Connect with us

aathmeeyam

സാംസ്കാരിക സമന്വയം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും മഹിതമായ സന്ദേശങ്ങൾ കൈമാറുന്ന ബലിപെരുന്നാൾ സുദിനത്തെ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിനും സാംസ്കാരിക സമന്വയത്തിന്റെ കരുതലിനും വിനിയോഗിക്കാം.

Published

|

Last Updated

ത്യാഗത്തിന്റെ ഉജ്ജ്വല സ്മരണകളും സമർപ്പണത്തിന്റെ ഉൾക്കരുത്തും പരിശുദ്ധിയുടെ പരിമളവും വിതറുന്ന, വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നവോന്മേശം പകരുന്ന പരിശുദ്ധ ഹജ്ജ് കർമത്തിനുവേണ്ടി വിശ്വാസി ലക്ഷങ്ങൾ അതുല്യമായ അനേകം മഹത്വങ്ങളും അദ്വിതീയമായ നിരവധി ശ്രേഷ്ഠതകളും പൂത്തുലഞ്ഞുനിൽക്കുന്ന പുണ്യമക്കയിൽ സംഗമിച്ചിരിക്കുകയാണ്.

ഇസ്‌ലാമിലെ അതിശ്രേഷ്ഠവും മാനവികതയുടെ മഹിത സന്ദേശങ്ങൾ വിളിച്ചോതുന്നതും സാംസ്കാരിക സമന്വയത്തിന്റെ മൂർത്തീഭാവം സാധ്യമാകുന്നതുമായ ആരാധനാ കർമമാണ് ഹജ്ജ്. ധനികനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വേർതിരിവില്ലാതെ വിവിധ ദേശക്കാരും ഭാഷക്കാരുമായ ശതകോടി ജനങ്ങൾ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും വർഷാവർഷങ്ങളിൽ മക്കയുടെ മലർവാടിയിലേക്ക് ഒഴുകിയെത്തുകയും ഒരേ മുദ്രാവാക്യത്തിലും ഒരേ ഭാവത്തിലും ഒരേ വേഷത്തിലുമായി പരിശുദ്ധ ഹജ്ജ് കര്‍മം നിർവഹിക്കുകയും ചെയ്യുന്നു. മനുഷ്യപിതാവ് ആദം നബി(അ) മുതൽ ആരംഭിച്ച മക്കയെ ലക്ഷ്യമാക്കിയുള്ള യാത്ര അന്ത്യനാൾ വരെ അനവരതം തുടരുക തന്നെ ചെയ്യുമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. “ഹജ്ജിന് ജനങ്ങളോട് വിളംബരം ചെയ്യുക. എന്നാൽ കാൽനടയായും ദൂരദിക്കുകളിൽ നിന്ന് വരുന്ന മെലിഞ്ഞ വാഹനപ്പുറത്ത് കയറിയും അവർ താങ്കളുടെ അടുത്ത് എത്തുന്നതാണ്’ (സൂറതുൽ ഹജ്ജ്: 27).

മാനവികതയുടെ ഉത്ഭവം മുതല്‍ നാഗരികതകളുടെയും മനുഷ്യ വികാസങ്ങളുടെയും സര്‍വഘട്ടങ്ങള്‍ക്കും സാക്ഷിയാകാൻ വിശുദ്ധ ഹറം ശരീഫിലെ പുണ്യഭൂമികക്ക് സാധിച്ചിട്ടുണ്ട്. മാനവിക ഐക്യത്തിന്റെ സുന്ദരമായ അനേകം അത്യപൂർവ കാഴ്ചകൾ ഓരോ വർഷത്തെ ഹജ്ജ് കർമങ്ങളും സമ്മാനിക്കുന്നു. അറഫാ മൈതാനിയിൽ സംഗമിക്കുന്ന മനുഷ്യ സാഗരം ജാതീയ ദ്രുവീകരണത്തിനും വംശീയ ദുരഭിമാനത്തിനുമെതിരായ ആത്മീയ കവചമാണ് തീർക്കുന്നത്.

