Connect with us

Kerala

പാഠ്യപദ്ധതി പരിഷ്‌കരണം; തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ പരാമര്‍ശം ഒരു ലീഗ് നേതാവില്‍ നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ പരാമര്‍ശം ഒരു ലീഗ് നേതാവില്‍ നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. ജനകീയ ചര്‍ച്ചക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ പ്രസ്താവന വിവാദമാതോടെയാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.

ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല.  പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള പിന്നോട്ടുപോക്കും നടത്തിയിട്ടില്ല. മറിച്ച് സുതാര്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.മിക്‌സഡ് സ്‌കൂള്‍ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്‌കൂളും അധ്യാപക – രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു