Connect with us

editorial

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ കാലതാമസം പരിഹരിക്കണം

സാമൂഹിക അസമത്വം കുറയ്ക്കാനായി ആവിഷ്‌കരിച്ച പദ്ധതികള്‍ അസമത്വം വര്‍ധിപ്പിക്കാനിടയാക്കുന്നത് ഗൗരവതരമായ സാമൂഹിക പ്രശ്‌നമാണ്. ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കും.

Published

|

Last Updated

കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ- ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ- മെട്രിക്, പോസ്റ്റ്- മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വീഴ്ചകളെ സംബന്ധിച്ച സി എ ജി റിപോര്‍ട്ട് ഗൗരവതരമാണ്. സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ അഞ്ച് വര്‍ഷം വരെ കാലതാമസം സംഭവിക്കുന്നതായും അര്‍ഹരായ പലര്‍ക്കും സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് കൃത്യമായ പഠനമോ സര്‍വേയോ നടത്താത്തതിനാല്‍ പല ദളിത്, ആദിവാസി വിദ്യാര്‍ഥികളും ലിസ്റ്റില്‍ ഇടംപിടിക്കുന്നില്ല. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതായും സി എ ജി കണ്ടെത്തി.

സ്‌കോളര്‍ഷിപ്പ് പോലെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല. ഭരണഘടനാപരമായ അവകാശമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ആവിഷ്‌കരിച്ച പദ്ധതി അവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കുള്ള ഇന്ധനവുമാണ്. കൃത്യസമയത്ത് അത് ലഭിക്കാതിരുന്നാല്‍ ആ തുകയുടെ മൂല്യം മാത്രമല്ല, ഒരു തലമുറയുടെ ആത്മവിശ്വാസം കൂടിയാണ് നഷ്ടപ്പെടുന്നത്. പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയുടെ പഠനം, സാമ്പത്തിക പ്രയാസം മൂലം പാതിവഴിയില്‍ മുടങ്ങരുതെന്നാണ് സ്‌കോളര്‍ഷിപ്പ് നടപ്പാക്കിയതിലെ മുഖ്യലക്ഷ്യം. പഠനച്ചെലവുകള്‍ ദൈനംദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്. പുസ്തകങ്ങള്‍ വാങ്ങാനും ഹോസ്റ്റല്‍ ചെലവുകള്‍ക്കും സെമസ്റ്റര്‍ ഫീസുകള്‍ അടയ്ക്കാനും ഈ തുകയെ ആശ്രയിക്കുന്നവരാണ് വിദ്യാര്‍ഥികളില്‍ നല്ലൊരു വിഭാഗം. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരില്‍ പലര്‍ക്കും തുക ലഭിക്കുന്നതെന്നാണ്, സ്‌കോളര്‍ഷിപ്പ് വിതരണം അഞ്ച് വര്‍ഷം വരെ വൈകുന്നുവെന്ന സി എ ജി റിപോര്‍ട്ടിലെ പരാമര്‍ശം വ്യക്തമാക്കുന്നത്. സ്‌കോളര്‍ഷിപ്പിന്റെ അടിസ്ഥാനപരമായ ലക്ഷ്യത്തെ തന്നെ ഇത് പരാജയപ്പെടുത്തുന്നു.

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനക്കുറവ്, വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിലെ വീഴ്ച, വിവര സാങ്കേതിക സംവിധാനങ്ങളുടെ കുഴപ്പം, ബേങ്കുകളിലെ അക്കൗണ്ട് നമ്പര്‍- ഐ എഫ് എസ് സി കോഡ് എന്നിവയിലെ പിഴവുകള്‍ തുടങ്ങിയവയാണ് സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ കലതാമസത്തിന് സി എ ജി റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. ഇതിനപ്പുറം ഉദ്യോഗസ്ഥ വിഭാഗത്തിലെ ചിലരുടെ തെറ്റായ മനോഭാവത്തിനും വര്‍ഗീയ- വംശീയ ചിന്താഗതികള്‍ക്കും ഇതില്‍ പങ്കുള്ളതായി സംശയിക്കപ്പെടേണ്ടതുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമാണെന്നോ അനര്‍ഹമാണെന്നോ ഉള്ള തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരും മതന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്നവരുമാണ് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും.

