Connect with us

waqf board appointment

മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വസിച്ച് ഇ കെ സമസ്ത; സമരമുഖത്ത് ഒറ്റപ്പെട്ട് ലീഗ്

പ്രതിഷേധ സമ്മേളനം സര്‍ക്കാറിനൊപ്പം ഇ കെ സമസ്തക്കും മുന്നറിയിപ്പാക്കി മാറ്റാന്‍ ലീഗ് ശ്രമം

Published

|

Last Updated

കോഴിക്കോട് | വിവിധ മുസ്ലിം സംഘടനകളെ ഒരുമിച്ച് സര്‍ക്കാറിനെതിരെ രംഗത്തിറക്കാനുള്ള ശ്രമം ജിഫ്രി തങ്ങളുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ നിരാശയില്‍ മുസ്ലിം ലീഗ് ഇനി സ്വന്തം നിലക്ക് സമരവുമായി മുന്നോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇ കെ വിഭാഗം സമസ്ത പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയും നിയമം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് അവർ മുഖവിലക്ക് എടുക്കുകയും ചെയ്തതോടെ വഖഫ് ബോർഡ് നിയമന വിഷയത്തിലെ പ്രതിഷേധ ര‌ംഗത്ത് ലീഗ് തീർത്തും ഒറ്റപ്പെട്ടു.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെതിരെ സാമുദായിക സംഘടനകളെ യോജിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് നേരത്തെ പറഞ്ഞ ലീഗ് നേതാക്കളെല്ലാം ഇപ്പോള്‍ അത് വിഴുങ്ങിയിരിക്കുകയാണ്. ഒപ്പം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം പൊളിച്ച സമസ്ത നേതാക്കള്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ രൂക്ഷവിമര്‍ശനങ്ങളും ലീഗ് അണികളും നേതാക്കളും നടത്തുന്നു. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന ലീഗിന്റെ പ്രക്ഷോഭ സമ്മേളനം സര്‍ക്കാറിനൊപ്പം ഇകെ സമസ്തയില്‍ തങ്ങളെ എതിര്‍ക്കുന്ന വിഭാഗത്തിനുമുള്ള ഒരു മുന്നറിയിപ്പാക്കി മാറ്റാനാണ് ലീഗ് ശ്രമം. ഇത് സംബന്ധിച്ച് ലീഗ് നേതാക്കള്‍ നടത്തിയ ഇന്നത്തെ പ്രതികരണങ്ങളും ഇത് അടിവരയിടുന്നു.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെതിരെ മുസ്ലിം നേതൃസമിതിയുടെ കീഴില്‍ തങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നായിരുന്നു കഴിഞ്ഞമാസം 13ന് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞത്. പള്ളികളില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുമെന്നും സലാം പറഞ്ഞു. സര്‍ക്കാറിനെതിരെ യോജിച്ച പോരാട്ടം എന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ പള്ളി കേന്ദ്രീകരിച്ച് ഒരു പ്രക്ഷോഭത്തിനുമില്ലെന്ന് ജിഫ്രി തങ്ങള്‍ തീര്‍ത്ത് പറഞ്ഞതോടെ ലീഗിന്റെ എല്ലാ മോഹങ്ങളും തകര്‍ന്നടിയുകയായിരുന്നു. പള്ളികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ലീഗ് നീക്കത്തിനെതിരെ സമുദായത്തിന് പുറത്ത് നിന്നും കടുത്ത വിമര്‍ശനമുണ്ടായി. ഉത്തരേന്ത്യയിലും മറ്റും ക്ഷേത്രങ്ങളെ സംഘ്പരിവാര്‍ ഉപയോഗിക്കുന്നതിന് സമാനമനായ നീക്കമായി ലീഗിന്റെ ആഹ്വനത്തേയും പൊതുവെ വിലയിരുത്തപ്പെട്ടു. ഇതോടെ ഇനി എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന അവസ്ഥയില്‍വരെ ഒരുഘട്ടത്തില്‍ ലീഗ് നേതൃത്വം എത്തി.

