From the print
കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിപ്പോര് : ഇടപെട്ട് ഹൈക്കമാന്‍ഡ്; ദീപാദാസ് മുന്‍ഷി സതീശനെ വിളിച്ച് അതൃപ്തി അറിയിച്ചു
ജയസാധ്യതയുള്ള നേതാക്കളുമായി സമ്പര്‍ക്കം ഊര്‍ജിതമാക്കി "മുഖ്യമന്ത്രിമാര്‍'
കൊച്ചി | സാങ്കൽപ്പിക മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പോര് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലാപത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കളുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ജാഗ്രത കാണിക്കണമെന്നാണ് ദീപാ ദാസ് മുന്‍ഷി നേതാക്കളോട് അഭ്യര്‍ഥിച്ചത്.
വി ഡി സതീശന് വേണ്ടിയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ മലപ്പുറത്തിനും കണ്ണൂരിനും പിന്നാലെ എറണാകുളത്തും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നം തെരുവിലേക്ക് നീങ്ങുന്നതിലെ അപകടം മണത്ത് ഹൈക്കമാന്‍ഡ് ഇടപെട്ടത്.
ആലുവയില്‍ ഉയര്‍ന്നത് ഒരു കെട്ടിടത്തോളം വലുപ്പമുള്ള പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡാണ്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ദീപാ ദാസ് മുന്‍ഷി സതീശനെ വിളിച്ച് അതൃപ്തി അറിയിച്ചിരിക്കുന്നത്. യു ഡി എഫ് ജയിക്കുകയും സതീശന് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്താല്‍ അണികള്‍ തെരുവിലിറങ്ങുമെന്ന ശക്തമായ സൂചന ദിവസങ്ങളായി അന്തരീക്ഷത്തിലുണ്ട്. വി എസ് അച്യുതാനന്ദനെ തഴഞ്ഞതിനെ തുടര്‍ന്ന് ജനം തെരുവിലിറങ്ങി നേതൃത്വത്തെ തിരുത്തിച്ചതിന് സമാനമായ നീക്കങ്ങള്‍ കോണ്‍ഗ്രസ്സിലുണ്ടായേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷമാണ് മാനദണ്ഡമാക്കേണ്ടതെന്നും എം എൽ എമാരുടെ താത്പര്യത്തിന് വിരുദ്ധമായ തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്നുണ്ടാകരുതെന്നുമാണ് കോണ്‍ഗ്രസ്സില്‍ ഉരുത്തിരിഞ്ഞിട്ടുള്ള പൊതു അഭിപ്രായം. അതുകൊണ്ടുതന്നെ ജയിക്കാന്‍ സാധ്യതയുള്ള എം എൽ എമാരുമായി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരും അവരുടെ വിശ്വസ്തരും നിരന്തര സമ്പര്‍ക്കത്തിലാണ്.
സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ തന്നെ മൂന്ന് നേതാക്കളും തങ്ങളുടെ വിശ്വസ്തര്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പിക്കുന്നതിന് കടുത്ത വിലപേശല്‍ നടത്തിയിരുന്നു. ഇതില്‍ വലിയ നേട്ടമുണ്ടാക്കിയത് കെ സി വേണുഗോപാലാണ്. വി ഡി സതീശന് തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുഹമ്മദ് ഷിയാസിന് പോലും വിജയം ഉറപ്പുള്ള സീറ്റ് നല്‍കാന്‍ സാധിച്ചിരുന്നില്ല.
പകരം കെ സി വേണുഗോപാലിന്റെ വിശ്വസ്തയായ ദീപ്തി മേരി വര്‍ഗീസിനെ പോലുള്ളവരെ വെട്ടിമാറ്റാന്‍ വി ഡി സതീശന് സാധിക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണം ആരംഭിച്ചതോടെ ഇലക‌്ഷന്‍ ഫണ്ടിറക്കിയ ഘട്ടത്തില്‍ കെ സി വേണുഗോപാലിന് സ്ഥാനാര്‍ഥികൾക്കുമേല്‍ കൂടുതല്‍ സ്വാധീനം ലഭിച്ചു. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മന്ത്രിസഭയില്‍ മുന്തിയ പരിഗണന ലഭിക്കുമെന്ന് കരുതപ്പെടുന്ന ചിലരുണ്ട്. വി ഡി സതീശനും രമേശ് ചെന്നിത്തലക്കുമൊപ്പവും പലരും നില്‍ക്കുന്നത് മന്ത്രി സ്ഥാന മോഹവുമായാണ്.
സ്ഥാനലബ്ധിക്കുള്ള സാധ്യത നോക്കി ഇവരില്‍ പലരും കളംമാറ്റിച്ചവിട്ടാന്‍ ഒട്ടും മടിക്കില്ലെന്ന് മാറിനിന്ന് കളികാണുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി കൊണ്ടുവരണമെങ്കില്‍ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം മാത്രം പോരാതെ വരുമെന്ന് വേണുഗോപാലിന് ബോധ്യമുണ്ട്.
മുഖ്യമന്ത്രി തര്‍ക്കം കേരളത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ വഷളായാല്‍ സ്വാഭാവികമായും പന്ത് ഹൈക്കമാന്‍ഡിന്റെ കൈയിലെത്തും. കെ സി വേണുഗോപാല്‍ ആഗ്രഹിക്കുന്നതും അതാണ്. എന്നാല്‍ ഇതിനുള്ള മറുതന്ത്രം എതിര്‍ ക്യാമ്പുകളില്‍ ആവിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞു. തെരുവില്‍ പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് ഇതിന്റെ സൂചന.



