Connect with us

Alappuzha

പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; തിരുവനന്തപുരത്ത് രണ്ട് താലൂക്കുകളിൽ

എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ മാത്രമാണ് നാളെ ഉണ്ടാവുക.

Published

|

Last Updated

പത്തനംതിട്ട/ ആലപ്പുഴ/ കാസർകോട്/ കൊല്ലം/ കോട്ടയം/ എറണാകുളം/ തിരുവനന്തപുരം   | ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട. ആലപ്പുഴ, കാസർകോട്, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങൾ. പത്തനംതിട്ട, ആലപ്പുഴ. കോട്ടയം, കൊല്ലം ജില്ലകളിൽ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. എന്നാൽ കാസർകോട്ട് സ്കൂളുകൾക്ക് മാത്രമാണ് അവധി. അതേസമയം, തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന രണ്ട് താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടതില്ല. സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രയും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്‌ളാസുകള്‍ ഓണ്‍ലൈനില്‍ മാത്രമാക്കി ചുരുക്കുന്നത്. നേരത്തേ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കാണ് തിരുവനന്തപുരം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും  ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്ന് പത്തനംതിട്ട കലക്ടർ ഉത്തരവിട്ടു.

അതിനിടെ, കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.