വിശുദ്ധ ഹജ്ജിലെ ഓരോ കർമങ്ങളിലൂടെയും അനേകം നേട്ടങ്ങളാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ ഒരിടത്ത് കേന്ദ്രീകരിക്കാതെ ചില പ്രത്യേക സ്ഥലങ്ങളിൽ സഞ്ചരിച്ച് കൊണ്ടുള്ള ആരാധനാ രീതിയാണ് ഹജ്ജിലുള്ളത്. ഹജ്ജിലൂടെ സാധ്യമാകുന്ന മഹത്തായ നേട്ടങ്ങളിലൊന്നാണ് ജനങ്ങള്‍ പരസ്പരം പരിചയപ്പെടലും അതുമൂലമുണ്ടാകുന്ന സാംസ്‌കാരിക കൈമാറ്റവും. വ്യത്യസ്തമായ ഭാഷകള്‍, വ്യതിരിക്തമായ ശീലങ്ങള്‍, വിഭിന്നമായ സംസ്‌കാരങ്ങള്‍, വേറിട്ട ഭക്ഷണ രീതികള്‍, വൈജാത്യങ്ങളുള്ള സ്വഭാവങ്ങൾ, വൈവിധ്യങ്ങളുള്ള ആകാരങ്ങൾ… എന്നിങ്ങനെ അനേകം സവിശേഷതകളുള്ളവർ ഒരേ മനസ്സും ഒരേ മന്ത്രവുമായി മക്കാ മരുഭൂമിയില്‍ ഒരുമിക്കുമ്പോൾ ദേശം, ഭാഷ, നിറം, സമ്പത്ത്, കുടുംബ മഹിമ എന്നിവയിലെ വൈവിധ്യങ്ങളെല്ലാം വിസ്മരിച്ച് നിഷ്‌കളങ്കമായ സ്‌നേഹവും നിർലോഭമായ സഹകരണവുമാണ് കൈമാറുന്നത്. ആര്‍ക്കും ആരോടും പകയോ വിദ്വേഷമോ വെറുപ്പോ ഇല്ലാത്ത ഒരിടം ഭൂമിയിലുണ്ടെങ്കിൽ അത് മക്കയും മദീനയും മാത്രമാണെന്നതാണ് യാഥാർഥ്യം. വിശ്വാസികൾ പരസ്പരം കലഹിക്കരുതെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം ഹജ്ജ് കര്‍മങ്ങൾക്കിടയില്‍ മറ്റൊരാളോട് തര്‍ക്കിക്കുന്നതും അപരനെ നോവിക്കുന്നതും മഹാപാതകമായാണ് കാണുന്നത്. തർക്കമോ അനാവശ്യ സംസാരമോ ഹജ്ജിൽ പാടില്ലെന്ന് ഖുർആൻ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. (അൽബഖറ: 197)

