Articles
ജനാധിപത്യവും ചില വീണ്ടെടുപ്പ് സാധ്യതകളും
ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും രാജ്യത്തെ സാധാരണക്കാര്‍ ഒരുക്കമാണ്. അവരുടെ ഈ ത്യാഗസന്നദ്ധതയെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വോട്ടാക്കി മാറ്റാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കേണ്ടത്.

ഇത്തവണയല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല എന്ന രീതിയിലുള്ള ജീവന്‍മരണ പോരാട്ടത്തിനു മുന്നിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളിപ്പോള്‍. ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ ഓരോന്നോരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍, കോടതികള്‍, പാര്‍ലിമെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാറ്റിനെയും തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടങ്ങളിലാണ്. ഇനിയൊരു അവസരം കൂടി അവര്‍ക്ക് നല്‍കിയാല്‍ രാജ്യം ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം ഫാസിസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.
ഫാസിസത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പ് സമരത്തിലാണ് ഇപ്പോള്‍ വേഷ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത. ഫാസിസത്തിന്റെ സ്തൂലവും സൂക്ഷ്മവുമായ ആണിക്കല്ലുകള്‍ക്കെതിരെയുള്ള പ്രതിരോധ നിര ഉയരുമ്പോള്‍ രാജ്യത്തെ ജനം ഉയര്‍ത്തുന്ന വലിയ ചോദ്യമുണ്ട്, കേവലം ചെപ്പടി വിദ്യകള്‍ കൊണ്ട് മാത്രം ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയുമോ? ഫാസിസം കേവലം രാഷ്ട്രീയ ഒളി അജന്‍ഡയല്ല. ബഹുശാഖയായി വളരുന്ന പ്രത്യയശാസ്ത്രമാണ്. ഇതിന്റെ വേര് ഇന്ത്യന്‍ ഫാസിസത്തില്‍ മാത്രമല്ലെന്നതും എല്ലായിടത്തും എല്ലാ കാലത്തുമുണ്ടായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ കേന്ദ്രീകൃത രീതിയാണെന്നും തിരിച്ചറിയാതെ പോകരുത്. ഇന്ത്യന്‍ ഫാസിസത്തെ നേരിടേണ്ടത് എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം കാണാന്‍ ഫാസിസ്റ്റ് വിരുദ്ധര്‍ എന്നവകാശപ്പെടുന്ന പല പാര്‍ട്ടികള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.
ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും അപ്പുറം ക്രിയാത്മകമായ ചുവടുവെപ്പുകളാണ് രാജ്യം ആവശ്യപ്പെടുന്നത്. വര്‍ഗീയതയിലധിഷ്ഠിതമായ ഫാസിസ്റ്റ് സഖ്യത്തെ പരാജയപ്പെടുത്താന്‍ കരുത്തുള്ള വിശാലമായ കൂട്ടായ്മ പൂര്‍ണാര്‍ഥത്തില്‍ ഇനിയും രൂപപ്പെട്ടുവന്നിട്ടില്ലെങ്കില്‍ ഫാസിസം തുലയട്ടെ എന്ന കേവല മുദ്രാവാക്യത്തിലൊതുങ്ങും ഫാസിസ്റ്റ് വിരുദ്ധ സമീപനം. ജനവിരുദ്ധ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗത്തെ നിരന്തരം അവഗണിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും ഭിന്നസ്വരമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെ തോക്കിന്‍ മുന്നില്‍ നിര്‍ത്തുന്നതുമെല്ലാം രാജ്യം എവിടെ എത്തി എന്ന സൂചനകളാണ് വീണ്ടും തരുന്നത്.
രാജ്യത്തിന്റെ ഭരണഘടന പോലും തിരുത്തി എഴുതാനുള്ള ശ്രമത്തിലാണ് അവര്‍. മതേതരത്വ സങ്കല്‍പ്പങ്ങള്‍ക്കെതിരായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കപ്പെട്ടതാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. അനിവാര്യമായ തിന്മ എന്ന രീതിയിലാണ് പാര്‍ലിമെന്റിനെയും തിരഞ്ഞെടുപ്പിനെയും സുപ്രീം കോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും അവര്‍ കാണുന്നത്. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് താത്കാലികമായി അവയെ ഉപയോഗിക്കുകയാണ് അവരുടെ രീതി. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ പഴുതുകള്‍ സമര്‍ഥമായി ഉപയോഗിച്ച് ഫാസിസത്തെ കടത്തി ക്കൊണ്ടുവരികയാണ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനുകള്‍ പോലും അതിനായി അവര്‍ ഉപയോഗിക്കുന്നു.
