Kerala
ദീപകിന്റെ മരണം; ഷിംജിതയുടെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക
കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കേസില്‍ അറസ്റ്റിലായ ഷിംജിത റിമാന്‍ഡിലാണ്.
സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം. അതേസമയം ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന ഷിംജിത ഇക്കാര്യം കോടതിയിലും വാദമായി ഉന്നയിക്കും
ഷിംജിതയ്ക്ക് നേരെ ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് കഴിഞ്ഞ ദിവസം സഹോദരന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ പ്രതി നിലവില്‍ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.


