Connect with us

Kerala

കപട സൂഫീ- ആത്മീയ പ്രസ്ഥാനങ്ങളില്‍ വഞ്ചിതരാവരുത്: ഖലീല്‍ തങ്ങള്‍

വ്യാജ അത്ഭുതസിദ്ധികള്‍, പ്രത്യേക ആത്മീയ കഴിവുകള്‍ തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിച്ച് ആളുകളെ ആകര്‍ഷിക്കുന്നവരോട് ജാഗ്രത പുലര്‍ത്തണം

Published

|

Last Updated

മലപ്പുറം | ആത്മീയതയുടെ പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്യുകയും ചെയ്യുന്ന കപട ആത്മീയ-സൂഫീ പ്രസ്ഥാനങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ അത്ഭുതസിദ്ധികള്‍, പ്രത്യേക ആത്മീയ കഴിവുകള്‍ തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിച്ച് ആളുകളെ ആകര്‍ഷിക്കുന്നവരോട് ജാഗ്രത പുലര്‍ത്തണം. ആത്മീയ നേതാവിന്റെ വാക്കുകളേക്കാള്‍ അദ്ദേഹത്തിന്റെ ജീവിതവും പഠനവും പ്രവര്‍ത്തനങ്ങളും പ്രബോധനത്തിന്റെ ആധികാരികതയും പരിശോധിക്കുകയാണ് വേണ്ടത്. ശൈഖ് മുഹ്‌യുദ്ധീന്‍ ജീലാനി തങ്ങളുടെ ജീവിത പാത പിന്‍പറ്റുന്നവര്‍ ഒരിക്കലും ഇത്തരം കപട ആത്മീയതയില്‍ വഞ്ചിതരാവാറില്ല. വിശുദ്ധ ഇസ്‌ലാം നിഷ്‌കര്‍ശിച്ച ആശയങ്ങളാണ് ജീലാനി തങ്ങളെപ്പോലുള്ള മഹാരഥന്മാര്‍ ജീവിച്ചു കാണിച്ചത്. അതില്‍ നിന്നും വ്യതിചലിച്ചപ്പോഴാണ് ഇത്തരം വ്യാജ ആത്മീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്.

പ്രയാസങ്ങളും രോഗങ്ങളും സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കുന്നവരാണ് പലപ്പോഴും ഇത്തരം കപട പ്രസ്ഥാനങ്ങളുടെ ഇരകളാകുന്നത്. യുവാക്കളിലും വിദ്യാര്‍ഥികളിലും ഇത്തരം പ്രവണതകള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കണം. യഥാര്‍ഥ ആത്മീയത മനുഷ്യനെ കൂടുതല്‍ വിനയമുള്ളവനും ഉത്തരവാദിത്തമുള്ളവനും സേവനസന്നദ്ധനുമാക്കുന്നതാണ്. സമൂഹത്തില്‍ ഭിന്നതയും ഭയവും അന്ധവിശ്വാസവും വളര്‍ത്തുന്ന പ്രവണതകള്‍ ആത്മീയതയുടെ പേരില്‍ അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞ നൂറ് വര്‍ഷമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇത്തരം കപട-പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു. 

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജീലാനി അനുസ്മരണം, സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ അനുസ്മരണം, വിര്‍ദുല്ലത്വീഫ്, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചു. പരിപാടിക്കെത്തിയ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തി.

സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹിം ബാഖവി മേല്‍മുറി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുസ്സലാം ഫൈസി കൊല്ലം, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍ സംബന്ധിച്ചു

Content Highlights:

Sayyid Ibraheemul Khaleel Al Bukhari warned believers against exploitation by fake spiritual and Sufi movements during the Jeelani commemoration at Ma’din Academy in Malappuram. Thousands attended the spiritual gathering featuring prayers, recitations, and mass dining. Leaders urged awareness.
---- facebook comment plugin here -----

Latest