Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം വൈകിട്ടോടെ വൈദ്യുതിയുടെ ആവശ്യകത 6,012 മെഗാവാട്ടില്‍ എത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്ക്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍. പ്രതിദിന ആവശ്യകത 6,000 മെഗാവാട്ട് കടന്നാണ് ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ വൈദ്യുതിയുടെ ആവശ്യകത 6,012 മെഗാവാട്ടില്‍ എത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്ക്. ബുധനാഴ്ചത്തെ ആകെ ഉപയോഗം 112.52 ദശലക്ഷം യൂനിറ്റാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂനിറ്റിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

വേനല്‍ കടുത്തതോടെ എ സി, ഫാന്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതല്‍ പേര്‍ ഇന്‍ഡക്ഷന്‍ കുക്കറുകളെയും ഇലക്ട്രിക് അടുപ്പുകളെയും ആശ്രയിച്ചു. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എങ്കിലും ലോഡ് വര്‍ധിക്കുന്നത് മൂലം പ്രാദേശികമായി വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ (വാഷിംഗ് മെഷീന്‍, ഇലക്ട്രിക് ഓവന്‍, പമ്പ് സെറ്റുകള്‍) ഒഴിവാക്കി സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ഥിച്ചു.

 

Latest