കും പറക്കുന്നവരില്‍ ഇന്നും ഇന്ത്യക്കാരാണ് മുന്‍നിരയില്‍. അബൂദബി എയര്‍പോര്‍ട്ട് പുറത്തുവിട്ട കഴിഞ്ഞ വര്‍ഷത്തെ കണക്കിലും അത് കാണാം. എന്നാല്‍ ഈ സാഹചര്യത്തിലും ഇന്ത്യയിലെ വിമാനക്കമ്പനികള്‍ യാത്രക്കാരെയും യാത്രാ ആവശ്യങ്ങളെയും പരിഗണിക്കുന്നത് ഏത് തരത്തിലാണെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഈ കുറിപ്പെഴുതുമ്പോഴും ഇന്ത്യന്‍ സെക്ടറിലെ യാത്രാ അനിശ്ചിതത്വത്തിന്റെ നിരവധി റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കുന്നു, അനിശ്ചിതമായി വൈകുന്നു, ഉത്തരവാദപ്പെട്ടവരാരുമില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുന്നു. യാത്രാ പ്രതിസന്ധി എന്നത്തേക്കാളും രൂക്ഷമായി. വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ കാര്യം അതിദയനീയം. നാഥനില്ലാ കളരിയായി ഇന്ത്യന്‍ വ്യോമയാന മേഖല മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഇതെല്ലാം വിളിച്ചോതുന്നത്.

യാത്രയുടെ രീതികള്‍
കൊവിഡ് മഹാമാരിക്ക് ശേഷം യാത്രകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ലോകവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ദേശങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് വിമാനക്കമ്പനികളും രൂപം നല്‍കി. ആഗോള പ്രശസ്ത വിമാന കമ്പനികളൊക്കെ പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവരുടെ മേഖല വിപുലപ്പെടുത്തുന്നു. ഇന്‍ ഫ്‌ളൈറ്റ് സേവനങ്ങള്‍ മികവുറ്റതാക്കാനും “അവിസ്മരണീയമാക്കാനും’ മത്സരിക്കുകയാണ് അവര്‍. ഗള്‍ഫ് മേഖലയിലെ മുന്‍നിര വിമാന കമ്പനികളായ ഖത്വര്‍ എയര്‍വേയ്സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ഇതില്‍ ഏറെ മുന്നില്‍. സഊദി അറേബ്യ പുതിയ വിമാനക്കമ്പനിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ വിമാനത്താവളങ്ങള്‍ വലിയ രീതിയില്‍ നവീകരിക്കപ്പെടുന്നു. ദുബൈയില്‍ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാന്‍ 12,800 കോടി ദിര്‍ഹം (ഏകദേശം 3,00,000 കോടി രൂപ) ചെലവിടുന്ന പദ്ധതി 10 വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ജിദ്ദ, അബൂദബി, മസ്‌കത്ത്, ദോഹ അടക്കം ഗള്‍ഫ് നഗരങ്ങളിലെ നിരവധി വിമാനത്താവളങ്ങള്‍ പുനര്‍നിര്‍മിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ വ്യോമയാന മേഖല കിതച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നത്.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ പ്രതിസന്ധി
“പതാക വഹിക്കുന്ന ഔദ്യോഗിക വിമാനം ഇല്ലാത്ത രാജ്യം’ – ഇന്ത്യയിലെ വ്യോമയാന പ്രതിസന്ധിയെ ഈ വാചകത്തില്‍ ഒതുക്കാനാകും. ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ കമ്പനിക്ക് ഭരണകൂടം വില്‍പ്പന നടത്തി. എല്ലാം സ്വകാര്യവത്കരിക്കുന്ന നയത്തിന്റെ ഭാഗമായി വിമാനത്താവളങ്ങള്‍ക്കൊപ്പം മഹാരാജാവിന്റെ ചിത്രം വഹിക്കുന്ന വിമാനക്കമ്പനിയും 2022ല്‍ കൈമാറ്റം ചെയ്യപ്പെട്ടു. നേരത്തെ തന്നെ നഷ്ടത്തിന്റെ പടുകുഴിയില്‍ വീണ മഹാരാജാവിനെ രക്ഷിക്കാന്‍ പക്ഷേ ടാറ്റക്കും കഴിഞ്ഞില്ലെന്നാണ് റിപോര്‍ട്ട്. ടാറ്റ ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, പുറത്തുവന്ന കണക്ക് ഞെട്ടിപ്പിക്കുന്നതായിരുന്നു. 11,388 കോടിയുടെ നഷ്ടമാണ് ആ വര്‍ഷമുണ്ടായത്.
സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, വിസ്താര എന്നിവയാണ് ഇന്ത്യയില്‍ നിന്ന് വിദേശ സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികള്‍. ഇവയില്‍ ഏതാണ്ടെല്ലാം നഷ്ടത്തിന്റെ കണക്കുകളാണ് പ്രതിവര്‍ഷം പുറത്തുവിടുന്നത്. മുംബൈ ആസ്ഥാനമായുള്ള വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തം പ്രഖ്യാപിച്ചു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന്, 2024 മെയ് ഒന്നിന്, ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത 54 വിമാനങ്ങളുടെ കരാറുകളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) റദ്ദാക്കി.
സ്പൈസ് ജെറ്റ് ഭീമമായ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് സി ഇ ഒ അടക്കമുള്ളവര്‍ രാജിവെക്കുകയുണ്ടായി. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഈ എയര്‍ലൈന്‍ 34.6 മില്യണ്‍ യു എസ് ഡോളറിന്റെ നഷ്ടക്കണക്ക് പുറത്തുവിട്ടു. 2019 മുതല്‍ 2023 വരെ 5,526 കോടി രൂപയുടെ നഷ്ടമാണ് സ്പൈസ് ജെറ്റ് രേഖപ്പെടുത്തിയത്. ഇന്‍ഡിഗോക്കും നഷ്ടത്തിന്റെ കണക്കുകളാണ് 2020 മുതല്‍ പറയാനുള്ളത്. 2023 വരെ 12,566 കോടി രൂപയുടെ നഷ്ടമുണ്ട് ഇന്‍ഡിഗോക്ക്.

മറുവശത്തെ ചില കണക്കുകള്‍ കൂടി പരിശോധിക്കാം. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് കഴിഞ്ഞ വര്‍ഷം മാത്രം നേടിയ ലാഭം 1,870 കോടി ദിര്‍ഹം (ഏകദേശം 42,500 കോടി രൂപ)യാണ്. കൊവിഡ് മഹാമാരി ഘട്ടത്തില്‍ മാത്രമാണ് അവര്‍ക്ക് ചെറിയ ഇളക്കം സംഭവിച്ചത്. ഈ വര്‍ഷം മികച്ച ലാഭവിഹിതം നേടിയപ്പോള്‍ ജീവനക്കാര്‍ക്ക് 20 ആഴ്ചകളിലെ ശമ്പളം ബോണസായി നല്‍കി. ശമ്പളം നാല് ശതമാനം വര്‍ധിപ്പിച്ചു. ഇത്തിഹാദ് എയര്‍വേസ് 52.5 കോടി ദിര്‍ഹം ലാഭമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഖത്വര്‍ എയര്‍വേസ് 440 കോടി റിയാലിന്റെ നേട്ടവുമുണ്ടാക്കി. അമേരിക്കയില്‍ നിന്നുള്ള ഡെല്‍റ്റ എയര്‍ലൈന്‍ 1.90 ബില്യണ്‍ ഡോളറാണ് ലാഭം നേടിയത്. ലോകത്തിലെ മിക്ക എയര്‍ലൈനുകളെ പരിശോധിച്ചാലും ഇത്തരത്തിലുള്ള മികവിന്റെ കഥകളും കണക്കുകളുമാണ് പറയാനുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പറക്കുന്ന ഒരു രാജ്യത്തെ വിമാന കമ്പനികള്‍ മാത്രം നഷ്ടക്കണക്കുകളുടെ പട്ടിക നീട്ടുന്നത്? ഇത് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിലും പൗരന്മാരായ നമ്മെ അലോസരപ്പെടുത്തുന്നതാണ്. കേവലം ചില സ്വകാര്യ കമ്പനികളുടെ നഷ്ടക്കഥക്കപ്പുറം പൗരന്മാരുടെ യാത്രാ അവകാശവുമായി ബന്ധപ്പെട്ട ചില സാമൂഹിക വശങ്ങള്‍ അതിനുണ്ട്. അവ ചെന്നെത്തുക ഉത്തരേന്ത്യന്‍ ലോബിയിംഗിലാണ്, അതിനെ തകര്‍ത്തെറിയേണ്ടതുമുണ്ട്.

