Connect with us

Editorial

ബി എല്‍ ഒമാരെ ബലികൊടുക്കരുത്

ജനാധിപത്യത്തിന്റെ അടിത്തറയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കേണ്ടതിന്റെ അനിവാര്യത അംഗീകരിക്കുമ്പോള്‍ തന്നെ, അതുപക്ഷേ ജീവനക്കാരുടെ ആരോഗ്യവും ജീവനും ബലികൊടുത്താകരുതെന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.

Published

|

Last Updated

എസ് ഐ ആറുമായി ബന്ധപ്പെട്ട് ബി എല്‍ ഒ(ബൂത്ത് ലെവല്‍ ഓഫീസര്‍)മാര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തിലേക്ക് അധികൃതരുടെയും സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതാണ് പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഏറ്റുകുടുക്ക ബി എല്‍ ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ ആത്മഹത്യ. വിപുലമായ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏറ്റവും അടിത്തട്ടിലെ ജീവനക്കാരാണ് ബി എല്‍ ഒമാരെങ്കിലും നിര്‍ണായകവും ഭാരിച്ചതുമാണ് അവരുടെ ജോലി. യോഗ്യരല്ലാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും യോഗ്യരായ വോട്ടര്‍മാരില്‍ ഒരാളും ഒഴിഞ്ഞു പോയിട്ടില്ലെന്ന് ഉറപ്പാക്കുകയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഷയില്‍ എസ് ഐ ആറിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട് വീടുവീടാന്തരം കയറി എന്യൂമറേഷന്‍ ഫോമുകള്‍ എത്തിക്കുകയും പൂരിപ്പിച്ച ഫോമുകള്‍ തിരിച്ചു വാങ്ങുകയും രേഖകള്‍ പരിശോധിച്ച് അപ്്‌ലോഡ് ചെയ്യുകയുമാണ് ബി എല്‍ ഒമാരുടെ ജോലി.

കേള്‍ക്കുമ്പോള്‍ പ്രയാസരഹിതവും ലളിതവുമെന്ന് തോന്നുമെങ്കിലും പ്രായോഗികതയില്‍ അങ്ങനെയല്ല. ഫോറം നല്‍കാന്‍ ബി എല്‍ ഒമാര്‍ എത്തുമ്പോള്‍ പല വീടുകളിലും ആളുണ്ടാകില്ല. ചില വീടുകളില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവരുമുണ്ടാകില്ല. എസ് ഐ ആറിനെക്കുറിച്ച് ആശങ്കാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ വീട്ടുകാരില്‍ നിന്ന് കടുത്ത വിമര്‍ശം നേരിടുന്ന അനുഭവവുമുണ്ട്. അതിനിടെ വോട്ടര്‍മാര്‍ ഉന്നയിക്കുന്ന സംശയങ്ങളും മറുപടിയും വിശദീകരണവും നല്‍കണം. ഇത്യാദി പ്രതികൂല സാഹചര്യങ്ങളാല്‍ പലപ്പോഴും വളരെ കുറഞ്ഞ വീടുകള്‍ കയറിയിറങ്ങാനേ സാധിക്കുകയുള്ളൂ. മേലുദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സമയത്തിനകം ജോലി തീര്‍ക്കാന്‍ സാധിച്ചെന്നു വരില്ല. വാഹന സൗകര്യം കുറഞ്ഞ മലയോര മേഖലകളില്‍ പ്രത്യേകിച്ചും. എട്ടും പത്തും കി.മീറ്റര്‍ സഞ്ചരിച്ചു വേണം വീടുകള്‍ കണ്ടെത്താന്‍. കുന്നും മലയും താണ്ടിയുള്ള യാത്രക്ക് പുറമെ നായകളുടെയും വന്യമൃഗങ്ങളുടെയും ശല്യവും ബി എല്‍ ഒമാരെ ഭീതിപ്പെടുത്തുന്നു.

