Connect with us

Kerala

ഡോ. സിസ തോമസിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ വിധി ഇന്ന്

തങ്ങളുടെ അധികാരം മറികടന്ന് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തിയെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാറിന്റെ വാദം.

Published

|

Last Updated

കൊച്ചി |  കെടിയു താല്‍ക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തങ്ങളുടെ അധികാരം മറികടന്ന് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തിയെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ സദുദ്ദേശത്തോടെയാണ് നിയമനമെന്നാണ് ഗവര്‍ണറുടെ നിലപാട്.

വിഷയത്തില്‍ ഉച്ചക്ക് 1.45നാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നും ഗവര്‍ണ്ണറുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ മൂന്ന് ശിപാര്‍ശകളും തള്ളപ്പെട്ടാല്‍ സ്വന്തം നിലയ്ക്ക് ചാന്‍സലര്‍ക്ക് നടപടി എടുക്കാമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സീനിയോറിറ്റിയില്‍ സിസ തോമസ് നാലാം സ്ഥാനത്തായിരുന്നുവെന്നാണ് ചാന്‍സലറായ ഗവര്‍ണറുടെ വാദം. എന്നാല്‍ സീനിയോറിറ്റിയില്‍ സിസയുടെ സ്ഥാനം പത്താമതാണെന്നറിയിച്ച സര്‍ക്കാര്‍ ശിപാര്‍ശകള്‍ എന്ത് കൊണ്ട് തള്ളപ്പെട്ടുവെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
പത്ത് വര്‍ഷം പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയം, അക്കാദമിക വിദഗ്ധന്‍ എന്നീ മാനദണ്ഡങ്ങള്‍ താല്‍കാലിക വി സി നിയമനത്തില്‍ ബാധകമാണെന്നാണ് യു ജി സിയുടെ നിലപാട്. പ്രൊ.വി സി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിന് വിലയില്ലെന്നും പ്രോ വി സി യ്ക്ക് വി സിയുടെ അധികാരം നല്‍കാനാകില്ലെന്നും യു ജി സി നിലപാടെടുത്തിരുന്നു.

Latest