ഗുരുതര വീഴ്ചകളുടെ കാരണം
യാത്രക്കാരെ പരിഗണിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തീരെ ഒരുക്കമല്ല എന്നിടത്താണ് നഷ്ടക്കണക്കുകളുടെ തുടക്കം. വിമാനയാത്ര ഒരു പേടിപ്പെടുത്തുന്ന അനുഭവമാക്കാന്‍ പണിപ്പെടുന്ന പോലെയാണ് പല വിമാന കമ്പനികളും സര്‍വീസ് നടത്തുന്നത്. ആഗോള യാത്രാ ഡാറ്റ തയ്യാറാക്കുന്ന ഒ എ ജി ഈ വര്‍ഷം മെയില്‍ പുറത്തിറക്കിയ ടൈം പെര്‍ഫോമന്‍സ് റിപോര്‍ട്ടില്‍, സമയക്രമം പാലിക്കുന്ന വിമാനങ്ങളുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനുമില്ല. ഒമാന്‍ എയര്‍ 95.1 ശതമാനത്തോടെ ലോകത്ത് രണ്ടാം സ്ഥാനത്താണ്. സഊദി എയര്‍ലൈനും പട്ടികയിലുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കേണ്ട ആളുകള്‍ക്ക് സമയം വിലപ്പെട്ടതാണ്. ഉറ്റവര്‍ മരണപ്പെട്ടിട്ട് നാട്ടിലേക്ക് വരുന്നവര്‍, ചികിത്സ തേടുന്നവര്‍, വിവാഹത്തിന് ഒരുങ്ങി വരുന്ന വധൂവരന്മാര്‍, മറ്റു ചടങ്ങുകള്‍ക്കും മീറ്റിംഗുകള്‍ക്കും വരുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഓരോ വിമാനങ്ങളിലും യാത്ര ചെയ്യുന്നത്. അവരെയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ പന്തുതട്ടുന്ന ലാഘവത്തോടെ തട്ടിക്കളിക്കുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് നടക്കുന്ന വിമാനത്താവളങ്ങളിലൊക്കെ ആളുകള്‍ അനിശ്ചിതമായി കഴിയേണ്ട അവസ്ഥ നിരന്തര കാഴ്ച. വിമാനം വൈകിയാല്‍ അതിന് വ്യക്തമായ മറുപടി പറയാനോ പകരം സംവിധാനങ്ങള്‍ ഒരുക്കാനോ അവര്‍ മുന്നോട്ട് വരുന്നില്ല. എയര്‍പോര്‍ട്ട് ലോഞ്ചിലെ പരിമിത കസേരകളിലും നിലത്ത് തുണിവിരിച്ചും സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്നവര്‍ അടുത്ത വിമാനം എത്തുന്നത് വരെ കഴിയേണ്ടിവരുന്ന കാഴ്ച നമ്മുടെ രാജ്യത്തിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്തുന്നുണ്ട്. യാത്ര അനിശ്ചിതത്വത്തിലായവര്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ല, ഹോട്ടല്‍ മുറികള്‍ നല്‍കുന്നില്ല, നഷ്ടപരിഹാരം കമ്പനികളുടെ അജന്‍ഡയില്‍ വന്നിട്ടേ ഇല്ല.
