pt 7
മയക്കുവെടി വെച്ച് പിടികൂടിയ പി ടി 7നെ ധോണി ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചു; അടുത്ത ദൗത്യം കൂട്ടിൽ കയറ്റൽ
വെടിയേറ്റ് അഞ്ച് മണിക്കൂറിന് ശേഷമാണ് ആനയെ ധോണി ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചത്.

പാലക്കാട് | ധോണി, മുണ്ടൂര്‍ മേഖലയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന ഒറ്റയാൻ പാലക്കാട് ടസ്കർ എന്ന പി ടി 7നെ മയക്കുവെടിവെച്ച് ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. രാവിലെ 7.15ടെയാണ് ആനയെ മയക്കുവെടി വെച്ചത്. വെടിയേറ്റ് അഞ്ച് മണിക്കൂറിന് ശേഷമാണ് ആനയെ ധോണി ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചത്. ഇതോടെ രണ്ട് ഘട്ട ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇനി കൂട്ടിൽ കയറ്റലാണ് ദൗത്യം. ഇതും ശ്രമകരമായിരിക്കും. വനം വകുപ്പ് സംഘം തന്നെ ആനയെ ലോറിയിൽ കയറ്റി കൂട്ടിൽ കയറ്റുമെന്നാണ് സൂചന. ഇത് വിജയിച്ചില്ലെങ്കിൽ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിൽ കയറ്റും.
ഇടതുചെവിക്ക് താഴെ മുൻകാലിന് മീതെയായാണ് ആനക്ക് മയക്കു വെടിയേറ്റത്. വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിൻ്റെ രണ്ടാം ദിവസത്തെ ശ്രമം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിജയകരമായി വെടിവെച്ചത്. വെടിയേറ്റ ആന അര മണിക്കൂറോളം ഓടിയെന്നാണ് റിപ്പോർട്ട്. എന്നാൽ, അതിന് ശേഷം പ്രകോപനമുണ്ടാക്കാനോ അക്രമകാരിയാകാനോ ഓടാനോ മയക്കുവെടി കൊണ്ട ആനക്ക് സാധിച്ചില്ല. തുടർന്ന് വനാതിർത്തിയിൽ നിലയുറപ്പിക്കുകയായിരുന്നു. വെടിയേറ്റ് മൂന്ന് മണിക്കൂറിനൊടുവിൽ 10.30ന് ശേഷമാണ് പി ടി 7നെ കുങ്കിയാനകളുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റിയത്.
പി ടി 7 കോർമി വനമേഖലയിൽ നിലയുറപ്പിച്ചതോടെ കുങ്കിയാനകളായ വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നിവ ഇതിനെ വളയുകയും വനംപാലകർ നാല് വടം കൊണ്ട് കാലുകൾ ബന്ധിക്കുകയായിരുന്നു. തുടർന്ന് കുറച്ചുസമയം കറുത്ത തുണികൊണ്ട് ആനയുടെ കണ്ണുകൾ മൂടിയിരുന്നു. ആന നിൽക്കുന്ന സ്ഥലത്ത് നിന്ന് യൂക്കാലി മരങ്ങള്‍ കൊണ്ടടക്കം പ്രത്യേകം തയ്യാറാക്കിയ ലോറിയുടെ അടുത്തേക്ക് ജെ സി ബി ഉപയോഗിച്ച് വഴിവെട്ടുകയും മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. രാവിലെ 11ന് ശേഷമാണ് ലോറി ധോണിയിലേക്ക് പുറപ്പെട്ടത്. 12.15ഓടെയാണ് ധോണിയിലെ ക്യാമ്പിലെത്തിച്ചത്. എട്ട് കിലോ മീറ്ററാണ് ഇവിടെ നിന്ന് ധോണി സ്റ്റേഷനിലേക്കുള്ളത്. ലോറിയിൽ കയറ്റിയ ശേഷം മയക്കം വിട്ടുണരുന്നുവെന്ന ലക്ഷണങ്ങൾ പി ടി 7 പ്രകടിപ്പിച്ചതിനെ തുടർന്ന് ബൂസ്റ്റർ ഡോസ് മയക്കുമരുന്ന് കുത്തിവെച്ചിട്ടുണ്ട്. ധോണിയിൽ പി ടി 7ന് വേണ്ടി പ്രത്യേകം കൂട് സംവിധാനിച്ചിട്ടുണ്ട്. ഇവിടെ വെച്ച് കുങ്കിയാനകളുടെയും പിടിയാനകളുടെയും സഹായത്തോടെ മെരുക്കും. ആന മെരുങ്ങാൻ ആഴ്ചകളെടുക്കും. പൂർണമായി മെരുങ്ങിയാൽ പി ടി 7നെയും കുങ്കിയാനയാക്കും.
ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം രാവിലെ ആറോടെയാണ് കോർമി വനത്തിലേക്ക് കടന്നത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനമേഖലയിലാണ് ആനയെ പത്തംഗ ട്രാക്കിംഗ് സംഘം പുലർച്ചെ നാല് മണിയോടെ പി ടി7നെ കണ്ടെത്തിയത്. ഈ വിവരമനുസരിച്ചാണ് മയക്കുവെടി സംഘം വനത്തിലേക്ക് കടന്നത്. ചെങ്കുത്തായ ഭാഗത്ത് നിലയുറപ്പിച്ചതിനാലാണ് ഇന്നലെ മയക്കുവെടി വെക്കാൻ സാധിക്കാതിരുന്നത്. മയക്കുവെടിയുതിര്‍ത്ത് ആനയെ പിടിക്കുന്ന സുപ്രധാന ദൗത്യത്തിന് വയനാട്ടില്‍ നിന്നെത്തിയ 26 അംഗ സംഘവും 50ലധികം വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരുന്നത്. പ്രത്യേക സംഘങ്ങളാക്കി തിരിച്ച് പ്രത്യേകം ദൗത്യവും ഇവര്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. വെടിവെക്കാനും ആനയെ നിരീക്ഷിക്കാനും കുങ്കി ടീം ഉള്‍പ്പെടെ മയക്കുവെടിവെക്കുന്നതിന് നാലോളം പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചിരുന്നു. ഇതിനായി വയനാട്ടില്‍ നിന്നുള്ള സംഘത്തിന് പുറമെ പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ 50 ജീവനക്കാരും വാച്ചര്‍മാരും കൃത്യത്തില്‍ ഉള്‍പ്പെട്ടു.
മുഴുവന്‍ ദൗത്യ സംഘാംഗങ്ങളും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രത്യേക ദൗത്യത്തിന് നേതൃത്വം നല്‍കുന്ന വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ്യയും സംഘത്തോടൊപ്പം ചേര്‍ന്നിരുന്നു. ബത്തേരിയിൽ കാട്ടാനയെ പിടികൂടുന്നതിനിടെയുണ്ടായ പരുക്ക് പൂര്‍ണമായി മാറിയെന്ന് ഡോക്ടർ പറഞ്ഞു.