Connect with us

congress president election

നിരാശ തന്നെ ബാക്കി

പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന് മത്സരമാകാം. അത് ആഭ്യന്തര ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് വിശദീകരിക്കാം. എന്നാല്‍, മത്സരിക്കാന്‍ പാകത്തിലൊരാളെ നിശ്ചയിക്കാന്‍ പോലും കഴിയാത്ത നേതൃത്വമാണ് രാജ്യത്ത് ഐക്യമൂട്ടിയുറപ്പിക്കാനുള്ള യാത്ര നടത്തുന്നത് എന്നത് ആ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വസിക്കുന്നവരെ, മതനിരപേക്ഷ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രൂപപ്പെടാനിടയുള്ള സഖ്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ആ പാര്‍ട്ടിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുക തന്നെയാണ്.

Published

|

Last Updated

തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്‍ബലത്തിലേക്കുള്ള യാത്രയില്‍ നിന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഉദയ്പൂരിലെ ചിന്തന്‍ ശിബിരവും അതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയും. തമിഴ്‌നാട്ടില്‍ തുടങ്ങിയ യാത്ര, സംഘടന ഇപ്പോഴും ശേഷിക്കുന്ന അപൂര്‍വമിടങ്ങളിലൊന്നായ കേരളത്തില്‍ ചെറുതല്ലാത്ത ആവേശം സൃഷ്ടിക്കുന്നുണ്ട്. അപ്പോഴും യാത്ര മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്തെന്ന ചോദ്യം ചെറുതല്ലാത്ത ശബ്ദത്തില്‍ മുഴങ്ങുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ യോജിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന വിഷയങ്ങളായി ഉന്നയിക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം അതിന്റെ യഥാര്‍ഥ വലുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പാകത്തില്‍ ഉന്നയിക്കപ്പെടുന്നുണ്ടോ എന്ന സംശയം ശേഷിക്കുന്നവര്‍ ധാരാളമുണ്ട്. എങ്കിലും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കാന്‍ യത്‌നിച്ച പ്രസ്ഥാനത്തിന്റെ തുടര്‍ച്ച എന്ന നിലയിലും തീവ്രഹിന്ദുത്വ അജന്‍ഡകള്‍ തീവ്രമായി പിന്തുടരുന്ന, ഫാസിസ്റ്റ് നിലപാടുകള്‍ പിന്തുടരുന്ന ഭരണകൂടത്തെ ചെറുക്കാന്‍ പാകത്തില്‍ ദേശീയതലത്തിലൊരു രാഷ്ട്രീയ ചേരിയുണ്ടാകുകയാണെങ്കില്‍ അതിന്റെ നേതൃത്വത്തിലിരിക്കാന്‍ ഇപ്പോഴും ത്രാണിയുള്ള പ്രസ്ഥാനമെന്ന നിലയിലും ഈ യാത്രക്ക് പ്രസക്തിയുണ്ടെന്ന് ചിന്തിക്കുന്നവരും അനേകം. അതങ്ങനെയായിരിക്കെയാണ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014ലേതിനേക്കാള്‍ വലിയ പരാജയമുണ്ടായപ്പോള്‍ പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ചിറങ്ങിയയാളാണ് രാഹുല്‍ ഗാന്ധി. എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കുന്നവര്‍ അധികമൊന്നുമില്ലാത്ത ഞങ്ങളുടെ പാര്‍ട്ടിയില്‍ ആ മര്യാദ കാണിച്ച നേതാവ്. രാഹുലിന്റെ രാജിക്കു ശേഷം കുറച്ചിട വലിയ പാരമ്പര്യമുള്ള ഈ പാര്‍ട്ടി നാഥനില്ലാത്ത കളരിപോലെ നിന്നു. കളരിക്കൊരു നാഥനും ഫാസിസ്റ്റ് ഭരണകൂടത്തെ ചെറുക്കാന്‍ പാകത്തില്‍ പാര്‍ട്ടിക്ക് ബദല്‍ നയങ്ങളും വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ കൂട്ടായി (ജി 23) ആവശ്യപ്പെടും വരെ. അവരത് ആവശ്യപ്പെടുമ്പോഴേക്കും അധ്യക്ഷപദവിയില്‍ താത്കാലികക്കാരിയായി പഴയ മുഴുവന്‍ സമയ പ്രസിഡന്റ് സോണിയാ ഗാന്ധി വന്നിരുന്നു. തത്കാലത്തേക്കുള്ള സംവിധാനല്ല, സ്ഥിരം പ്രസിഡന്റും പുതിയ കാലത്തിന് അനുസൃതമായ നയങ്ങളും നിലപാടുകളുമില്ലാതെ രാഷ്ട്രീയപ്പോര് സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ ജനങ്ങള്‍ക്ക് കാണാവുന്ന നേതൃത്വം ഉണ്ടാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

