Connect with us

National

എസ് ഐ ആര്‍: 'ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികം, വിവാദ റിപോര്‍ട്ടിലുള്ളത് കാര്യങ്ങളുടെ ഒരുവശം മാത്രം'; പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

'ഏതൊരു സ്ഥാപനത്തിലെയും ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പുള്ള തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാണവ'

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു പുതുക്കുന്ന ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (SIR) നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപോര്‍ട്ടിനോട് പ്രതികരിച്ച് കമ്മീഷന്‍. ‘ഏതൊരു സ്ഥാപനത്തിലെയും ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പുള്ള തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാണവ’- തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. എസ് ഐ ആറിന്റെ വിവിധ വശങ്ങളെക്കുറിച്ച് മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ രണ്ടുപേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായുള്ള അന്വേഷണ റിപോര്‍ട്ട് ‘ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പുറത്തുവിട്ടിരുന്നു. റിപോര്‍ട്ട് കാര്യങ്ങളുടെ ഒരു വശം മാത്രമാണ് അവതരിപ്പിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ പ്രസ്താവനയില്‍ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (CEC) ജ്ഞാന്‍ കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ 10 മാസത്തിനിടെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ (SIR) വിവിധ വശങ്ങളെക്കുറിച്ച് സന്ധുവും ജോഷിയും 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപോര്‍ട്ട് അവകാശപ്പെടുന്നു.

‘പൂര്‍ണമായ സുതാര്യത, നിയമപരമായ അനുസരണം, പ്രവര്‍ത്തനപരമായ കൃത്യത എന്നിവ ഉറപ്പാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള സാധാരണവും നിരന്തരവുമായ നടപടിക്രമങ്ങളാണ് രേഖാമൂലമുള്ള കുറിപ്പുകള്‍, നിരീക്ഷണങ്ങള്‍, സാങ്കേതിക നിര്‍ദേശങ്ങള്‍, ആഭ്യന്തര പരിശോധനാ സംവിധാനങ്ങള്‍ എന്നിവ,’ എന്നും കമ്മീഷന്റെ വിശദീകരണത്തില്‍ പറയുന്നു.

പുതിയ വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, പട്ടികയില്‍ തിരിച്ചെത്തിച്ച വോട്ടര്‍മാര്‍ക്കെതിരായ ഉത്തരവുകളില്‍ അപ്പീല്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു എക്‌സ്പ്രസ്സിന്റെ റിപോര്‍ട്ട്.

അര്‍ഹതയില്ലാത്ത വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച എസ് ഐ ആര്‍ നടപടികള്‍ വഴി ഇതുവരെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് കമ്മീഷണര്‍മാര്‍ ‘നിര്‍ദേശങ്ങള്‍’ നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘കരട് തയ്യാറാക്കുന്ന ഘട്ടങ്ങളില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന പ്രവര്‍ത്തനപരമായ സംശയങ്ങളോ അഭിപ്രായങ്ങളോ വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള സാധാരണ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.’ അംഗീകാരങ്ങള്‍, തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍, മറ്റ് നടപടികള്‍ എന്നിവയുടെ വലിയൊരു നിരയെ അവഗണിച്ച്, 10 മാസത്തിനിടയിലുള്ള ചില പ്രത്യേക ആഭ്യന്തര കുറിപ്പുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് കാര്യങ്ങളുടെ ഒരു വശം മാത്രമാണ് വെളിപ്പെടുത്തുന്നത്. ‘ എസ് ഐ ആര്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ‘ഏകകണ്ഠമായാണ്’ കൈക്കൊണ്ടതെന്നും വിശദീകരിക്കുന്നു.

Content Highlights: The Election Commission of India clarified that internal differences are a natural part of institutional deliberations in a multi-member body. Responding to reports on the Special Intensive Revision, ECI stated that highlighting selective internal notes presents only one side of the picture.

 

---- facebook comment plugin here -----

Latest