National
വിവാദ പ്രസ്താവന: നിഷികാന്ത് ദുബെക്ക് എതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ
സുപ്രീം കോടതി എന്ന സ്ഥാപനത്തിനെതിരെയും, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്കെതിരെയുമുള്ള ഈ ആക്രമണം അംഗീകരിക്കാനാവില്ല. നിയമപ്രകാരം കൈകാര്യം ചെയ്യണം- അഭിഭാഷകർ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി | സുപ്രീം കോടതിക്കെതിരെ ബി ജെ പി നേതാവ് നിഷികാന്ത് ദുബെ നടത്തിയ പരാമർശങ്ങൾ അപകീർത്തികരവും കോടതി അലക്ഷ്യത്തിന് തുല്യവുമാണെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ. സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും അന്തസ്സ് സംരക്ഷിക്കാൻ അറ്റോർണി ജനറൽ ബി ജെ പി. എം പിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് സമ്മതിക്കുമെന്ന് അസോസിയേഷൻ പ്രത്യാശ പ്രകടിപ്പിച്ചു.
സുപ്രീം കോടതി എന്ന സ്ഥാപനത്തിനെതിരെയും, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്കെതിരെയുമുള്ള ഈ ആക്രമണം അംഗീകരിക്കാനാവില്ല. നിയമപ്രകാരം കൈകാര്യം ചെയ്യണം- അഭിഭാഷകർ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കോടതി നിയമങ്ങൾ നിർമ്മിക്കുകയാണെങ്കിൽ പാർലമെന്റും സംസ്ഥാന നിയമസഭകളും അടച്ചുപൂട്ടണമെന്നത് ഉൾപ്പെടെ സുപ്രീം കോടതിക്ക് എതിരെ ശക്തമായ പരാമർശങ്ങളാണ് ദുബെ ഞായറാഴ്ച നടത്തിയത്. രാജ്യത്ത് “ആഭ്യന്തര യുദ്ധങ്ങൾക്ക്” കാരണക്കാരനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദ്ദേഹം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
“ഈ രാജ്യത്തിൻ്റെ നിയമം നിർമ്മിക്കുന്നത് പാർലമെൻ്റാണ്. പാർലമെൻ്റിനോട് നിങ്ങൾ ആജ്ഞാപിക്കുമോ?… നിങ്ങൾ എങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കി? രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഏത് നിയമത്തിലാണ് എഴുതിയിരിക്കുന്നത്? ഇതിനർത്ഥം നിങ്ങൾ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ്. പാർലമെൻ്റ് സമ്മേളിക്കുമ്പോൾ ഇതിനെക്കുറിച്ച് വിശദമായ ചർച്ച ഉണ്ടാകും…” – ഇതായിരുന്നു ദുബെയുടെ വിവാദ പരാമർശങ്ങൾ.
നിഷികാന്ത് ദുബെയുടെ പ്രസ്താവനയെ ബിജെപി തള്ളിയിരുന്നു. എം.പിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും ജുഡീഷ്യറിയെയും രാജ്യത്തെ ചീഫ് ജസ്റ്റിസിനെയും കുറിച്ച് നടത്തിയ പ്രസ്താവനകളുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും ഇവ അവരുടെ വ്യക്തിപരമായ പ്രസ്താവനകളാണെന്നും ബിജെപി അധ്യക്ഷൻ ജെപി. നദ്ദ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.