ഇതേ സമയം ജിഫ്രി തങ്ങള്‍ക്കെതിരെ സലഫി, ജമാഅത്ത് നേതാക്കള്‍ രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിലും മറ്റും സലഫി, മുജാഹിദ് നേതാക്കളും അണികളും വ്യാപകപ്രചാരണങ്ങള്‍ നടത്തി. ഇതിനെ കാര്യമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും ലീഗ് നേതൃത്വം തയ്യാറായില്ല. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. മാത്രമല്ല ലീഗ് നേതാക്കളായ അബ്ദുറബ്ബും ഷാഫി ചാലിയവുമെല്ലാം സമുഹ മാധ്യമങ്ങളിലും മറ്റും സമസ്ത നേതൃത്വത്തിനെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇതിനിടെ ഭാവി സമര പരിപാടി ചര്‍ച്ച ചെയ്യാന്‍ ലീഗ് ഒറ്റക്ക് മലപ്പുറത്ത് യോഗം ചേര്‍ന്നു. ജിഫ്രി തങ്ങളുടെ നിലപാട് സമസ്തയുടെ പൊതു അഭിപ്രായമല്ലെന്നും മുശാവറയില്‍ ആലോചിക്കാതെയാണ് ജിഫ്രി തങ്ങള്‍ സമരം തള്ളിയതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇനി ലീഗ് സ്വീകരിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സമസ്തയിലെ ചില അംഗങ്ങള്‍ അറിയിച്ചതായി ലീഗ് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ജിഫ്രി തങ്ങളെ ഒറ്റപ്പെടുത്തിയുള്ള ആക്രമണങ്ങള്‍ ഉണ്ടായതോടെ സമസ്തയിലെ യുവജന വിഭാഗം സമൂഹ മാധ്യമങ്ങളില്‍ ലീഗിനും സലഫി, ജമാഅത്ത് നേതാക്കള്‍ക്കുമെതിരെ പ്രത്യാക്രമണം നടത്തി. ഇതോടെ കാര്യങ്ങള്‍ ആകെ മാറിമറിയുകയായിരുന്നു.

മുഖ്യമന്ത്രി ഇ കെ സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി നല്‍കിയ ഉറപ്പില്‍ നേതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രകോപിതരായിയിരിക്കുകയാണ്. ഇതിന്റെ പ്രതികരണമാണ് നാളെ നടക്കുന്ന ലീഗ് സമ്മളനം സംബന്ധിച്ച് നേതാക്കള്‍ നടത്തിയ പ്രസ്താവന കാണിക്കുന്നത്.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുണ്ടെന്നും മറ്റു സംഘടനകളെ ഞങ്ങളുമായി കൂട്ടിക്കുഴക്കണ്ടെന്നുമാണ് പി എം എ സലാം ഇന്ന് പറഞ്ഞത്. ഞങ്ങളുടെ കാര്യം ഞങ്ങള് പറയും. ഞങ്ങള് തീരുമാനിക്കുമെന്നും സലാം കൂട്ടിച്ചേര്‍ത്തു. സമസ്ത അവരുടേയും ലീഗ് ലീഗിന്റേയും നിലപാട് പറയുമെന്നാണ് മുതിര്‍ന്ന നേതാവ് കെ പി എ മജീദ് പ്രതികരിച്ചത്. ലീഗ് സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനും അല്‍പ്പം കടന്ന സമസ്തക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ് എം കെ മുനീര്‍ പ്രതികരിച്ചത്. ‘സമസ്ത പല തീരുമാനങ്ങളും എടുക്കുന്നുണ്ടല്ലോ. ഞങ്ങളതില്‍ കയറി ഇടപെടുന്നില്ലല്ലോ. മുസ്ലീം ലീഗിന്റെ തീരുമാനത്തിന്റെ മുകളില്‍ ആരും കയറി അഭിപ്രായം പറയേണ്ട. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകും. അതില്‍ ആര്‍ക്കും ഇടപെടാന്‍ അവാകാശമില്ല. മറ്റുപ്രസ്ഥാനങ്ങളുടെ വാതില്‍ തുറന്ന് അവരെന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങള്‍ പറയില്ല. ഞങ്ങളുടെ വാതില്‍ തുറന്ന് ആരും അഭിപ്രായം പറയേണ്ട’- ഇതായിരുന്നു മുനീറിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തില്‍ ലീഗിന്റെ  സമ്മേളനം ഏറെ കൗതുക്തതോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Latest