National
വധഭീഷണി; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
അജ്ഞാതരില്‍ നിന്ന് ഷാരൂഖ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം.
മുംബൈ| നിരന്തരമായുള്ള വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് ഷാരൂഖ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം.
ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ താരത്തിനൊപ്പമുണ്ടാകും. ബോളിവുഡില്‍ നിന്ന് ഷാരൂഖിനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്സ് സുരക്ഷയാണുള്ളത്.