നെഹ്‌റു കുടുംബത്തിന്റെ പ്രതിനിധിയോ ആ കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള വ്യക്തിയോ പ്രസിഡന്റ് സ്ഥാനത്ത് വരണമെന്ന് നിര്‍ബന്ധമുള്ള ഔദ്യോഗികര്‍, സ്ഥിരം പ്രസിഡന്റെന്ന ആവശ്യക്കാരെ വിമതരെന്ന പരോക്ഷമുദ്ര ചുമത്തി പോരിനിറങ്ങി. അതിന്റെ തുടര്‍ച്ചയിലാണ് സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംഘടനാ തിരഞ്ഞെടുപ്പെന്ന് പറയുമ്പോള്‍, താഴേത്തലം മുതല്‍ തിരഞ്ഞെടുപ്പ് നടത്തി, ഭാരവാഹികളെ നിര്‍ണയിച്ച് ഒടുവില്‍ പ്രസിഡന്റിനെ നിശ്ചയിക്കുക എന്ന സാമ്പ്രദായിക രീതിയൊന്നുമല്ല. താഴേത്തട്ടില്‍ എല്ലായിടത്തും നാമനിര്‍ദേശം, അവരില്‍ നിന്ന് നാമനിര്‍ദേശം ചെയ്യുന്നവര്‍ അഖിലേന്ത്യാ കമ്മിറ്റിയില്‍, ആ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ നിശ്ചയിക്കും. ആഭ്യന്തര ജനാധിപത്യമെന്നത് തീര്‍ത്തും പരിചിതമല്ലാത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഈ തിരഞ്ഞെടുപ്പ് പോലും വലിയ സംഭവമാണെന്ന് വിശ്വസിക്കാം.