സമാധാനപൂര്‍ണമായ ജീവിതാനുഭവമാണ് ഹജ്ജ് സമ്മാനിക്കുന്നത്. ത്യാഗവും സഹനവും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന മക്കയുടെയും മദീനയുടെയും വികാരവായ്പുകളെയാണ് ഒരോ ഹാജിയും ആവാഹിച്ചെടുക്കുന്നത്. ചരിത്രത്തെ വായിക്കുകയല്ല, അതിന്റെ വികാരങ്ങളെ അക്ഷരാർഥത്തിൽ അനുഭവിക്കുകയാണ് ചെയ്യുന്നത്. ആകയാൽ ഹജ്ജ് ഒരു ഇബാദത്ത് എന്നതിലുപരി അതിരുകള്‍ ഭേദിക്കുന്ന മഹത്തായ അനുഭവങ്ങളുടെ പങ്ക് വെക്കലും സാംസ്കാരിക കൈമാറ്റങ്ങളും ഹജ്ജിൽ നടക്കുന്നു. മനസ്സും ശരീരവും പൂര്‍ണമായി ലയിച്ചുചേരുന്ന അവാച്യമായ അനുഭൂതിയും നിർവൃതിയുമാണത്. ത്യാഗോജ്ജ്വലമായ ഓർമകളെ അയവിറക്കിയും പ്രാവർത്തികമാക്കിയും ഹാജിമാര്‍ ലോകത്തിന്റെ മുക്കുമൂലകളിലേക്ക് തിരിച്ചെത്തുമ്പോള്‍ അനേകായിരം കുടുംബങ്ങളിലും ഗ്രാമങ്ങളിലും സമൂഹങ്ങളിലും ഉദാത്തമായ നന്മകളും അതുല്യമായ മാതൃകകളുമാണ് പ്രസരിപ്പിക്കുന്നത്. ലോക സമാധാനത്തിനും മാനവ ഐക്യത്തിനും സാഹോദര്യത്തിനും തുല്യതയില്ലാത്ത മാതൃകകൾ തീര്‍ത്ത വിശ്വപ്രവാചകന്റെ ജീവിത സന്ദേശങ്ങള്‍ സാർവകാലികവും നിത്യപ്രസക്തവുമാണെന്ന അതുല്യമായ പ്രഖ്യാപനമാണ് ആണ്ടിലൊരിക്കല്‍ നടക്കുന്ന വിശ്വാസികളുടെ അന്തർദേശീയ ഒത്ത് ചേരൽ ലോകത്തിന് കൈമാറുന്ന സന്ദേശം.

മനുഷ്യർക്കിടയിൽ സ്‌നേഹവും ബഹുമാനവും ആദരവും വേണമെന്നും ഭൂമിയിലുള്ള സകല ജീവജാലങ്ങളോടും കാരുണ്യത്തിൽ വർത്തിക്കണമെന്നും തിരുനബി(സ)യുടെ വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. അന്യന്റെ ചോരയും അഭിമാനവും സംരക്ഷിക്കലും ഒന്നിനെയും വേദനിപ്പിക്കാതിരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഹജ്ജിലുടനീളം ഇടതടവില്ലാതെ ഹാജിമാർ ഉരുവിടുന്ന തല്‍ബിയത് ഒരു ജീവിത സംസ്‌കാരമാണ്. ഐക്യത്തെയും ഏകദൈവത്വത്തെയുമാണ് അത് കുറിക്കുന്നത്. ഇബ്‌റാഹീം(അ)ന്റെ ജീവിതവും യാത്രയും കരാര്‍പാലനവുമാണ് തല്‍ബിയതിന്റെ ആശയം. അല്ലാഹുവിന്റെ കൽപ്പന ശിരസ്സാവഹിച്ച് സ്വകുടുംബത്തെ വിജനമായ മക്കാ മണലാരണ്യത്തിൽ തനിച്ചാക്കിയതും ഇതേ തല്‍ബിയതിന്റെ തന്നെ പൂര്‍ത്തീകരണമായിരുന്നു.
ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകൾ അയവിറക്കിയും ലോക മുസ്്്ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. മുസ്‌ലിംകളുടെ ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങൾക്കും തനതായ സ്വഭാവവും സംസ്‌കാരവുമുണ്ട്. ആഘോഷ വേളയിൽ മതത്തിന്റെ ആണിക്കല്ല് ഇളകാതെയുള്ള ആനന്ദത്തെയും ആഹ്ലാദത്തെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉള്ളവനും ഇല്ലാത്തവനും ആഘോഷ ദിനങ്ങളിൽ സന്തോഷിക്കണമെന്നത് മതത്തിന്റെ ശാസനയാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും മഹിതമായ സന്ദേശങ്ങൾ കൈമാറുന്ന ബലിപെരുന്നാൾ സുദിനത്തെ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിനും സാംസ്കാരിക സമന്വയത്തിന്റെ കരുതലിനും വിനിയോഗിക്കാം.