Connect with us

Kerala

കുഞ്ഞുങ്ങളെ മറയാക്കി മയക്ക്മരുന്ന് കടത്ത്; മലപ്പുറത്ത് ദമ്പതികളടക്കം നാല് പേര്‍ പിടിയില്‍

കുടുംബസമേതം ബെംഗളൂരിവില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കവെയാണ് സംഘം പിടിയിലായത്.

Published

|

Last Updated

മലപ്പുറം | കുഞ്ഞുങ്ങളെ മറയാക്കി മാരക മയക്ക്മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍ കെ ഖമറുദ്ധീന്‍ എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരില്‍ നിന്നും 75.458 ഗ്രാം എം ഡി എം എ ് പിടിച്ചെടുത്തു. കുടുംബസമേതം ബെംഗളൂരിവില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കവെയാണ് സംഘം പിടിയിലായത്.

കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു.ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര.കുഞ്ഞുങ്ങളുമായി ബൈക്കില്‍ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവര്‍ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്ലമുദ്ധീന്‍, ഷിഫ്ന എന്നിവര്‍ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീന്‍ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പില്‍ ബൈക്കില്‍ വന്നപ്പോള്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എം ഡി എം എ മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു.ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവര്‍ക്ക് ബാക്കിയുള്ളത് വില്‍പ്പന നടത്താന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തില്‍ മൂന്നായി ഭാഗിക്കാന്‍ കാരണം. എം ഡി എം എ കടത്തികൊണ്ടുവരുവാന്‍ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളും 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.