National
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രപിള്ള അറസ്റ്റില്‍
അരുണിന്റെ ഉടമസ്ഥയിലുള്ള ഹൈദരാബാദിലെ 2.2 കോടി രൂപ വില മതിക്കുന്ന ഭൂമിയും ഇഡി കണ്ടെടുത്തിട്ടുണ്ട്
		
      																					
              
              
            ന്യൂഡല്‍ഹി \ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അറസ്റ്റില്‍. മലയാളി വ്യവസായിയായ അരുണ്‍ രാമചന്ദ്ര പിള്ളയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു അരുണിനെ അറസ്റ്റ് ചെയ്തത്.അരുണിന്റെ ഉടമസ്ഥയിലുള്ള ഹൈദരാബാദിലെ 2.2 കോടി രൂപ വില മതിക്കുന്ന ഭൂമിയും ഇഡി കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മദ്യ നിര്‍മ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാന പ്രതിനിധിയാണ് അരുണ്‍ രാമചന്ദ്ര പിള്ള എന്നാണ് ഇഡിയുടെ ആരോപണം.
കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുണ്‍ രാമചന്ദ്രനാണെന്നാണ് ഇഡി പറയുന്നത്.കാര്‍ട്ടലൈസേഷന്‍ വഴി ഇന്‍ഡോ സ്പിരിറ്റില്‍ 68 കോടിയോളം രൂപ ലാഭം ലഭിച്ചു. ഇതില്‍ 32.5 ശതമാനം ഓഹരി പങ്കാളിത്തം പിള്ളക്ക് നല്‍കിയെന്നാണ് ആരോപണം. 29 കോടി രൂപ പിള്ളയുടെ അക്കൗണ്ടുകളിലേക്കും മറ്റു അനുബന്ധ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദിലെ കോകാപേട്ടിലുള്ള പിള്ളയുടെ വസതിയില്‍ കേന്ദ്ര ഏജന്‍സി നേരത്തെ റെയ്ഡ് നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