മറുവശത്ത് അതിഥികളെ എങ്ങനെയാണ് അന്താരാഷ്ട്ര വിമാന കമ്പനികള്‍ പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും അവരുടെ യാത്രയില്‍ ഒരു തടസ്സം അനുഭവപ്പെടണം. തങ്ങളുടെ അതിഥികളായ യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം വന്നാല്‍ അവരെ നന്നായി പരിചരിക്കാന്‍ ഏറെപ്പേരുണ്ടാകും. തൊട്ടടുത്ത് വരുന്ന വിമാനത്തില്‍ യാത്ര ഒരുക്കുന്നതിനൊപ്പം താത്കാലിക താമസം, ഭക്ഷണം, നഷ്ടപരിഹാരമായി നിശ്ചിത സമയത്ത് മറ്റൊരു യാത്രക്ക് കൂടി അവസരം തുടങ്ങി അവര്‍ നല്‍കുന്ന പരിഗണനകള്‍ പ്രധാനമാണ്.
സാങ്കേതിക, യന്ത്രത്തകരാറുകളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ മുടങ്ങാന്‍ പ്രധാന കാരണം. കേരള സെക്ടര്‍ ഇതിന്റെ ഏറ്റവും തീവ്രമായ രൂപം അനുഭവിക്കുന്നു. പാട്ടത്തിനെടുത്തതും ഓടി തഴമ്പിച്ചതുമായ പഴയ വിമാനങ്ങളാണ് യാത്രക്കാര്‍ ഏറെയുള്ള ഗള്‍ഫ് സെക്ടറുകള്‍ക്കായി മാറ്റിവെച്ചത്. ജീവനക്കാരുടെ അപര്യാപ്തത മറ്റൊരു കാരണം. എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് ഈയിടെയായിരുന്നു. എത്ര ജീവിതങ്ങളെയാണ് അത് ബാധിച്ചത് എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? മസ്‌കത്തില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് യാത്ര മുടങ്ങിയ സംഭവത്തില്‍ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വ്യക്തമാക്കിയത്. അടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കിയിരുന്നുവെന്നാണ് കമ്പനിയുടെ വാദം.
ഈ നിരുത്തരവാദ നടപടികള്‍ക്കിടയിലും അനിയന്ത്രിതമായി ഉയര്‍ത്തുന്ന വിമാന നിരക്ക് യാത്രക്കാരുടെ നടുവൊടിക്കുന്നുവെന്ന പരിഭവത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയര്‍ലൈന്‍സുകള്‍ക്കാണ്. 1994ല്‍ എയര്‍ കോര്‍പറേഷന്‍ നിയമം റദ്ദാക്കിയതിന് ശേഷമാണ് ഈ സ്ഥിതി ഉണ്ടായത്. അതിനാല്‍ തന്നെ എല്ലാ സീസണ്‍ സമയങ്ങളിലും യാത്രക്കാരുടെ കീശയില്‍ കൈയിട്ടുവാരാനാണ് എയര്‍ലൈനുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കുക പോലുമുണ്ടായി. നാട്ടിലേക്ക് വരേണ്ട പരിമിത വരുമാനക്കാരായ പ്രവാസികളടക്കമുള്ളവരെ ഇങ്ങനെ കൊള്ളയടിക്കുന്നത് എന്തിനാണെന്ന് ചോദിക്കാന്‍ പോലും ആരുമില്ല എന്നതാണ് യാഥാര്‍ഥ്യം.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കാന്‍ കേരള സര്‍ക്കാറും എം പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന യാത്രാ പ്രതിസന്ധി ചര്‍ച്ച ചെയ്ത് ഐ സി എഫ് ഇപ്പോള്‍ നടത്തിവരുന്ന “അവസാനിക്കാത്ത ആകാശച്ചതി’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസി സമൂഹവും ആവശ്യപ്പെടുന്നത് അത് തന്നെയാണ്.

Latest