അങ്ങനെ നിശ്ചയിച്ച തിരഞ്ഞെടുപ്പാണ് ഇപ്പോള്‍, രാജ്യത്ത് കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനില്‍ ആഭ്യന്തര കലഹത്തില്‍ എത്തിനില്‍ക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍, നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥി ഏകപക്ഷീയമായി വിജയിക്കുക എന്നത് മാത്രമേ അര്‍ഥമാക്കിയിരുന്നുള്ളൂ. ആ സ്ഥാനാര്‍ഥിയായി കുടുംബം നിശ്ചയിച്ചത് അശോക് ഗെഹ്‌ലോട്ടിനെയും. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം വിട്ട്, എ ഐ സി സിയുടെ ആലങ്കാരിക പ്രസിഡന്റാകുക എന്നാല്‍ തനിക്കും കോണ്‍ഗ്രസ്സിനും കൈവശമുള്ള സംസ്ഥാനം ബി ജെ പിക്ക് വിട്ടുകൊടുക്കലാകുമെന്ന് പ്രായോഗിക രാഷ്ട്രീയത്തില്‍ പരിജ്ഞാനമുള്ള അശോക് ഗെഹ്‌ലോട്ടിന് അന്നേ മനസ്സിലായിരുന്നു. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം ആദ്യം തന്നെ പറഞ്ഞു. സോണിയ – രാഹുല്‍ – പ്രിയങ്ക ത്രയത്തിന്റെ താത്പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തി തീരുമാനമെടുക്കുന്ന പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഗെഹ്‌ലോട്ടിനേക്കാള്‍ മികച്ച ഉത്തരം ലഭിക്കാതിരിക്കെ അദ്ദേഹം തന്നെയാകട്ടെ എന്ന തീരുമാനത്തിലേക്ക് വൈകാതെ എത്തി.
ഉദയ്പൂര്‍ ശിബിരത്തിന്റെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയേ കരണീയമായുള്ളൂ. ഗെഹ്‌ലോട്ട് എ ഐ സി സി പ്രസിഡന്റായാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയണം. മുഖ്യമന്ത്രിപദം ഒഴിയാതെ പ്രസിഡന്റ് പദമേറുക, അഥവാ ഒഴിഞ്ഞാല്‍ തന്റെ ഗ്രൂപ്പില്‍പ്പെട്ടയാളെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കുക – രണ്ട് നിര്‍ദേശങ്ങളേ ഗെഹ്‌ലോട്ടിന് മുന്നിലുണ്ടായിരുന്നുള്ളൂ. രണ്ടിനും വഴങ്ങാന്‍ സോണിയ – രാഹുല്‍ – പ്രിയങ്ക നേതൃത്വം തയ്യാറാകാതിരുന്നതോടെ പിന്തുണക്കുന്ന എം എല്‍ എമാരെ അണിനിരത്തി വിലപേശുക എന്നത് മാത്രമേ ഗെഹ്‌ലോട്ടിന് മുന്നില്‍ മാര്‍ഗമുണ്ടായിരുന്നുള്ളൂ. അതോടെ ഗെഹ്‌ലോട്ട് അധികാര മോഹിയായി, ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കിയ ഗെഹ്‌ലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള ആലോചനയുമായി.

