Connect with us

National

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൊലപാതകകേസ് തെളിയിച്ച് ഡല്‍ഹി പോലീസ്

സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൊലപാതകകേസ് തെളിയിച്ച് ഡല്‍ഹി പോലീസ്. ജനുവരി പത്തിനാണ് ഈസ്റ്റ് ഡല്‍ഹിയിലെ ഗീതാ കോളനി മേല്‍പ്പാലത്തിനു താഴെ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.  മുഖം വികൃതമായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. മൃതശരീരത്തില്‍ നിന്നും അടയാളങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കേസ് അന്വേഷണം പോലീസിന് വെല്ലുവിളി ഉയര്‍ത്തി.തുടര്‍ന്നാണ് എഐ സാങ്കേതികവിദ്യ പോലീസ് അന്വേഷണത്തില്‍ ഉപയോഗിച്ചത്.

എഐ വഴി കൊല്ലപ്പെട്ടയാളുടെ മുഖം പോലീസ് പുനസൃഷ്ടിച്ചു. ഡിജിറ്റലായി നിര്‍മിച്ച മുഖത്തിന്റെ അഞ്ഞൂറോളം ചിത്രങ്ങള്‍ പോലീസ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ഒരു പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ട് മരിച്ചയാളുടെ സഹോദരന്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട ഹിതേന്ദ്ര എന്നയാള്‍ മൂന്നുപേരുമായി വഴക്കിട്ടിരുന്നെന്ന് കണ്ടെത്തി. വഴക്കിനിടെ പ്രതികള്‍ ഹിതേന്ദ്രയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഒരു സ്ത്രീയുടെ സഹായത്തോടെ മൃതദേഹം മറവ് ചെയ്തതായും പോലീസ് കണ്ടെത്തി. സ്ത്രീയുള്‍പ്പെടെ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ഇരയായ വ്യക്തിയെ കണ്ടെത്താനും കൊലാപതകികളെ പിടികൂടാനും സഹായകമായത് എഐ സാങ്കേതിക വിദ്യയാണെന്ന് പോലീസ് പറഞ്ഞു.