Uae
ആരോഗ്യ മേഖലക്ക് കൂടുതല്‍ കരുത്തേകി ദുബൈ ഹെല്‍ത്ത് അതോറിറ്റി ഇലക്ട്രോണിക് മെഡിക്കല്‍ സംരംഭം
8.4 ദശലക്ഷം മെഡിക്കല്‍ റെക്കോഡുകളും 31,800 ഡോക്ടര്‍മാരും 298 സൗകര്യങ്ങളും നാബിദുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ദുബൈ | രോഗികളുടെ മെഡിക്കല്‍ രേഖകള്‍ ഇലക്ട്രോണിക്കായി ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ‘നാബിദ്’ സംരംഭത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ). 8.4 ദശലക്ഷം മെഡിക്കല്‍ റെക്കോഡുകളും 31,800 ഡോക്ടര്‍മാരും 298 സൗകര്യങ്ങളും നാബിദുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. യു എ ഇയിലുടനീളമുള്ള രോഗികള്‍ക്ക് ഒരൊറ്റ മെഡിക്കല്‍ ഇലക്ട്രോണിക് ഫയല്‍ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ‘റിയാത്തി’ പദ്ധതിയുമായി ഈ സംവിധാനം ബന്ധിപ്പിക്കും.
ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അവദ് അല്‍ കെത്ബി, ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന നാബിദ് ത്രൈമാസ ഫോറത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഫോറത്തില്‍ വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പങ്കെടുത്തു.
ആരോഗ്യരംഗത്ത് ആഗോള മത്സരക്ഷമത കൈവരിക്കാനുള്ള ദുബൈയുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമാണ് നാബിദ് പ്ലാറ്റ്ഫോമെന്ന് അവദ് സെഗായര്‍ അല്‍ കെത്ബി വ്യക്തമാക്കി. ‘യു എ ഇയിലെ ഓരോ രോഗിക്കും ഏകീകൃത ഡിജിറ്റല്‍ മെഡിക്കല്‍ രേഖയുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളികളുമായി സഹകരിക്കുന്നതില്‍ ഡി എച്ച് എ്ക്ക് അഭിമാനമുണ്ട്. ഒന്നിലധികം ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ രേഖകള്‍ സുരക്ഷിതമായി സംഭരിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗിയുടെ മുഴുവന്‍ വിവരങ്ങളും തത്സമയം ലഭ്യമാക്കാനും സംവിധാനത്തിലൂടെ കഴിയും.’
പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെ ദുബൈയിലെ ഓരോ വ്യക്തിക്കും ഏകീകൃത മെഡിക്കല്‍ രേഖ സുഗമമായി ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘ഇത് വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റാ വിശകലനം പ്രാപ്തമാക്കും. ഡാറ്റാധിഷ്ഠിത സംവിധാനം ചികിത്സാ ചെലവ് മൊത്തത്തില്‍ കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സഹായകമാകും.’
രോഗീ പരിചരണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സംരക്ഷണ, പ്രതിരോധ നയങ്ങള്‍ വികസിപ്പിക്കാനും സംരംഭം സഹായിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ റെദ പറഞ്ഞു.