ഈ കഥക്ക് സമാന്തരമായി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജി 23യുടെ ബാനറില്‍ ശശി തരൂര്‍ സന്നദ്ധനായിട്ടുണ്ട്. മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് നിലവിലെ പ്രസിഡന്റ് സോണിയാ ഗാന്ധി തരൂരിനെ അറിയിക്കുകയും ചെയ്തു. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന, പുതു സാങ്കേതിക വിദ്യകള്‍ സ്വാധീനത്തിലുള്ള, നെഹ്‌റു കുടുംബത്തിന്റെ പ്രത്യേക താത്പര്യപ്രകാരം പാര്‍ലിമെന്റംഗവും കേന്ദ്ര മന്ത്രിയുമായ, നരേന്ദ്ര മോദിയുടെ ശബ്ദ ഘോഷത്തോട്, പുതിയ കാലത്തിന്റെ ശബ്ദത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന, ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന തരൂരിനെ സ്വന്തം സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് ഇപ്പോഴുണ്ടായ അനിശ്ചിതത്വം ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിനും അവരുടെ കോട്ടറിയ്ക്കും കഴിയുമായിരുന്നു. അതിന് തയ്യാറാകാതെ, വടക്കേ ഇന്ത്യയില്‍ നിന്ന് പ്രസിഡന്റുണ്ടാകുകയും ആ ദേഹം സോണിയ – രാഹുല്‍ – പ്രിയങ്ക ത്രയത്തിന്റെ താത്പര്യങ്ങളെ ശിരസ്സാവഹിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകണമെന്ന് ചിന്തിക്കുകയാണ് നേതൃത്വം. സ്വയം ആ സ്ഥാനം ഏറ്റെടുത്ത് സംഘടനയെ പുനര്‍ നിര്‍മിക്കാനും ചലനാത്മകമാക്കാനും കഴിയില്ലെന്ന തിരിച്ചറിവാണ് രാഹുലിനെയും പ്രിയങ്കയെയും പിന്നാക്കം വലിക്കുന്നത്. അപ്പോള്‍ പിന്നെ എളുപ്പം തങ്ങളുടെ ഇംഗിതങ്ങളെ ഹനിക്കാത്ത ഒരാളെ മുന്നില്‍ നിര്‍ത്തി കളിക്കലാണെന്ന് അവര്‍ കരുതുന്നുണ്ടാകണം. അങ്ങനെയാണെങ്കില്‍ രാഹുല്‍ ഇപ്പോള്‍ നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ്സിന്റെ ആയുസ്സ് 2024 വരെ ദീര്‍ഘിപ്പിച്ചെടുക്കുക എന്ന ഒരൊറ്റ അജന്‍ഡയേ ഉണ്ടാകൂ. അതിന് വഴങ്ങിക്കൊടുക്കണമോ അതോ താഴേത്തട്ടുമുതല്‍ തനിക്കുള്ള സ്വാധീനവും ജനപിന്തുണയും കൊണ്ട് നേടിയെടുത്ത രാജസ്ഥാന്റെ ഭരണത്തില്‍ ശിഷ്ടകാലം തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം അശോക് ഗെഹ്‌ലോട്ടിനുമുണ്ട്. അതാണ് അദ്ദേഹം വിനിയോഗിക്കുന്നത്. ബി ജെ പിയുടെ താത്പര്യക്കുറവ് കൊണ്ടുമാത്രം ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തുടരുന്ന സച്ചിന്‍ പൈലറ്റിന്, ജാട്ടുകള്‍ക്കിടയിലെ സ്വാധീനത്താല്‍ ശക്തനായി നിലനിന്ന പിതാവിന്റെ (രാജേഷ് പൈലറ്റ്) പേരില്‍ മുഖ്യമന്ത്രി സ്ഥാനം തീറെഴുതിക്കൊടുക്കേണ്ട എന്ന് ഗെഹ്‌ലോട്ട് തീരുമാനിക്കുന്നതില്‍ കെറുവ് തോന്നിയിട്ട് കാര്യമില്ല.

ഇവിടെയും തെളിയുന്നത് സോണിയ – രാഹുല്‍ – പ്രിയങ്ക ത്രയത്തിന്റെ പിടിപ്പുകേടാണ്. അല്ലെങ്കില്‍ അവരെ ഉപദേശിക്കുന്ന കെ സി വേണുഗോപാലിനെപ്പോലുള്ള ജനറല്‍ സെക്രട്ടറിമാരുടെ പക്വതയില്ലായ്മയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിംഗിനെ മാറ്റി പഞ്ചാബിലെ കോണ്‍ഗ്രസ്സില്‍ നടത്തിയ ശസ്ത്രക്രിയ ഏത് വിധത്തിലാണ് പരാജയമായത് എന്ന് തിരഞ്ഞെടുപ്പ് പഠിപ്പിച്ചിട്ട് കാലം അധികമായിട്ടില്ല. സമാനമായ വിഡ്ഢിത്തം രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കഴിയാതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന് മത്സരമാകാം. അത് ആഭ്യന്തര ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് വിശദീകരിക്കാം. എന്നാല്‍, മത്സരിക്കാന്‍ പാകത്തിലൊരാളെ നിശ്ചയിക്കാന്‍ പോലും കഴിയാത്ത നേതൃത്വമാണ് രാജ്യത്ത് ഐക്യമൂട്ടിയുറപ്പിക്കാനുള്ള യാത്ര നടത്തുന്നത് എന്നത് ആ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വസിക്കുന്നവരെ, മതനിരപേക്ഷ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രൂപപ്പെടാനിടയുള്ള സഖ്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ആ പാര്‍ട്ടിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുക തന്നെയാണ്. ആ നിരാശ മനസ്സിലാകാത്ത ഒരു കൂട്ടരേയുള്ളൂ, അത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ തന്നെയാണ്.

Latest