Connect with us

Petrol Diesel Price

ക്രൂഡോയിൽ വില കുറയുമ്പോൾ നികുതി വർധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാൻ മോദി പഠിച്ചത് ഉമ്മൻ ചാണ്ടിയിൽ നിന്നോ?

2014 ആഗസ്റ്റിൽ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറ് മാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി.

Published

|

Last Updated

പെട്രോൾ വില സംബന്ധിച്ച് കോൺഗ്രസിന്റെയും ബി ജെ പിയുടെയും നയം ഏതാണ്ട് ഒരുപോലെയാണെന്നും കേരള സർക്കാർ പെട്രോളിനു മേലുള്ള വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തിൽ യു ഡി എഫിനും ബി ജെ പിക്കും ഏക അഭിപ്രായമാണെന്നും മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്. ഒരു പുതിയ യുദ്ധമുന്നണി സംസ്ഥാന സർക്കാറിനെതിരെ തുറക്കാനുള്ള ശ്രമത്തിലാണ് അവർ. ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പെരുംനുണയാണ്. യു ഡി എഫ് സർക്കാറിന്റെ അവസാന ഒരു വർഷക്കാലത്ത് ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങൾക്കു കൊടുക്കാതിരിക്കാൻ വേണ്ടി തുടർച്ചയായി 13 തവണ നികുതി നിരക്ക് കൂട്ടി. 2014 ആഗസ്റ്റിൽ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറ് മാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. അഞ്ച് ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറ് മാസം കൊണ്ട് വർധിപ്പിച്ചത്. സത്യം പറഞ്ഞാൽ ഉമ്മൻ ചാണ്ടിയിൽ നിന്നാണോ മോദി ക്രൂഡോയിൽ വില കുറയുമ്പോൾ നികുതി വർധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാൻ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കേരള സർക്കാർ പെട്രോളിനു മേലുള്ള വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തിൽ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമാണ്. ഒരു പുതിയ യുദ്ധമുന്നണി സംസ്ഥാന സർക്കാരിനെതിരെ തുറക്കാനുള്ള ശ്രമത്തിലാണ് അവർ. ഏറ്റവും വിചിത്രമായ പ്രസ്താവന മുൻമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടേതാണ്.

“യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ, വർധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നുവച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങൾക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ് മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഉയർന്ന വിലയുടെ കാരണം.”
ശ്രീ. ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പെരുംനുണയാണ്.
പെട്രോൾ വില സംബന്ധിച്ച് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോൺഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാൻ എണ്ണ കമ്പനികൾക്കു സ്വാതന്ത്ര്യം നൽകിയതും. പെട്രോളിനു സബ്സിഡി നൽകാനുള്ള ഓയിൽപൂൾ അക്കൗണ്ട് വേണ്ടെന്നുവച്ചതും. ബിജെപി ആവട്ടെ ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വർദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവർ നികുതി വർദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവർത്തനം മരവിപ്പിച്ചു. യുഡിഎഫ് സർക്കാരും കേരളത്തിൽ ചെയ്തത് ഇതുതന്നെയായിരുന്നു.
യു ഡി എഫ് സർക്കാരിന്റെ അവസാന ഒരു വർഷക്കാലത്ത് ക്രൂഡോയിൽ വില കുറയാൻ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങൾക്കു കൊടുക്കാതിരിക്കാൻ വേണ്ടി തുടർച്ചയായി 13 തവണ നികുതി നിരക്ക് കൂട്ടി. 2014 ഓഗസ്റ്റിൽ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറുമാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണ് ശ്രീ. ഉമ്മൻചാണ്ടി. അഞ്ചു ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറു മാസം കൊണ്ട് വർദ്ധിപ്പിച്ചത്. സത്യം പറഞ്ഞാൽ ഉമ്മൻചാണ്ടിയിൽ നിന്നാണോ മോദി ക്രൂഡോയിൽ വില കുറയുമ്പോൾ നികുതി വർദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാൻ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നു.
ഉമ്മൻചാണ്ടിയുടെ അവകാശവാദത്തിൽ ചെറിയൊരു ശരിയുണ്ട്. യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ പെട്രോൾ-ഡീസൽ വില ഉയർന്നപ്പോൾ വാറ്റ് നികുതി നിരക്ക് കുറച്ച് ആനുപാതികമായി സംസ്ഥാനത്തിന് ഉണ്ടാവുന്ന നികുതി വർദ്ധന വേണ്ടെന്നു വയ്ക്കുകയുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം യുഡിഎഫ് സര്ക്കാർ പെട്രോളിനു 3 അല്ല, 4 തവണ നികുതി കുറച്ചിട്ടുണ്ട് (19-5-11, 18-9-11, 6-11-11, 25-05-12). ഡീസലിന് 1 തവണ അല്ല, 2 തവണ കുറച്ചിട്ടുണ്ട് (29-6-11, 16-9-12). ഇതിന്റെ ഫലമായി 680 കോടി രൂപ നികുതി നഷ്ടമുണ്ടായി എന്നാണു ഉമ്മൻചാണ്ടി പറയുന്നത്.
എന്നാൽ അതു കഴിഞ്ഞ് യുഡിഎഫ് സർക്കാർ ചെയ്തത് എന്ത്? പെട്രോളിന്റെ നികുതി 13 തവണയും ഡീസലിന്റെ നികുതി 5 തവണയും വർദ്ധിപ്പിച്ചു.
ഇതിന്റെ ഫലമായി യുഡിഎഫ് ഭരണമൊഴിയുമ്പോൾ പെട്രോളിന്റെ നികുതി നിരക്ക് 29.01 ശതമാനത്തിൽ നിന്ന് 31.8 ശതമാനമായി ഉയർന്നു. എന്തൊരു ആത്മാർത്ഥത! തുടർന്ന് അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാരാണ് 1-6-18-ൽ പെട്രോൾ നികുതി നിരക്ക് 30.08 ശതമാനമായി താഴ്ത്തിയത്.
യുഡിഎഫ് ഭരണം ഏൽക്കുമ്പോൾ ഡീസലിന്റെ നികുതി നിരക്ക് 24.69 ശതമാനമായിരുന്നു. ഭരണം അവസാനിക്കുമ്പോൾ അത് 24.52 ശതമാനമാണ്. എൽഡിഎഫ് സർക്കാരാണ് 1-6-18-ൽ ഇത് 22.76 ശതമാനമായി താഴ്ത്തിയത്.
നാലു തവണ നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 680 കോടി രൂപയുടെ നികുതിയിളവ് നൽകിയ യുഡിഎഫ് സർക്കാർ ആ കാലയളവിൽ ആകെ 13 തവണ നികുതി വർധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു.
എൽഡിഎഫ് സർക്കാർ 0-6-18-ൽ പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചതിന്റെ ഫലമായി അന്നത്തെ നിരക്കനുസരിച് 509 കോടി രൂപ നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചു. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകിയിട്ടുണ്ട്.
കേരള സർക്കാർ നികുതി കുറയ്ക്കുന്നില്ല എന്നാണ് മഴവിൽ മുന്നണിയുടെ നിലവിളി. കേരള സർക്കാർ നികുതി കൂട്ടിയിട്ടില്ല. നികുതി വർദ്ധിപ്പിച്ചവരാണ് വർദ്ധനയിൽ നിന്ന് പിന്മാറേണ്ടത്. ഇപ്പോഴും മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വർദ്ധിപ്പിച്ച പെട്രോൾ നികുതിയിൽ 12.27 രൂപയും ഡീസൽ നികുതിയിൽ 10.47 രൂപയും ഇനിയും കുറയ്ക്കേണ്ടതായിട്ടുണ്ട്. അതിനുള്ള ബഹുജന സമ്മർദ്ദമുയർത്താൻ കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെയാണ് സമരം ചെയ്യേണ്ടത്.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെയൊക്കെ രോഷപ്രകടനം ഏറ്റവും വലിയ ഹാസ്യപരിപാടിയായി മാറിയിട്ട് കാലമേറെയായി. കേരളം നികുതി കുറച്ചില്ലെങ്കിൽ ഭയങ്കര സമരം നടത്തുമെന്നാണ് വെല്ലുവിളി. ആരാ വെല്ലുവിളിക്കുന്നത് – അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീർവാണം മുഴക്കി നടന്ന അതേ കക്ഷി. പറയുന്നതുകേട്ടാൽ തോന്നും അമ്പതു രൂപയ്ക്ക് എണ്ണ കിട്ടുന്നതിനുള്ള തടസം കേരളത്തിന്റെ നികുതിയാണെന്ന്. ഏതായാലും കൂട്ടത്തിലേറ്റവും വലിയ തമാശക്കാരനുള്ള അവാർഡ് ഇപ്പോഴും കക്ഷിയ്ക്കു തന്നെ.