Connect with us

Kerala

കോടതി നടപടികള്‍ പൂര്‍ത്തിയായി; റിയാസ് മൗലവി വധക്കേസ് 16ലേക്ക് മാറ്റി

ഇനി കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കല്‍ മാത്രമാണ് ബാക്കിയുള്ളത്.

Published

|

Last Updated

കാസര്‍കോട് | പഴയ ചൂരിയിലെ മദ്റസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ തുടര്‍ന്നുവന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി.

കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം അന്തിമവാദവും സാക്ഷിമൊഴികള്‍ സംബന്ധിച്ച പ്രോസിക്യൂഷന്റെ വിലയിരുത്തലുകളും പ്രതിഭാഗം അഭിഭാഷകരുടെ വിശകലനങ്ങളും പൂര്‍ത്തിയായി. ഇനി കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കല്‍ മാത്രമാണ് ബാക്കിയുള്ളത്. കേസ് ഈ മാസം 16ലേക്ക് കോടതി മാറ്റിവെച്ചു. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ കേസിന്റെ വിധി പറയുന്ന തീയതി അന്ന് പ്രഖ്യാപിച്ചേക്കും.

2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് (അപ്പു), രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിന്‍, മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് (അഖില്‍) എന്നിവരാണ് വിചാരണ നേരിട്ടത്.

അറസ്റ്റിലായത് മുതല്‍ ജാമ്യം ലഭിക്കാതെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണുള്ളത്. വധക്കേസിന്റെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും കൊവിഡും കോടതി അടച്ചിടേണ്ടിവന്നതും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചതും പ്രോസിക്യൂട്ടര്‍ മരിച്ചതുമെല്ലാം തുടര്‍ നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി.

വിചാരണ തന്നെ പലപ്പോഴായി നീണ്ടുപോയിരുന്നു. സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ഏറ്റവുമൊടുവില്‍ ചുമതലയേറ്റ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്തിമ നടപടികള്‍ പൂര്‍ത്തീകരിച്ചത്

 

---- facebook comment plugin here -----