Connect with us

National

പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ഭാരത് ജോഡോ യാത്രക്ക് ഉജ്ജ്വല സമാപനം

സമാപനം കുറിച്ചത് 140 ദിവസത്തിലധികം നീണ്ട യാത്രക്ക്

Published

|

Last Updated

ശ്രീനഗർ |  കനത്ത മഞ്ഞു വീഴ്ച വകവെക്കാതെയെത്തിയ പതിനായിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ഉജ്ജ്വല പരിസമാപ്തി. സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ നേർക്കാഴ്ച കൂടിയായി. പ്രതിപക്ഷ ചേരിയിലെ 11 പാർട്ടികളുടെ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

വികാരഭരിതമായിരുന്നു രാഹുലിൻ്റെ പ്രസംഗം. ആക്രമണങ്ങള്‍ നല്‍കുന്ന വേദന തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പുല്‍വാമ രക്തസാക്ഷികളുടെ ഉറ്റവരുടെ മനസ്സിലൂടെ എന്താണ് കടന്നുപോയതെന്ന് തനിക്ക് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.  നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലുള്ള ബി.ജെ.പിയുടെ നേതാക്കള്‍ക്കും ആര്‍.എസ്.എസ്. അംഗങ്ങള്‍ക്കും ഈ വേദന മനസ്സിലാക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും രക്ഷസാക്ഷിത്വത്തെയും രാഹുല്‍ പരാമര്‍ശിച്ചു. ജീവിക്കുന്നെങ്കിൽ ധീരമായി ജീവിക്കണമെന്നും അതിനാണ് താൻ കശ്മീരുൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ നടന്നതെന്നും രാഹുൽ വ്യക്തമാക്കി.

പദയാത്ര ഇന്നലെ വൈകീട്ടോടെ സമാപിച്ചിരുന്നു. തുടർന്ന്, ഇന്ന ് രാവിലെ ശ്രീനഗറിലെ ലാൽ ചൌക്കിൽ ഇന്ത്യൻ പതാക ഉയർത്തി. സമാപന സമ്മേളനം ആരംഭിക്കാൻ ഉദ്ദേശിച്ച സമയത്ത് ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ട് വൈകിയാണ് സമ്മേളനം ആരംഭിച്ചത്. മഞ്ഞുവീഴ്ചക്ക് വലിയ ശമനമൊന്നും ഉണ്ടായില്ലെങ്കിലും കുടയും ഓവർ കോട്ടും ഉൾപ്പെടെയുമുള്ളവയുമായാണ് രാഹുലും അണികളും സമ്മേളനത്തിനെത്തിയത്.

എസ് കെ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി 23 പ്രതിപക്ഷ പാർട്ടികളെയാണ് ക്ഷണിച്ചിരുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടെ 11 കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു. സി പി എം, തൃണമൂൽ കോൺഗ്രസ്സ്, സമാജ്‌വാദി പാർട്ടി, ബി എസ് പി, ടി ഡി പി തുടങ്ങിയ കക്ഷികൾ വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

140 ദിവസത്തിലധികം സമയമെടുത്ത് 12 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശവും കടന്ന് കാശ്മീരിലെത്തിയ യാത്ര 4000ലധികം കിലോ മീറ്ററുകളാണ് താണ്ടിയത്. സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര നിർത്തിവെച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിൽ മുപ്പത് മിനുട്ട് നേരമാണ് രാഹുൽ കുടുങ്ങിയത്.

Latest