Connect with us

Kerala

ഭാസുരാംഗനെതിരെ പരാതിയുമായി സഹകരണവകുപ്പ്

ക്രിമിനൽ ഗൂഢാലോചനയിൽ കേസ്

Published

|

Last Updated

തിരുവനന്തപുരം | കണ്ടല സഹകരണ ബേങ്കിൽ ക്രമക്കേട് നടത്തിയ കേസിൽ പ്രതിയായ എൻ ഭാസുരാംഗനെതിരെ രണ്ട് വർഷത്തിനു ശേഷം പോലീസിൽ പരാതി നൽകി സഹകരണ വകുപ്പ്. ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിലാണ് മാറനെല്ലൂർ പോലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഭാസുരാംഗനെതിരെ ചുമത്തിയിരിക്കുന്നത്.

ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നിക്ഷേപകരെ ചതിച്ച് 2005 മുതൽ കുറ്റകരമായ ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് എഫ് ഐ ആറിന്റെ ഉള്ളടക്കം. അനുമതിയില്ലാതെ 21 ജീവനക്കാരെ നിയമിച്ചു, അനുമതി വാങ്ങാതെ നിർമാണ പ്രവൃത്തികൾ നടത്തി, നിയമവിരുദ്ധമായി വായ്പകൾ നൽകി, നിക്ഷേപങ്ങൾക്ക് അനധികൃതമായി പലിശ നൽകി, നിയമവിരുദ്ധമായി ബേങ്ക് ശാഖ മാറ്റി സ്ഥാപിച്ചു,തെളിവുകൾ നശിപ്പിച്ചു, ആശുപത്രിയുടെ നിക്ഷേപത്തിൽ നിന്ന് പണം വകമാറ്റി, ചിട്ടി പണം വക മാറ്റി ഇങ്ങനെ ആകെ 101 കോടി 67,858 രൂപയുടെ അഴിമതി ഭാസുരാംഗനും സംഘവും നടത്തിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

അതേസമയം, രണ്ട് വർഷം മുമ്പ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടും ഇത്രയും നാൾ ഭാസുരാംഗനെതിരെ ഒരു നടപടിയും വകുപ്പ് സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഇ ഡിയുടെ കസ്റ്റഡിയിലായ ശേഷമാണ് അഴിമതി നടത്തിയെന്ന് സ്ഥിരീകരിച്ച് സഹകരണ വകുപ്പ് പോലീസിൽ പരാതി നൽകുന്നതും സംഭവത്തിൽ കേസെടുക്കുന്നതും.

 

Latest