Editorial
കോപ് 30; ലോകം ഉറ്റുനോക്കുന്നത്
300 ബില്യണ്‍ ഡോളറിന്റെ കാര്‍ബണ്‍ ഫണ്ട് രൂപവത്കരിക്കുന്നതില്‍ ബാകു ഉച്ചകോടി ധാരണയിലെത്തിയിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനുള്ള അര്‍ഥവത്തായ തീരുമാനങ്ങള്‍ കോപ് 30ല്‍ നിന്ന് ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
യു എന്നിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് വാര്‍ഷിക കാലാവസ്ഥാ വ്യതിയാന സമ്മേളനം (കോപ് 30) ബ്രസീലിലെ ബെലെമില്‍ പകുതി ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. പത്തിന് തുടങ്ങിയ സമ്മേളനം 21ന് സമാപിക്കുമെന്നതാണ് ഇപ്പോഴത്തെ സമയക്രമം. കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനിലെ ബാകുവില്‍ ചേര്‍ന്ന കോപ് 29, നിശ്ചയിച്ച സമയം കഴിഞ്ഞും തുടര്‍ന്നിരുന്നു. കാര്‍ബണ്‍ ഫണ്ടിംഗിനെച്ചൊല്ലിയുള്ള സംവാദം എങ്ങുമെത്താതെ തുടര്‍ന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് അവസാനിക്കേണ്ട ബാകു സമ്മേളനം 23 രാത്രി വരെ നീണ്ടത്.
കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു ഗവേഷണ പ്രബന്ധ വിഷയമോ പാരിസ്ഥിതിക ഉത്കണ്ഠയുള്ള ഏതാനും പേരുടെ ചര്‍ച്ചയോ അല്ല. ഓരോരുത്തരുടെയും തൊഴിലും ജീവിതവും സാമ്പത്തിക സ്രോതസ്സുകളും സുരക്ഷയും എല്ലാം നിര്‍ണയിക്കുന്ന യാഥാര്‍ഥ്യമാണിന്ന് കാലാവസ്ഥയിലെ മാറ്റം. കേരളത്തില്‍ തകിടം മറിയുന്ന മഴക്കാലം, ഉരുള്‍പൊട്ടലുകള്‍, പേമാരി, വേനല്‍ക്കാലത്തെ അത്യുഷ്ണം എല്ലാം ചെന്ന് തൊടുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളിലാണ്. കാര്‍ബണ്‍ ബഹിര്‍ഗമനവും പാരിസ്ഥിതിക നാശവും പഴയതു പോലെ വികസനത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. സുസ്ഥിര വികസനമെന്ന ആശയത്തിന് ഏറെ പ്രസക്തിയും സ്വീകാര്യതയും കൈവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലും വികസിത, വികസ്വര രാജ്യങ്ങള്‍ ഉത്തരവാദിത്വത്തിന്റെ കാര്യത്തില്‍ തമ്മില്‍ തല്ലുന്ന കാലാവസ്ഥാ ഉച്ചകോടികള്‍ ആവര്‍ത്തിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ബ്രസീലില്‍ പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങള്‍ ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നയതന്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും ഉള്‍പ്പെടെ, 190ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 50,000 പേര്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളും തീവ്ര കാലാവസ്ഥയുടെ ഇടവേള കുറയുന്നതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നു. ലോവര്‍ ആമസോണ്‍ മേഖലയിലേക്കുള്ള ഗേറ്റ്‌വേയെന്നാണ് തുറമുഖ നഗരമായ ബെലെം അറിയപ്പെടുന്നത്. ഉച്ചകോടി ബഹിഷ്‌കരിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു വിലയുമില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതില്‍ വികസിത രാജ്യങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ട് തന്നെ കാലാവസ്ഥാ ഉച്ചകോടി പാഴ്‌ച്ചെലവും പരിസ്ഥിതി തീവ്രവാദികളുടെ സംഗമവുമാണ് അദ്ദേഹത്തിന്. കോപ് 30ല്‍ സഹകരിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് പല രാജ്യങ്ങളുടെയും പ്രതിനിധികള്‍ക്ക് ഭീഷണി ലഭിച്ചതായി വിവരമുണ്ട്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം തള്ളി നിരവധി അമേരിക്കന്‍ വിദഗ്ധര്‍ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ധനസഹായം നല്‍കണമെന്ന നിലപാടാണ് ചൈനക്ക്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് വികസിത രാജ്യങ്ങള്‍ പണം നല്‍കണമെന്നും അവികസിത, വികസ്വര രാജ്യങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ഇത്തവണയും ആവശ്യപ്പെടുന്നു.
