National
'ഉപേക്ഷിക്കപ്പെട്ട വിമാനം'; ഹൈടെക് സിറ്റിയുടെ നടുവിലൊരു കൗതുകക്കാഴ്ച
ഹൈദരാബാദിലെ ടി ഹബ്ബിനും നോളജ് സിറ്റിക്കും സമീപം റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഈ വിമാനം എങ്ങനെ അവിടെയെത്തിയെന്നത് പലര്‍ക്കും വലിയ അത്ഭുതമായിരുന്നു.
ഹൈദരാബാദ് | തിരക്കേറിയ ഐ ടി നഗരമായ ഹൈദരാബാദ് ഹൈടെക് സിറ്റിയുടെ ഹൃദയഭാഗത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കിംഗ്ഫിഷര്‍ വിമാനം കൗതുകക്കാഴ്ചയാകുന്നു. കൂറ്റന്‍ ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി വിശ്രമിക്കുന്ന ഈ വിമാനം ഇന്നും യാത്രക്കാര്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും ദൃശ്യവിരുന്നൊരുക്കുന്നു. ടി-ഹബ്ബിനും നോളജ് സിറ്റിക്കും സമീപം റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഈ വിമാനം എങ്ങനെ അവിടെയെത്തിയെന്നത് പലര്‍ക്കും വലിയ അത്ഭുതമായിരുന്നു. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതാണോ അതോ അപകടത്തില്‍പ്പെട്ടതാണോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു.
റെസ്റ്റോറന്റ് സ്വപ്നവും യാത്രയും
2007-ല്‍ എയര്‍ ഡെക്കാനിലൂടെ സര്‍വീസ് ആരംഭിച്ച എടിആര്‍ 72-500 (ATR 72500 VT-DKH) വിമാനമാണിത്. പിന്നീട് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ ഈ വിമാനം, 2012-ല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ലേലത്തില്‍ വെക്കുകയായിരുന്നു. വിമാനത്തിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു ‘ഏറോപ്ലെയിന്‍ തീം റെസ്റ്റോറന്റ്’ അല്ലെങ്കില്‍ കഫേ തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലെ ഒരു സ്വകാര്യ സംരംഭകന് ഇത് ലേലത്തില്‍ വാങ്ങി. തുടര്‍ന്ന് വിമാനത്തിന്റെ ഉള്‍ഭാഗത്തെ സീറ്റുകളും യന്ത്രഭാഗങ്ങളും നീക്കം ചെയ്ത ശേഷം, റോഡ് മാര്‍ഗം വലിയ ട്രക്കുകളില്‍ ഹൈടെക് സിറ്റിയിലെത്തിക്കുകയായിരുന്നു.
മുടങ്ങിയ പദ്ധതി, വൈറലായ കാഴ്ച
വിവിധ സാങ്കേതിക-നിയമ കാരണങ്ങളാല്‍ റെസ്റ്റോറന്റ് നിര്‍മാണ പദ്ധതി പാതിവഴിയില്‍ സ്തംഭിച്ചതോടെ, വിമാനം മാറ്റാനോ തുടര്‍നിര്‍മാണങ്ങള്‍ നടത്താനോ കഴിയാതെ വര്‍ഷങ്ങളായി ഈ ഒഴിഞ്ഞ സ്ഥലത്ത് വിശ്രമിക്കുകയാണ്. പക്ഷേ, ഈ കാത്തിരിപ്പ് വെറുതെയായില്ല. പദ്ധതി മുടങ്ങിയെങ്കിലും ഇന്ന് ഹൈടെക് സിറ്റിയിലെത്തുന്നവരുടെ പ്രിയപ്പെട്ട ഫോട്ടോ സ്പോട്ടായി ഈ ‘നിലത്തിറങ്ങിയ’ വിമാനം മാറിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം റീലുകളിലെയും സാമൂഹിക മാധ്യമ പോസ്റ്റുകളിലെയും സൂപ്പര്‍സ്റ്റാറായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ വിമാനം.
Content Highlights: An abandoned aircraft sitting near T-Hub in Hyderabad’s Hitech City has become a major talking point among commuters and social media users. Speculation ranges from a stalled plane-themed restaurant concept to a potential public or content spot. The unusual sight stands out in the middle of the bustling IT corridor.



