Connect with us

Kerala

ഇ ഡി റെയ്ഡ്; കടുത്ത പ്രതിഷേധവുമായി സി പി എം, പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം എ ബേബി

റെയ്ഡിനു പിന്നാലെ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം വിളിച്ച്‌ സി പി എം. തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം | സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ റെയ്ഡ് നടത്തിയതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി സി പി എം. തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. റെയ്ഡിനു പിന്നാലെ സി പി എം അവെയ്‌ലബിള്‍  പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു.

ഹീനമായ ആക്രമണമാണ് നടക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സി പി എമ്മിനെയും പിണറായിയെയും ഭയപ്പെടുത്താമെന്ന് കരുതേണ്ട. റെയ്ഡില്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ടോയെന്ന് ബേബി ചോദിച്ചു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇത് സി പി എം തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണാ വിജയന്‍ കേസില്‍ നിയമ നടപടി സ്വീകരിക്കും. വി ഡി സതീശന്‍ മന്ത്രിസഭയിലെ രണ്ടുപേര്‍ സി എം ആര്‍ എല്‍ എം ഡി. ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം കൈപ്പറ്റിയെന്നും സി പി എം സെക്രട്ടറി ആരോപിച്ചു.

ഇ ഡി റെയ്ഡ് നടന്ന കണ്ണൂരിലെ പിണറായിയുടെ വീടിനു മുമ്പിലെത്തി സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പി ജയരാജന്‍, കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ വീട്ടിലെത്തി. പിണറായി വിജയനെ ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കമാണിത്. സി പി എം വ്യക്തമാക്കി. ഇടത് പക്ഷത്തെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കെജ്‌രിവാളിനെ വേട്ടയാടിയതിനു സമാനമാണിതെന്നും രാഗേഷ് പറഞ്ഞു.

ഇ ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി ജയരാജന്‍ പറഞ്ഞു. ബി ജെ പി-യു ഡി എഫ് സംയുക്ത ഓപറേഷന്റെ തുടക്കാണിത്. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ്. സംഘ്പരിവാറിനെ എതിര്‍ക്കുന്ന നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാതിരുന്നത് എന്താണെന്നും ജയരാജന്‍ ചോദിച്ചു.