ഹരിത ഇന്ധന പരിവര്‍ത്തനം, ആഗോള താപനം, മുന്‍കാല സമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി 145 സെഷനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ നയതന്ത്ര വിദഗ്ധന്‍ ആന്‍ഡ്രെ കൊറിയ ഡോ ലാഗോയാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ അധ്യക്ഷന്‍. കോപ് എന്നത് കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടീസ് ടു കണ്‍വെന്‍ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. 1992ല്‍ അംഗീകരിച്ച യു എന്‍ ഫ്രയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ഉടമ്പടിയാണ് ഈ കൂട്ടായ്മയുടെ അടിസ്ഥാനം. “പൊതുവായതും എന്നാല്‍ വ്യത്യസ്തമായതുമായ ഉത്തരവാദിത്വം’ എന്ന തത്ത്വമാണ് ഉടമ്പടിയുടെ കാതല്‍. അതായത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതില്‍ മുന്‍പന്തിയിലുള്ള സമ്പന്ന രാജ്യങ്ങള്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം കൂടുതലായി വഹിക്കണം. വികസ്വര രാജ്യങ്ങളും ആനുപാതികമായ പങ്കുവഹിക്കണം.
ഫ്രയിംവര്‍ക്ക് 1994ല്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ആഗോള താപനത്തിന്റെ ഏറ്റവും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ 2100ഓടെ ആഗോള താപനില വര്‍ധനവ് വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ളതിനേക്കാള്‍ ഏകദേശം 1.5 ഡിഗ്രി സെല്‍ഷ്യസ് (2.7 ഡിഗ്രി ഫാറന്‍ഹീറ്റ്) മുകളിലായി പരിമിതപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത 2015ലെ പാരീസ് കാലാവസ്ഥാ കരാര്‍ പോലുള്ള അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനമായി ഈ ഉടമ്പടി മാറിയിട്ടുണ്ട്.
ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഓരോ രാജ്യവും അവരുടെ ലക്ഷ്യവും പ്രതിജ്ഞാബദ്ധതയും പ്രഖ്യാപിക്കണമെന്നാണ് ബ്രസീല്‍ സമ്മേളനത്തിലെ സുപ്രധാന അജന്‍ഡ. 10 വര്‍ഷം മുമ്പ് ഒപ്പുവെച്ച പാരീസ് ഉടമ്പടിയിലെ ആഗോള താപനില സംബന്ധിച്ച ലക്ഷ്യം നേടുന്നതില്‍ ഇപ്പോഴും ശക്തമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടില്ല. ആഗോള താപനില ഉയരുക തന്നെയാണ്. ഇക്കാര്യവും കോപ് 30 വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ബാകുവിലെ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുമ്പോള്‍ ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്കുണ്ടാകുന്ന വ്യാവസായിക നഷ്ടത്തിന് പരിഹാരമായി വികസിത രാജ്യങ്ങളുടെ മുന്‍കൈയില്‍ കാര്‍ബണ്‍ ഫണ്ട് രൂപവത്കരിക്കണമെന്നതിലായിരുന്നു. ഇതാദ്യമായി ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ബാകുവില്‍ സാധിച്ചു. 1.3 ട്രില്യണ്‍ ഡോളറിന്റെ ഫണ്ട് വേണമെന്ന വികസ്വര ചേരിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും 300 ബില്യണ്‍ എന്നതില്‍ ഉച്ചകോടി ധാരണയിലെത്തി. ഈ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനുള്ള അര്‍ഥവത്തായ തീരുമാനങ്ങള്‍ കോപ് 30ല്‍ നിന്ന് ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. ഒപ്പം ബ്രസീലിലെ തദ്ദേശീയ വിഭാഗങ്ങള്‍ ആമസോണ്‍ കേന്ദ്രീകരിച്ച് ഉയര്‍ത്തുന്ന ആശങ്കകളും അഭിമുഖീകരിക്കണം. ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള വര്‍ധിച്ച ഉത്തരവാദിത്വം വികസിത, വ്യാവസായിക രാജ്യങ്ങള്‍ ഏറ്റെടുത്തേ തീരൂ. ഇക്കാര്യങ്ങളിലെല്ലാം വരും ദിവസങ്ങളിലെ ചര്‍ച്ചകളില്‍ ധാരണയിലെത്തുമെന്ന് പ്രത്യാശിക്കാം.



