Organisation
മനുഷ്യ മനസ്സുകളെ തൊട്ടറിഞ്ഞതിനുള്ള അര്‍ഹമായ അംഗീകാരം; പാലക്കാടിന്റെ സ്വീകരണം ഏറ്റുവാങ്ങി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി
ജാമിഅ ഹസനിയ്യയും പാലക്കാട്ടെ സംഘടനാ കൂട്ടായ്മകളും ഒരുമിച്ചാണ് സ്വീകരണം ഒരുക്കിയത്.
കേരളയാത്ര കഴിഞ്ഞെത്തിയ ജാഥാ സ്ഥിരാംഗം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിക്ക് സമസ്ത കേന്ദ്ര മുശാവറാംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഹസനിയ്യ ക്യാമ്പസില്‍ സ്വീകരണം നല്‍കിയപ്പോള്‍.
കല്ലേക്കാട് | കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ സ്ഥിരാംഗമായ എസ് എം എ സംസ്ഥാന പ്രസിഡന്റും ജാമിഅ ഹസനിയ്യയുടെ മുഖ്യകാര്യദര്‍ശിയുമായ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിക്ക് പാലക്കാട് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ജാമിഅ ഹസനിയ്യയും പാലക്കാട്ടെ സംഘടനാ കൂട്ടായ്മകളും ഒരുമിച്ചാണ് സ്വീകരണം ഒരുക്കിയത്. കാലത്ത് ഒമ്പതിന് പറളിയില്‍ നിന്ന് കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ഈസ്റ്റ്, വെസ്റ്റ് സോണ്‍ സാരഥികള്‍ ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ വാഹന ജാഥയായി ഹസനിയ്യയിലേക്ക് ആനയിച്ചു. ഹസനിയ്യയില്‍ പ്രിന്‍സിപ്പല്‍ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഉസ്താദുമാരും വിദ്യാര്‍ഥികളും കമ്മറ്റി ഭാരവാഹികളും മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയെ വരവേറ്റു. തുടര്‍ന്ന് നടന്ന സ്വീകരണ സംഗമത്തില്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പ്രവര്‍ത്തകര്‍ക്കും വേദനകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്കും തണലാവുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. ഇസ്‌ലാമിന്റെ സുന്ദരമായ മാനുഷിക പാഠങ്ങള്‍ വിളംബരം ചെയ്യുന്നത് ഇതെല്ലാം വിശ്വാസിയുടെ ഉത്തരവാദിത്വമാണ് എന്നാണ്. ഈ ആശയത്തില്‍ നിന്ന് കാലം മാറി ചിന്തിക്കുമ്പോള്‍ മാനുഷിക മൂല്യങ്ങളുടെ ഉണര്‍ത്തുപാട്ടുമായി കേരളമാകെ സഞ്ചരിച്ച് മനുഷ്യ മനസ്സുകളെ തൊട്ടറിഞ്ഞതിനുള്ള അര്‍ഹമായ അംഗീകാരമാണ് ഇവിടെ ഒരുമിച്ചു കൂടിയ ജനങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറാംഗം ഐ എം കെ ഫൈസി കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കേരള യാത്ര മാനവികതക്കുള്ള വലിയ ഒത്തുകൂടലായിരുന്നു എന്നും വര്‍ത്തമാന കാലത്ത് ഇത്തരത്തിലുള്ള ഉണര്‍ത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന്റെ ഹൃദ്യമായ സ്നേഹത്തെയും പൂര്‍വ സൂരികളുടെ പ്രബോധന വഴികളെയുമെല്ലാം ഓര്‍ത്തെടുത്ത് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി പ്രസംഗിച്ചു.
എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ഫൈസി വാക്കട, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നൂര്‍ മുഹമ്മദ് ഹാജി പള്ളിക്കുളം, എസ് വൈ എസ് ജില്ലാ സെക്രട്ടറി ജാബിര്‍ സഖാഫി മപ്പാട്ടുകര, ഹസനിയ്യ മാനേജിങ് കമ്മിറ്റി അംഗം കബീര്‍ വെണ്ണക്കര, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇബ്റാഹീം അല്‍ഹസനി തെരുവത്ത്, എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുറശീദ് സഖാഫി ചിറക്കല്‍ പടി, ഹസനിയ്യ മാനേജര്‍ മുഹമ്മദ് അലി ആലങ്ങാട്, ഹസനിയ്യ സെക്രട്ടറി സിദ്ദീഖ് നിസാമി അല്‍ ഹസനി മേപ്പറമ്പ്, വിദ്യാര്‍ഥി സംഘടനാ പ്രതിനിധി ഒ എച്ച് സ്വാലിഹ് വെട്ടിക്കാട്ടിരി പ്രസംഗിച്ചു.