വോട്ടര്‍മാര്‍ പൂരിപ്പിച്ച് തിരിച്ചേല്‍പ്പിക്കുന്ന ഫോമുകള്‍ അപ് ലോഡ് ചെയ്യുന്നതും ശ്രമകരമാണ്. മൊബൈല്‍ ആപ്പുകളും ഇ-ഗവേണ്‍സ് പോര്‍ട്ടലുകളും ഡാറ്റ അപ് ലോഡ് സംവിധാനങ്ങളും പലപ്പോഴും സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഫോട്ടോയടക്കം ഫോറം സ്‌കാന്‍ ചെയ്തു വേണം അപ് ലോഡ് ചെയ്യാന്‍. അതിന് സമയമെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പരിമിതമായ സമയത്തിനുള്ളില്‍ ഇതെല്ലാം നിര്‍വഹിക്കാന്‍ പ്രയാസമാണ്. ഫോറം സ്‌കാന്‍ ചെയ്യുന്നതില്‍ സംഭവിക്കുന്ന പിശകുകള്‍, അപ് ലോഡ് സമയത്തെ നെറ്റ്്വര്‍ക്ക് പ്രശ്നങ്ങള്‍, പോര്‍ട്ടലില്‍ ആവര്‍ത്തിച്ചുള്ള ‘എറര്‍’ സന്ദേശങ്ങള്‍ തുടങ്ങിയവ ജോലി സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. അപ് ലോഡിംഗിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തവരുമുണ്ട് ബി എല്‍ ഒമാരില്‍ ധാരാളം.

എസ് ഐ ആറുമായി ബന്ധപ്പെട്ട ജോലിസമ്മര്‍ദമാണ് അനീഷിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. വഹിക്കാന്‍ കഴിയുന്നതിലപ്പുറമാണ് ജോലി ബാധ്യതയെന്നും ജോലിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അനീഷ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും പയ്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌സാക്ഷ്യപ്പെടുത്തുന്നു. ഏല്‍പ്പിച്ച ജോലി ചെയ്തേ പറ്റൂവെന്ന് മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ. തഹസില്‍ദാറും സബ് കലക്ടറും അടിക്കടി ഫോണ്‍ മുഖേന ജോലിയുടെ പുരോഗതി അന്വേഷിക്കുകയും ഫോറം വിതരണം പെട്ടെന്ന് തീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.

അനീഷിന് മേലുദ്യോഗസ്ഥരില്‍ നിന്ന് ഒരു സമ്മര്‍ദവുമുണ്ടായിരുന്നില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടറുടെ വിശദീകരണം. അനീഷ് വിതരണം ചെയ്ത ഫോമുകളുടെ എണ്ണം കുറവാണെന്നും ഇതിന് കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സബ് കലക്ടര്‍ നോട്ടീസ് നല്‍കിയ വിവരം പുറത്തുവന്നതോടെ കലക്ടറുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് വ്യക്തമായി. നവംബര്‍ 15ന് മുമ്പ് കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ അയച്ച നോട്ടീസിന്റെ കോപ്പി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദമാണെന്ന് അനീഷിന്റെ പിതാവ് ജോര്‍ജും പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വേച്ഛാധിപത്യത്തിലേക്കും മനുഷ്യാവകാശ ലംഘനത്തിലേക്കുമാണ് അനീഷിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജസ്ഥാനിലുമുണ്ടായി സമാന ദുരന്തം. എസ് ഐ ആര്‍ ജോലിക്ക് നിയോഗിതനായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മുകേഷ് ജാന്‍ഗിഡ് ഞായറാഴ്ച വൈകിട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. എസ് ഐ ആര്‍ ജോലിസമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സൂപ്പര്‍വൈസറില്‍ നിന്നുള്ള സമ്മര്‍ദം ശക്തമാണെന്നും സസ്പെന്‍ഷന്‍ ഭീഷണി നേരിടുന്നതായും കത്ത് വെളിപ്പെടുത്തി.

ഏറ്റെടുക്കാന്‍ താത്പര്യമുണ്ടായിട്ടല്ല, നിര്‍ബന്ധിതാവസ്ഥയിലാണ് ഗണ്യമായൊരു വിഭാഗം ബി എല്‍ ഒമാര്‍ ജോലി നിര്‍വഹിച്ചു വരുന്നത്. ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക മൂലമാണ് മിക്കവരും സന്നദ്ധമായത്. ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ജോലികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണയിച്ച പരിമിതമായ സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. ജനാധിപത്യത്തിന്റെ അടിത്തറയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കേണ്ടതിന്റെ അനിവാര്യത അംഗീകരിക്കുമ്പോള്‍ തന്നെ, അതുപക്ഷേ ജീവനക്കാരുടെ ആരോഗ്യവും ജീവനും ബലികൊടുത്താകരുതെന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. കേരളത്തില്‍ പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ എസ് ഐ ആര്‍ നടത്തുന്നത് അനുചിതവും അന്യായവുമാണ്.

 

---- facebook comment plugin here -----

Latest