Connect with us

National

നിയമസഭാ സീറ്റ് നിഷേധിച്ചു; പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി

ഇത്തവണ മറ്റൊരു മുതിര്‍ന്ന നേതാവായ കഡിയം ശ്രീഹരിയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു തീരുമാനിക്കുകയായിരുന്നു.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പൊട്ടിക്കരഞ്ഞ് മുന്‍ ഉപമുഖ്യമന്ത്രി താടിക്കൊണ്ട രാജയ്യ. ജങ്കാവിലെ തന്റെ അനുയായികള്‍ക്ക് മുന്നിലാണ് അദ്ദേഹം വികാരാധീനനായത്. ഇത്തവണയും ഘാന്‍പൂര്‍ (സ്റ്റേഷന്‍) മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന രാജയ്യക്ക് ബിആര്‍എസ് സീറ്റ് നിഷേധിക്കുകയായിരുന്നു.

ഘാന്‍പൂര്‍ (സ്റ്റേഷന്‍) സിറ്റിംഗ് എംഎല്‍എയാണ് രാജയ്യ. എന്നാല്‍ ഇത്തവണ മറ്റൊരു മുതിര്‍ന്ന നേതാവായ കഡിയം ശ്രീഹരിയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു തീരുമാനിക്കുകയായിരുന്നു. അംബേദ്കര്‍ സ്റ്റാച്യൂ കേന്ദ്രത്തിലെത്തിയ രാജയ്യക്ക് വലിയ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്. പിന്നാലെ വികാരാധീനനായ രാജയ്യ അനുയായികള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ഒരു ഗ്രാമസര്‍പഞ്ച് രാജയ്യയ്‌ക്കെതിരെ ലൈംഗികാതിക്രമം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആകെയുള്ള 119 സീറ്റുകളിലേക്കുള്ള 115 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കെ ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അദ്ദേഹം ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിക്കും. ബിആര്‍എസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

 

 

 

Latest