സുപ്രീം കോടതിയെ വരച്ച വരയില്‍ നിര്‍ത്താനുള്ള എല്ലാ അടവുകളും അവര്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ന്യായാധിപന്‍മാരെ ഒതുക്കാന്‍ മടി കാണിക്കുന്നില്ല. നിവര്‍ന്ന നട്ടെല്ലുള്ള ജഡ്ജിമാര്‍ സുപ്രധാന സ്ഥാനങ്ങളില്‍ വരുന്നത് തടയാന്‍ പതിനെട്ടടവും പയറ്റുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍വകലാശാലകളിലും കടന്നുകയറുന്ന ഫാസിസ്റ്റ് മനോഭാവത്തെ ചെറുക്കാനുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ് മതനിരപേക്ഷ രാഷ്ട്രീയ സഖ്യങ്ങള്‍ക്കെല്ലാം. കേന്ദ്ര സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്ര സ്ഥാനത്തെല്ലാം ആര്‍ എസ് എസ് പിടിമുറുക്കിക്കഴിഞ്ഞു. ഫാസിസം എവിടെ വരെയെത്തിയെന്ന ബോധമെങ്കിലും ജനാധിപത്യ സമൂഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.
അതിര്‍ത്തികളിലെ സംഘര്‍ഷങ്ങളോ ബാഹ്യമായ ഭീഷണികളോ അല്ല രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്, ഉള്ളില്‍ നിന്ന് തന്നെ വരുന്ന ഭീഷണികളാണ്. രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനകോടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വാക്കുകള്‍ക്കതീതമാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യം അനുഭവിക്കുന്ന ദുരന്തത്തെ അതിജീവിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടമാണിത്. ജനാധിപത്യം എന്ന വാക്ക് തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുകയും ഭരണഘടന പോലും വെല്ലുവിളി നേരിടുകയും ചെയ്യുന്ന ഇന്ത്യയില്‍ ഫാസിസത്തിന്റെ തേരോട്ടത്തിന് തടയിടാന്‍ പതിവ് പ്രതിഷേധങ്ങളും തന്ത്രങ്ങളും മതിയാകില്ല. ഫാസിസത്തിനെതിരായ ആ പോരാട്ടത്തില്‍ രാഷ്ട്രീയമോ വ്യക്തിപരമോ ആയ അഭിപ്രായവ്യത്യാസങ്ങള്‍ തടസ്സമാകരുത്. കക്ഷി രാഷ്ട്രീയമോ പാര്‍ട്ടി നേതാക്കളുടെ ദുരഭിമാനമോ തങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക നഷ്ടങ്ങളോ ആരെയും പിറകോട്ടടുപ്പി ക്കാന്‍ പാടില്ല. കൊടികളിലെ നിറവ്യത്യാസമോ പാര്‍ട്ടികളുടെ വലിപ്പ ചെറുപ്പമോ പ്രതിബന്ധമായിക്കൂടാ.
ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരേ മനസ്സാണെന്ന കാര്യത്തില്‍ സംശയമില്ല. മോദിയുടെ ദുര്‍ഭരണം അവസാനിപ്പിച്ച് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശുദ്ധവായു ശ്വസിക്കാനാകുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും രാജ്യത്തെ സാധാരണക്കാര്‍ ഒരുക്കമാണ്. അവരുടെ ഈ ത്യാഗസന്നദ്ധതയെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വോട്ടാക്കി മാറ്റാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കേണ്ടത്. ആ വോട്ടുകള്‍ പരമാവധി ഭിന്നിക്കാതെ നോക്കാനും അവയൊക്കെ ഫാസിസത്തിന്റെ പ്രതിനിധികള്‍ക്കെതിരായ വിധിയെഴുത്തായി മാറുന്നുവെന്ന് ഉറപ്പുവരുത്താനും സാധിക്കുമ്പോള്‍ മാത്രമേ ഈ പോരാട്ടത്തെ വിജയത്തിലെത്തിക്കാന്‍ നമുക്ക് സാധിക്കൂ. അതിന് ശത്രുവിന്റെ ശക്തിയും തന്ത്രവും അറിഞ്ഞുള്ള പടയൊരുക്കമാണ് നടക്കേണ്ടത്. ആദ്യം വേണ്ടത് പ്രതിപക്ഷ കക്ഷികളുടെ യോജിപ്പാണ്. മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച് ചോരയൂറ്റിക്കുടിക്കാന്‍ ചെന്നായ്ക്കള്‍ ഇനിയും വരും. ആ തന്ത്രത്തിന് നിന്നുകൊടുക്കാന്‍ ഇനിയും തയ്യാറായാല്‍ പിന്നീടൊരിക്കലും വീണ്ടെടുക്കാനാകാത്ത വിധം വന്‍ ദുരന്തത്തിലേക്കാകും രാജ്യം കൂപ്പുകുത്തുകയെന്ന കാര്യത്തില്‍ സംശയമില്ല.
ആലോചിക്കാനും നടപടികള്‍ കൈക്കൊള്ളാനും അധിക സമയം മുമ്പിലില്ല എന്നതാണ് ഏറ്റവും കാതലായ വശം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി. ബി ജെ പി സഖ്യത്തിനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുമ്പ് “ഇന്ത്യ’ സഖ്യത്തിലെ കക്ഷികള്‍ തങ്ങളുടെ വീടിനകത്തെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണം. വരും ദിനങ്ങളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവയ്ക്കുള്ള മറുമരുന്നുകള്‍ കൂടി കണ്ടെത്താനാകണം.