International
ഡിസംബറില്‍ എല്‍ നിനോ ശക്തിപ്രാപിക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില 2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ റെക്കോര്‍ഡ് നിലയിലേക്ക് ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതായി ആഗോള കാലാവസ്ഥാ സംഘടന
ജനീവ | ഡിസംബറില്‍ എല്‍ നിനോ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. 1950ന് ശേഷമുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങളിലൊന്നായി ഇത് മാറിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. പകൃതിദത്തമായ ഈ കാലാവസ്ഥാ പ്രതിഭാസം ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയര്‍ത്താന്‍ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി.
മധ്യകിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഉയര്‍ത്തുന്ന എല്‍ നിനോ കാറ്റ്, വായുമര്‍ദ്ദം, മഴയുടെ രീതികള്‍ എന്നിവ അടിസ്ഥാനമായി ആഗോളതലത്തില്‍ മാറ്റങ്ങള്‍ വരുത്തും. സാധാരണയായി രണ്ട് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈ പ്രതിഭാസം ഒമ്പത് മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കാറുണ്ട്. പസഫിക് സമുദ്രത്തിലെ ഉപരിതല താപനില 2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ റെക്കോര്‍ഡ് നിലയിലേക്ക് ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതായി ആഗോള കാലാവസ്ഥാ സംഘടന അറിയിച്ചു.
എല്‍ നിനോ ഇതിനകം തന്നെ ശക്തമായി നിലയുറപ്പിക്കുകയും അതിവേഗം ശക്തിപ്രാപിക്കുകയും ചെയ്യുന്നു എന്ന് ആഗോള കാലാവസ്ഥാ സംഘടന മേധാവി സെലെസ്റ്റെ സൗലോ പറഞ്ഞു. 2027 ഫെബ്രുവരി വരെ ഇത് തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. എല്‍ നിനോ ഭൂമിയിലേക്ക് പുതിയതായി താപം കൊണ്ടുവരികയല്ല, സമുദ്രത്തില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന താപം പുറത്തുവിടുകയാണ് ചെയ്യുന്നതെന്ന് സൗലോ വിശദീകരിച്ചു.
മധ്യകിഴക്കന്‍ പസഫിക് മേഖലയിലെ സമുദ്ര താപനിലയിലെ വ്യതിയാനം ജൂണില്‍ സാധാരണയേക്കാള്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. ഓഗസ്റ്റില്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായി ഉയര്‍ന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ മാസങ്ങളില്‍ ഈ വ്യതിയാനം സാധാരണയേക്കാള്‍ ഏകദേശം 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. 2015-2016 കാലയളവില്‍ രേഖപ്പെടുത്തിയ 2.6 ഡിഗ്രി സെല്‍ഷ്യസ് എന്ന മുന്‍ റെക്കോര്‍ഡിനെ ഇത് മറികടക്കും.
എല്‍ നിനോ സാധാരണയായി നവംബറിനും ഫെബ്രുവരിക്കുമിടയിലാണ് അതിന്റെ ഉയര്‍ന്ന അവസ്ഥയിലെത്തുന്നതെങ്കിലും അതിനെത്തുടര്‍ന്നുണ്ടാകുന്ന താപനിലയിലെ വര്‍ദ്ധനവ് അല്‍പം വൈകിയാണ് അനുഭവപ്പെടാറുള്ളത്. വരള്‍ച്ച കാരണം മൃഗങ്ങളും വിളകളും നശിച്ചുകൊണ്ടിരിക്കുന്ന മധ്യ അമേരിക്ക അടക്കം എല്‍ നിനോ പ്രതിഭാസം ഇതിനകം തന്നെ സാരമായി ബാധിച്ചു എന്നതിനുള്ള ഉദാഹരണം.