അപേക്ഷകള്‍ ചുവപ്പുനാടയില്‍ കുരുങ്ങാനും മനപ്പൂര്‍വമായ കാലതാമസത്തിനും ഇതിടയാക്കുന്നു.
ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി കെ ബീരാന്‍കുട്ടി സമിതി, ഉദ്യോഗസ്ഥ തലത്തിലെ വിവേചനപരമായ നിലപാടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ നടപടി കൈക്കൊള്ളേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാവശ്യ തടസ്സങ്ങള്‍ അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നുവെന്ന് സമിതി റിപോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലും ഉദ്യോഗസ്ഥ വിഭാഗത്തിലെ ഈ അദൃശ്യവിവേചനത്തെക്കുറിച്ച് പറയുന്നുണ്ട്. ഭരണ സംവിധാനത്തിലെ ഉയര്‍ന്ന തസ്തികകളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവാണ് ഈ പ്രവണതക്ക് കാരണമെന്നാണ് പഠന റിപോര്‍ട്ടുകളിലെ വിലയിരുത്തല്‍.

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ സുതാര്യവും കാര്യക്ഷമവുമായ മാറ്റങ്ങള്‍ ഭരണസംവിധാനത്തില്‍ അനിവാര്യമാണ്. അപേക്ഷാ സമര്‍പ്പണം മുതല്‍ തുക വിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാക്കണം. അപേക്ഷയിന്മേല്‍ സ്വീകരിക്കുന്ന നടപടികളുടെ ഓരോ ഘട്ടവും എം എം എസ് വഴി വിദ്യാര്‍ഥികള്‍ക്ക് അറിയാന്‍ സംവിധാനം ഒരുക്കണം. പിന്നാക്ക വിഭാഗങ്ങള്‍ക്കു കൂടി പ്രാതിനിധ്യമുള്ള മേല്‍നോട്ട സമിതികള്‍ രൂപവത്കരിച്ച് സ്വതന്ത്ര സാമൂഹിക ഓഡിറ്റുകള്‍ നടപ്പാക്കുന്നതും അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഗ്രാമസഭകളിലടക്കം പ്രസിദ്ധീകരിക്കുന്നതും ഭരണതലത്തിലെ വീഴ്ചകള്‍ തടയാന്‍ സഹായകമാകും. സാമൂഹിക നീതിയെക്കുറിച്ചും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചും ഉദ്യോഗതലങ്ങളില്‍ ബോധവത്കരണം നടത്തേണ്ടതുമുണ്ട്. മനപ്പൂര്‍വം ഫയലുകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും, ഇതിനായി പ്രത്യേക വിജിലന്‍സ് വിംഗ് രൂപവത്കരണവും പരിഗണിക്കാവുന്നതാണ്.

സാമൂഹിക അസമത്വം കുറയ്ക്കാനായി ആവിഷ്‌കരിച്ച പദ്ധതികള്‍ അസമത്വം വര്‍ധിപ്പിക്കാനിടയാക്കുന്നത് ഗൗരവതരമായ സാമൂഹിക പ്രശ്‌നമാണ്. ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കും. സി എ ജി റിപോര്‍ട്ട് അവഗണിക്കപ്പെട്ട രേഖയായി മാറാതെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഭരണമേഖലയില്‍ നയപരമായ തിരുത്തലുകള്‍ക്കും കൃത്യമായ നടപടികള്‍ക്കും വഴിയൊരുക്കാന്‍ സഹായകമാകേണ്ടതാണ്. പിന്നാക്കക്കാരായ പൗരന്മാരുടെ സംരക്ഷണവും അവരുടെ ഉന്നതിക്കായുള്ള നടപടികളും ജനാധിപത്യ സര്‍ക്കാറിന്റെ മുഖ്യബാധ്യതയാണ്. ഈ ലക്ഷ്യത്തില്‍ നിര്‍ണായകമാണ് വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണം. അതിലേക്കുള്ള ചവിട്ടുപടിയാണ് സ്‌കോളര്‍ഷിപ്പ് വിതരണമെന്ന വസ്തുത ബന്ധപ്പെട്ടവര്‍ മറക്കരുത്.

Latest